Sunday
24 Jun 2018

സ്വദേശി ഫാസിസത്തെ നേരിടാന്‍ എല്ലാ മതേതര കക്ഷികളും യോജിക്കണം

By: Web Desk | Wednesday 13 September 2017 1:10 AM IST

നിത്യ ചക്രവര്‍ത്തി

തികച്ചും അപകടകരമായ കാലഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ആംഗലേയ നോവലിസ്റ്റായ ചാള്‍സ് ഡിക്കന്‍സിന്റെ ദ്വൈത ചിത്രീകരണത്തില്‍ നിന്നും ഭിന്നമായ നികൃഷ്ടമായ ദിശയിലേക്കാണ് രാജ്യം പോകുന്നത്. ഇന്ത്യന്‍ ജനാധിപത്യം അനര്‍ഥത്തിലേയ്ക്കാണ് നീങ്ങുന്നത്. വിയോജിപ്പിന്റെ സ്വരങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ നികൃഷ്ടമായ അവഹേളനങ്ങളെയും അക്രമത്തെയും ഭരണകൂടം തന്നെ പ്രോത്സാഹിപ്പിക്കുന്നു. ഏറ്റവും ശ്രദ്ധേയരായ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ ഗൗരി ലങ്കേഷിന്റെ ക്രൂരമായ കൊലപാതകത്തില്‍ ഒരു അനുശോചന സന്ദേശം അയയ്ക്കാന്‍ പോലും എപ്പോഴും സാമൂഹികമാധ്യമങ്ങളില്‍ സജീവമായ പ്രധാനമന്ത്രി നരേന്ദ്രമോഡി തയാറായില്ല. അതിനുപകരം ഹിന്ദുത്വ വിരുദ്ധ നിലപാടുകള്‍ക്കെതിരെ നിലകൊണ്ട മാധ്യമപ്രവര്‍ത്തകയുടെ മരണത്തില്‍ ആഹ്ലാദിക്കുന്ന സംഘപരിവാര്‍ അനുയായികളുടെ പോസ്റ്റുകളെ ട്വിറ്ററിലൂടെ പിന്തുടരുന്നു. രാജ്യത്തെ മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ഇതേറെ ഭീതിയും ഉല്‍ക്കണ്ഠയുമുളവാക്കുന്നതാണ്. ഇത്തരം നിഷ്ഠുരമായ സംഭവങ്ങള്‍ സംഘപരിവാര്‍ നേതാക്കള്‍ക്ക് സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള പ്രേരണയാകുന്നു. എല്ലാം തങ്ങളുടെ ഇഛാനുസരണമാകണമെന്ന അവസ്ഥയാണിപ്പോഴുള്ളത്. മറിച്ചുള്ളതെല്ലാം നിരാകരിക്കപ്പെടുന്നു.
കഴിഞ്ഞ നാല് വര്‍ഷമായി നല്ല ദിവസങ്ങളെപ്പറ്റി എല്ലായ്‌പ്പോഴും പറഞ്ഞിരുന്ന പ്രധാനമന്ത്രി ഇപ്പോളതേപ്പറ്റി നിശബ്ദത പാലിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ തികച്ചും ഗുരുതരമാണ്. ശക്തിയോ നിശ്ചയദാര്‍ഢ്യമോ ഉള്ള ഒരു പ്രതിപക്ഷത്തിന്റെ അഭാവമാണ് മോഡി സര്‍ക്കാരിന് ആശ്വാസം പകരുന്നത്. ദിശാബോധമില്ലാത്ത അവസ്ഥയിലാണ് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് അധഃപതിച്ചു. പാര്‍ട്ടി അനുയായികളെപോലും ഏകോപിപ്പിക്കാനോ സംഘടിപ്പിക്കാനോ കഴിയാത്ത അവസ്ഥയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കുള്ളത്. മോഡി ഭരണത്തിന്റെ നയപരിപാടികളില്‍ രോഷാകുലരായ ജനങ്ങളെ ഒരുമിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ ചില സഖ്യങ്ങള്‍ രൂപീകരിക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ തുടക്കമിട്ടെങ്കിലും ലക്ഷ്യത്തിലെത്താനുള്ള ചാലകശക്തിയില്ലെന്നതാണ് വാസ്തവം. അസംഘടിത മേഖലയില്‍ ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഇവരെപോലും സംഘടിപ്പിച്ച് അണിനിരത്താന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ല. ന്യൂനപക്ഷങ്ങളെയും ദളിതരെയുമാണ് മോഡി സര്‍ക്കാരിന്റെ നയങ്ങള്‍ ഏറെ പ്രതിസന്ധിയിലാക്കിയത്.
