Thursday
19 Jul 2018

ബഹുസ്വരതയെ തകര്‍ത്ത് സങ്കുചിതത്വം വളര്‍ത്തുന്നു

By: Web Desk | Friday 11 August 2017 10:44 AM IST

 

ഹരിഹര്‍ സ്വരൂപ്

ഫാസിസത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന് അത് ഭൂതകാലത്തെ ഭയപ്പെടുന്നുവെന്നതാണ്. അതുകൊണ്ടാണ് ചരിത്രത്തെ വളച്ചൊടിക്കുകയും വക്രീകരിക്കുകയും ചെയ്യുകയെന്നത് അവര്‍ പ്രാഥമിക കൃത്യങ്ങളിലൊന്നായി കരുതുന്നു. അതാണ് ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയ പ്രശസ്തരായ നേതാക്കളുടെ പേരുകള്‍ ചരിത്രപുസ്തകങ്ങളില്‍ നിന്ന് തിരുത്തിയാല്‍ അവരെ കുറിച്ചുളള്ള ഓര്‍മകള്‍ പൊതുജനങ്ങളുടെ മനസില്‍ നിന്ന് മായ്ചു കളയാമെന്നാണ് ബിജെപിയും അവരുടെ പ്രത്യയശാസ്ത്ര വിദഗ്ദ്ധരും കരുതുന്നത്. അത് ഖേദകരമാണ്.
ഉത്തര്‍പ്രദേശില്‍ 15 ലക്ഷം സ്‌കൂള്‍ കുട്ടികളുടെ പൊതുജന അവബോധം വിലയിരുത്തുന്നതിന് ഉദ്ദേശിച്ചുകൊണ്ട് അടിസ്ഥാന പാഠമായി ബിജെപി തയ്യാറാക്കിയ ഒരു ക്വിസ് ബുക്ക് ഇന്ത്യയുടെ മഹനീയ വ്യക്തിത്വങ്ങളുടെ പട്ടികയില്‍ നിന്നും മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയിരിക്കുന്നു. ഇന്ത്യയില്‍ ആദ്യത്തേത് എന്നു പേരുള്ള ഒരു അധ്യായത്തില്‍ രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി നെഹ്രു ഒഴികെയുള്ള എല്ലാ കാര്യങ്ങളെയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
പൂര്‍ണമായ കാവിവല്‍ക്കരണത്തിന്റെ ഭാഗമായി ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 20 മുതല്‍ സംസ്ഥാന വ്യാപകമായി വിദ്യാര്‍ഥികള്‍ക്കുവേണ്ടി പൊതു വിജ്ഞാനത്തെ ആസ്പദമാക്കി നടത്തുന്ന ചോദ്യോത്തര മത്സരത്തിന് ആസ്പദമായി ഉപയോഗിക്കുന്നത് മേല്‍പറഞ്ഞ പുസ്തകമാണ്. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ ചന്ദ്രനിലേയ്ക്ക് പോകുകയും തിരികെ വരികയും ചെയ്യുന്നുവെന്ന് പുസ്തകത്തില്‍ അവകാശപ്പെടുന്നുണ്ട്. പൂര്‍ണമായും വലതുപക്ഷ സൈദ്ധാന്തികനായ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള പുസ്തകത്തില്‍ നെഹ്‌റുവിന് ഒരു സ്ഥാനവുമില്ല. മഹാത്മാഗാന്ധിയെ മൂന്നോ നാലോ തവണ കേവലമായി പരാമര്‍ശിക്കുന്നുവെങ്കിലും സ്വാതന്ത്ര്യസമരവുമായി അദ്ദേഹത്തിനുള്ള ബന്ധം പറയുന്നേയില്ല. സര്‍ദാര്‍ പട്ടേലിന്റെ ബര്‍ദോളി സത്യാഗ്രഹം പോലും പരാമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. ഗാന്ധിയും നെഹ്‌റുവും പുറത്താക്കപ്പെട്ടപ്പോള്‍ മഹാന്മാരായ വ്യക്തികളുടെ പട്ടികയില്‍ വി ഡി സവര്‍ക്കര്‍, ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാര്‍, ജനസംഘം നേതാവും അവരുടെ സൈദ്ധാന്തികനുമായ നാനാജി ദേശ്മുഖ് എന്നിവരുടെ പേരുകള്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തു. അധികാരത്തിലെത്തിയതു മുതല്‍ തങ്ങളുടേതാക്കി മാറ്റാന്‍ ബിജെപി നടത്തുന്ന ശ്രമത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ചരിത്രത്തിന്റെ ഭാഗമായ സര്‍ദാര്‍ പട്ടേലിനെയും അംബേദ്കറെയും ഉപയോഗിക്കുകയാന്നുണ്ട്. അതുപോലെ ആദിവാസി നേതാവ് ബിര്‍സ മുണ്ഡ, സിഖ് ഗുരു ഗോവിന്ദ് സിങ്, മദന്‍ മോഹന്‍ മാളവ്യ എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അംബേദ്കറുടെ ജീവചരിത്രത്തില്‍ അദ്ദേഹത്തിന്റെ ദളിത് വിമോചന പ്രവര്‍ത്തനങ്ങളെയും ബുദ്ധമതം സ്വീകരിച്ചതിനെയും ബ്രാഹ്മണ്യത്തെ ശക്തമായി എതിര്‍ത്തതിനെയും ബോധപൂര്‍വം ഒഴിവാക്കിയിരിക്കുന്നു. സുഭാഷ് ചന്ദ്രബോസ്, ലാല്‍ ബഹാദൂര്‍ ശാസ്ത്രി എന്നിവരും പരാമര്‍ശിച്ചുപോകുന്നവര്‍ മാത്രമാണ്.
ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധമാണ് എല്ലാ കോണുകളില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുള്ളത്. മുഖ്യധാരാ ചരിത്രത്തെയും രാഷ്ട്രപിതാവിന്റെ മഹത്തായ സംഭാവനകളെയും മഹാന്മാരായ നേതാക്കളെയും ചരിത്ത്തില്‍ നിന്ന് പുറക്കാക്കാനുള്ള ശ്രമം ദൗര്‍ഭാഗ്യകരവും ലജ്ജാകരവുമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. അവരുടെയൊക്കെ സംഭാവനകള്‍ സുപ്രസിദ്ധമാണ്. അത് ആര്‍ക്കും മായ്ചുകളയാനാവില്ല. ചരിത്രത്തെ തന്നെ വക്രീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പാഠപുസ്തകങ്ങളെ ഉപയോഗിച്ച് തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനാണ് ബിജെപി ശ്രമിക്കുന്നത്.
അതേസമയം ഇന്ത്യന്‍ ദേശീയതയെ കുറിച്ചും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രതാപത്തെ കുറിച്ചും പഠിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ദേശീയ പ്രസ്ഥാനത്തില്‍ മറച്ചു വയ്ക്കപ്പെട്ട ഭാഗങ്ങള്‍ ഉത്തര്‍പ്രദേശിലെ വിദ്യാര്‍ഥികളെയെങ്കിലും പഠിപ്പിക്കാനാണ് ശ്രമമെന്നും അവര്‍ പറയുന്നു.
പുസ്തകത്തില്‍ ആധുനിക – മധ്യകാല അധ്യായങ്ങളില്‍ മുസ്‌ലിം ചരിത്രം സൂചിപ്പിക്കുനതുപോലുമില്ല. സ്വാതന്ത്ര്യത്തിന് ശേഷം പാകിസ്ഥാനിലേയ്ക്ക് പോയെന്നതിന്റെ പേരില്‍ സംഘപരിവാറും വലതുപക്ഷ ശതക്തികളും വിമര്‍ശിച്ചിരുന്ന കവി ഇക്ബാലിന്റെ കവിത ഇന്ത്യന്‍ ദേശീയതയെ കുറിച്ച് പരാമര്‍ശിക്കുന്നതിന് വേണ്ടി മാത്രമായി ഉദ്ധരിക്കുന്നുണ്ട്.
