Thursday
24 May 2018

വക്കീലിന് ഇരുട്ടടി, ഫീസ് നിശ്ചയിക്കണം: സുപ്രിം കോടതി

By: Web Desk | Wednesday 6 December 2017 8:09 PM IST

ന്യൂഡല്‍ഹി: അഭിഭാഷകര്‍ വന്‍ തുക ഫീസിനത്തില്‍ ഈടാക്കുന്നത് മൂലം സാധാരണക്കാരന് നീതി നിഷേധിക്കപ്പെടുന്ന സ്ഥിതിയാണ് രാജ്യത്തുളളതെന്ന് സുപ്രിം കോടതി. ഈ പശ്ചാത്തലത്തില്‍ അവരുടെ ഫീസ് നിജപ്പെടുത്തുന്നത് സംബന്ധിച്ച് നിയമം നിര്‍മ്മിക്കണമെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നിയമജ്ഞരുടെ തൊഴില്‍ മൂല്യാധിഷ്ഠിതമാക്കുന്നതിന് കോടതി ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. വിവിധ കോടതി ഉത്തരവുകളും നിയമ കമ്മിഷന്‍ റിപ്പോര്‍ട്ടുകളും പരാമര്‍ശിച്ചാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പാവങ്ങള്‍ക്ക് പണമില്ലാത്തതിന്റെ പേരില്‍ മികച്ച അഭിഭാഷകരില്‍ നിന്നുളള നിയമസഹായം നിഷേധിക്കപ്പെടരുതെന്നും കോടതി വ്യക്തമാക്കി.
തങ്ങളുടെ കക്ഷികള്‍ക്ക് ലഭിക്കുന്ന സഹായങ്ങളില്‍ നിന്ന് നിശ്ചിത ശതമാനം ആവശ്യപ്പെടുന്ന അഭിഭാഷകരുടെ പ്രവണത അഭിലഷണീയമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം അഭിഭാഷകര്‍ക്കെതിരെ നടപടി കൈക്കൊള്ളണം. തൊഴില്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത നിയമജ്ഞരുടെ പക്കല്‍ നീതി സുരക്ഷിതമാണോയെന്നും കോടതി ആരാഞ്ഞു. അഭിഭാഷകരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചകള്‍ മൂലമാണ് കേസുകള്‍ നീളുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.