നഗരപ്രദേശങ്ങളിലും തൊഴില്‍ നഷ്ടത്തിന്റെ നിരാശയുളവാക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ തങ്ങളുടെ 30 ശതമാനം ജീവനക്കാരെ വെട്ടിക്കുറച്ചതായി ഉല്‍പാദക കമ്പനികളെ ഉദ്ധരിച്ച് ഒരു കണ്‍സള്‍ട്ടന്‍സി ഏജന്‍സി വ്യക്തമാക്കുന്നു. ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും ഇത് നാല്‍പത് ശതമാനമായി വര്‍ധിക്കുമെന്നും ഇവര്‍ പറയുന്നു. നോട്ടുകള്‍ പിന്‍വലിച്ചത്, ചരക്കുസേവന നികുതി നടപ്പാക്കല്‍ തുടങ്ങിയവയൊക്കെ ഉല്‍പാദന മേഖലയുടെ വളര്‍ച്ചയെ ഇല്ലാതാക്കി. 2016-17ല്‍ 5.3 ശതമാനമായിരുന്ന വളര്‍ച്ചാനിരക്ക് 1.2 ശതമാനമായി കുറഞ്ഞു. യന്ത്രവല്‍ക്കരണവും തൊഴിലവസരങ്ങളെ ഏറെ സ്വാധീനിച്ചു. ഉല്‍പാദന ചിലവിലുണ്ടാകുന്ന വര്‍ധനയും ഉല്‍പന്നങ്ങളുടെ ആവശ്യത്തിലുണ്ടായ കുറവുമാണ് ഈ മേഖലയെ തളര്‍ത്തിയ മറ്റ് ഘടകങ്ങള്‍.
ഇതിന്റെയൊക്കെ ഭാഗമായി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളുടെ അവസ്ഥയോര്‍ത്ത് ബിജെപി നേതൃത്വം ആശങ്കാകുലരാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ കഴിവില്ലായ്മ, നേതൃത്വമില്ലായ്മ, ഐക്യമില്ലായ്മ എന്നിവ മാത്രമാണ് ബിജെപിയുടെ ഏക പ്രതീക്ഷ. 2022-ഓടെ ഹിന്ദു രാഷ്ട്രം നടപ്പാക്കുമെന്ന അജന്‍ഡയുമായാണ് ബിജെപി നേതൃത്വം മുന്നോട്ടുപോകുന്നത്. ഇതാണ് 2022-ഓടെ പുതിയ ഇന്ത്യ എന്നതുകൊണ്ട് മോഡി ഉദ്ദേശിക്കുന്നത്. രാജ്യത്തിന്റെ ധാര്‍മിക മൂല്യങ്ങളെല്ലാം തന്നെ ഒന്നൊന്നായി മോഡി സര്‍ക്കാര്‍ തകര്‍ക്കുന്നു. ഫാസിസത്തിന്റെ ആദ്യ സൂചനകള്‍ ദൃശ്യമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ നിലപാടുകളെ എതിര്‍ത്തില്ലെങ്കില്‍, ബിജെപിയുടെ അജന്‍ഡ നടപ്പാക്കുന്നതിനെതിരെ ഒരുമിച്ചുനിന്ന് പോരാടിയില്ലെങ്കില്‍, സംഘപരിവാര്‍ ശക്തികള്‍ വീണ്ടും കരുത്താര്‍ജിക്കും. ഫാസിസത്തിന്റെ ആവേഗം കൂടുതലാകും.
ബിജെപിയുടെയും സംഘപരിവാറിന്റെയും ചില പ്രവൃത്തികളെ അപലപിക്കുന്നതിനായി ഫാസിസം എന്ന വാക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഉപയോഗിക്കാറുണ്ട്. എന്നാല്‍ പൊതുസമൂഹം, ജനാധിപത്യശക്തികള്‍, സന്നദ്ധസംഘടനകള്‍ എന്നിവയൊക്കെ ഉള്‍ക്കൊള്ളുന്ന വിശാല ശക്തിയായി വളര്‍ത്തിയെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകോപനത്തിനായി ജെഡിയു നേതാവ് ശരത് യാദവ് പ്രവര്‍ത്തിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ എഐഡിഎംകെയുടെ നെറികെട്ട നിലപാടുകളുടെ ഫലമായി ഡിഎംകെ നേതാവ് സ്റ്റാലിന്‍ ഉയര്‍ന്നുവരുന്നു. തികച്ചും കഴിവുള്ള ഒരു നേതാവാണ് സ്റ്റാലിന്‍. ദക്ഷിണേന്ത്യയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ഊട്ടിയുറപ്പിക്കുന്നതിന് സ്റ്റാലിന് ശ്രദ്ധേയമായ പങ്ക് വഹിക്കാന്‍ കഴിയും.