മധ്യകാല ഇന്ത്യന്‍ ചരിത്രത്തിലും ബോധപൂര്‍വമായ ഒഴിവാക്കലുകള്‍ വ്യക്തമാണ്. ആധുനിക ഘട്ടത്തില്‍ വര്‍ണാശ്രമധര്‍മം, പുരുഷാര്‍ഥം, കൂടാതെ 16 സംസ്‌കാരങ്ങള്‍ എന്നിവ എല്ലാവരുടെയും ആദര്‍ശങ്ങളായിരുന്നുവെന്ന് ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യന്‍ സംസ്‌കാരത്തെ മലിനമാക്കിയെന്ന് വിദേശ ആക്രമത്തെ കുറിച്ച് നിരവധി തവണ കുറ്റപ്പെടുത്തുന്നുണ്ട്. ദൂര്‍ദര്‍ശന്‍ പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളെയും കുറ്റപ്പെടുത്തുന്നുണ്ട്. ദൂര്‍ദര്‍ശന്‍, കേബിള്‍ ടെലിവിഷനുകള്‍ തുടങ്ങിയവ വഴി മറ്റ് സംസ്‌കാരങ്ങള്‍ ഇന്ത്യയിലെത്തി, അഴിമതിയും അസമത്വവും പോയ കുറച്ചു നൂറ്റാണ്ടുകള്‍ക്കിടയില്‍ വിദേശ ആക്രമകാരികള്‍ക്കൊപ്പം എത്തിയ രോഗങ്ങളാണ് എന്നൊക്കെ പറഞ്ഞിരിക്കുന്നുവെങ്കിലും അശോക ഭരണകാലത്തെ കുറിച്ചും വിക്രമാദിത്യകാലത്തെ കുറിച്ചും മൗനം പാലിക്കുന്നു. ഏതെങ്കിലും ഹിന്ദു രാജാവിനെ മുസ്‌ലിം രാജാവ് വധിച്ചതും മുസ്‌ലിം രാജാക്കന്മാര്‍ പീഡിപ്പിക്കപ്പെടുകയോ അതിക്രമത്തിനിരയാകുകയോ ചെയ്യപ്പെട്ടതും പോലുള്ള സംഭവങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പുസ്തകത്തിലെ ഒരു ചോദ്യം ഇങ്ങനെയാണ്: ഏത് വിദേശ മുസ്‌ലിം അക്രമിയാണ് മഹാരാജ യുഹേല്‍ ദേവിനെ കാരറ്റും മുള്ളങ്കിയും പോലെ അരിഞ്ഞുകളഞ്ഞത്.
ഇന്ത്യന്‍ സമ്പദ്ഘടനയെ കുറിച്ചുള്ള അധ്യായം ആരംഭിക്കുന്നത് കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയ 2014 മുതല്‍ മാത്രമാണ്. അതുകൊണ്ട് തന്നെ സമ്പദ്ഘടനയെ കുറിച്ച് കൂടുതല്‍ കാര്യങ്ങളില്ല. ആര്‍എസ്എസിന്റെ തൊഴിലാളി വിഭാഗമായ ഭാരതീയ മസ്ദൂര്‍ സംഘമാണ് ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയെന്നും എഴുതിവച്ചിട്ടുണ്ട്.
സമകാലിക വിഷയങ്ങള്‍ എന്ന അധ്യായത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടങ്ങിവച്ചിരിക്കുന്ന കുറച്ച് പദ്ധതികളുടെ പട്ടികയാണുള്ളത്. ഡിജിറ്റല്‍ ഇന്ത്യ, ജിഎസ്ടി, നോട്ടുനിരോധനം എന്നിവയാണ് ശ്രദ്ധേയമായ പാരാമര്‍ശങ്ങള്‍.
ഏകപക്ഷീയമായ ഉത്തരങ്ങള്‍ തേടുന്ന നിരവധി ചോദ്യങ്ങളാണ് പുസ്തകത്തില്‍ ഉന്നയിക്കുന്നത്. സംഘപരിവാര്‍ സ്ഥാപകന്‍ ആരാണ്, കശ്മീരില്‍ ശ്യാമപ്രസാദ് മുഖര്‍ജിയെ ജയിലിലടച്ചതാരാണ്, 370 -ാം വകുപ്പിന്റെ അടിസ്ഥാനത്തിലാണെങ്കിലും ജമ്മു കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമാക്കിയതിന്റെ അംഗീകാരം ആര്‍ക്കാണ്, ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടിയുള്ള ആദ്യ രക്തസാക്ഷിയാരാണ് എന്നിങ്ങനെ പോകുന്നു ചോദ്യങ്ങള്‍.