പൊതു രാഷ്ട്രീയ സ്ഥിതിഗതികള്‍ മനസിലാക്കി, ബിജെപിയുടെ നിലപാടുകളെ എതിര്‍ക്കുന്നതിന് കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കാന്‍ സിപിഐഎം കേന്ദ്രനേതൃത്വം ഇപ്പോഴും വിസമ്മതിക്കുന്നു. എന്നാല്‍ സംഘപരിവാറിന്റെ ദുഷ്‌ചെയ്തികളെ എതിര്‍ക്കാന്‍ ഈ ഐക്യം അനിവാര്യമാണ്. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നില്ല എന്ന് ഉറപ്പാക്കണം. ഇന്ത്യ ഇപ്പോഴും ഒരു ഫാസിസ്റ്റ് രാജ്യമല്ലെന്ന നിലപാടാണ് സിപിഐഎം നേതാവായ പ്രകാശ് കാരാട്ട് സ്വീകരിക്കുന്നത്. കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപിക്കെതിരെ പോരാടുന്നത് യുക്തമായിരിക്കില്ലെന്ന നിലപാടും സിപിഐഎം അവലംബിക്കുന്നു. 2018 ഏപ്രില്‍ മാസത്തില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച ഒക്‌ടോബറില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ടാകുമെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിക്കെതിരെ ഒരു വിശാല മുന്നണി രൂപീകരിക്കുന്നതില്‍ സിപിഐഎം നേതൃത്വം നിലപാട് മാറ്റിയില്ലെങ്കില്‍ ഗുരുതരമായ ഒരു ചരിത്ര വിഡ്ഢിത്തമായിരിക്കുമത്. വര്‍ഗീയതയ്‌ക്കെതിരെ ജനാധിപത്യ മതേതര ശക്തികളെ ഏകോപിപ്പിക്കുന്നതില്‍ ഇടതുപാര്‍ട്ടികള്‍ക്ക് ശ്രദ്ധേയമായ പങ്കുണ്ട്. തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരെ പോരാടുമ്പോഴും കോണ്‍ഗ്രസുമായി സഖ്യത്തിലെത്താന്‍ സിപിഐഎം തയാറാകുന്നില്ല. യാഥാര്‍ഥ്യത്തെ യാഥാര്‍ഥ്യമായി അംഗീകരിക്കാന്‍ സിപിഐഎം തയാറാകണം. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്നത് അതിപ്രധാനമായ ഫാസിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനം തന്നെയാണ്. കോണ്‍ഗ്രസിന്റെ പങ്കാളിത്തമില്ലാതെ ഇത് നടപ്പാക്കാന്‍ കഴിയില്ല. കഴിഞ്ഞ മാസം 27ന് ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിയില്‍ സിപിഐഎം പങ്കെടുക്കാത്തത് തെറ്റായ തീരുമാനം തന്നെയാണ്. ലാലുവിനെതിരെയുള്ള അഴിമതി ആരോപണങ്ങളേക്കാള്‍ ഏറെ പ്രധാനപ്പെട്ടതാണ് അദ്ദേഹത്തിന്റെ ബിജെപിക്കെതിരായുള്ള പോരാട്ടം.
ചില വിഷയങ്ങളില്‍ പൊതുധാരണയുണ്ടാക്കി വിശാലമായ ഐക്യം രൂപപ്പെടുത്തേണ്ടത് ആവശ്യമാണെന്നും അതിന് മുന്‍കൈയെടുക്കാന്‍ ഇടതുപാര്‍ട്ടികള്‍ തയാറാകണമെന്നും ശ്രദ്ധേയനായ സാമ്പത്തിക വിദഗ്ധനും സിപിഐഎം പ്രവര്‍ത്തകനുമായ പ്രഭാത് പട്‌നായിക് വ്യക്തമാക്കിയിട്ടുണ്ട്. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇത്തരത്തിലൊരു അജന്‍ഡ രൂപപ്പെടുത്തിയിരുന്നു. മന്‍മോഹന്‍ സര്‍ക്കാരിന് 61 എംപിമാരുള്‍പ്പെട്ട ഇടതു പാര്‍ട്ടികള്‍ പിന്തുണച്ചിരുന്നു. ആ സമയത്ത് ബിജെപി തികച്ചും അപ്രസക്തമായ ഒരു ശക്തിയായിരുന്നു. ഇന്ത്യ തിളങ്ങുന്നു എന്ന അടല്‍ബിഹാരി വാജ്‌പേയിയുടെ മുദ്രാവാക്യത്തിനെ മറികടന്ന് 2004ലെ തെരഞ്ഞെടുപ്പില്‍ സംഘപരിവാറിനെ പരാജയപ്പെടുത്താനായി. 2017ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചു. രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളിലെല്ലാം അധികാരം പിടിച്ചെടുത്തു. ഓരോ സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലെത്തുമ്പോഴും സംഘപരിവാര്‍ തങ്ങളുടെ അജന്‍ഡകള്‍ നടപ്പാക്കുന്നു. രാഷ്ട്രീയത്തിലായാലും സാമൂഹ്യമേഖലയിലായാലും സ്ഥിതി ഇതുതന്നെ. സംഘപരിവാര്‍ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേരേണ്ടത് ഓരോ മതേതര ജനാധിപത്യ വിശ്വാസിയുടെയും ഉത്തരവാദിത്തമാണ്.
ഇപ്പോഴത്തെ ബിജെപി സര്‍ക്കാര്‍ ഫാസിസ്റ്റ് സ്വഭാവമുള്ളതാണെന്ന നിലപാടാണ് ഇടതു മുന്നണിയിലെ രണ്ടാമത്തെ പാര്‍ട്ടിയായ സിപിഐക്കുള്ളത്. ഇടതുപാര്‍ട്ടികള്‍ക്കു മാത്രമായി വര്‍ഗീയ ശക്തികള്‍ക്കെതിരെ പോരാടാന്‍ കഴിയില്ലെന്ന അഭിപ്രായവും സിപിഐക്കുണ്ട്. കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തി വിശാല അടിസ്ഥാനത്തിലുള്ള മുന്നണി രൂപീകരിക്കണം. ഓഗസ്റ്റ് 27ന് നടന്ന റാലിയില്‍ സിപിഐ പങ്കെടുത്തു. ഇക്കാര്യത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കും പശ്ചിമബംഗാള്‍ നേതൃത്വത്തിനും സിപിഐയുടെ നിലപാടാണുള്ളത്. കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താതെ ബിജെപി വിരുദ്ധ ചേരി സാധ്യമാകില്ലെന്ന് ഇവര്‍ക്ക് ബോധ്യമുണ്ട്. ഇക്കാര്യത്തിലുള്ള സിപിഐഎം നേതൃത്വത്തിലുള്ള ഭിന്നത ഏറെ ദോഷമുളവാക്കുന്നതാണ്. ഇത് ഇടതുപക്ഷത്തിന്റെ ഭാവിയെ പോലും ചോദ്യം ചെയ്യുന്ന സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നത്.
പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം സമയം നഷ്ടമാകുന്നു. ബിജെപി വിരുദ്ധശക്തികളെ ഏകോപിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ തയാറാകണം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇതിന്റെ ഫലം കൊയ്യാന്‍ കഴിയണം. രാജ്യത്തെ ജനങ്ങള്‍ ബിജെപി സര്‍ക്കാരിന്റെ നയങ്ങളില്‍ അസംതൃപ്തരാണ്. അവര്‍ക്കാത്മവിശ്വാസം പകര്‍ന്നു നല്‍കണം. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടം കൊയ്യാനായാല്‍ 2018ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇതൊരു അനുകൂല പ്രതികരണം സൃഷ്ടിക്കും. ഒരല്‍പം വൈകിയെങ്കിലും കോണ്‍ഗ്രസ് വിരുദ്ധ നിലപാട് മാറ്റാന്‍ സിപിഐഎം തയാറാകണം. ബിജെപിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ കഴിയണം. ഫാസിസത്തിനെതിരെയുള്ള പോരാട്ടങ്ങളുടെ പ്രാഥമിക സൂചനകള്‍ ലഭ്യമാണ്. അതിന് വ്യാപ്തിയും അര്‍ഥവുമുണ്ടാകണം. ഇതിനായി എല്ലാ ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസും കൂട്ടായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാവണം.
(ഇന്ത്യ പ്രസ് ഏജന്‍സി)

Related News