Wednesday
23 Jan 2019

മുടിയില്‍ നിന്നും വളം ഉദ്പാദിപ്പിക്കുന്ന ടെക്‌നോളജി വിപ്ലവം

By: Web Desk | Wednesday 2 January 2019 8:26 PM IST

വെള്ളായണി കാര്‍ഷിക കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ ഗ്രാമീണ കാര്‍ഷിക സഹവാസ ക്യാമ്പ് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

മണലൂര്‍: മുടിയില്‍ നിന്ന് നൈട്രജന്‍ കണ്ടന്‍റ് കൂടുതല്‍ അടങ്ങിയിട്ടുള്ള ദ്രവ രൂപത്തിലുള്ള ഏറ്റവും നല്ല വളം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ടെക്‌നോളജി കാര്‍ഷിക സര്‍വകലാശാല സ്വായത്തമാക്കിയത് കാര്‍ഷിക രംഗത്തെ വിപ്ലവമാണെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ഗ്രാമീണ കാര്‍ഷിക പ്രവര്‍ത്തി പരിചയ പരിപാടി നിറവ് 2018, ഗ്രാമീണ കാര്‍ഷിക സഹവാസ പരിപാടിയുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ബാര്‍ബര്‍ ഷോപ്പുകളില്‍ കുന്നുകൂടുന്ന മുടി കൊണ്ട് വളം നിര്‍മ്മിക്കാനുളള ടെക്‌നോളജി വികസിപ്പിക്കണമെന്ന് ഉയര്‍ന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കാര്‍ഷിക സര്‍വകലാശാല ശ്രമം നടത്തി വിജയിച്ചത്. ദ്രവരൂപത്തിലുള്ള വളം ഉണ്ടാക്കാനുള്ള ജോലികള്‍ ചെറുപ്പക്കാര്‍ക്ക് ആരംഭിക്കാനാകും. കൃഷിക്കാര്‍ക്ക് ഇത് വളരെ ഗുണം ചെയ്യും. ഇത്തരത്തിലുള്ള പല ഗവേഷണങ്ങളും കാര്‍ഷിക സര്‍വകലാശാല നടത്തി കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പ്രളയാനന്തരം കൃഷി നാശം മൂലം കഷ്ടത അനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കുവാന്‍ കോള്‍ നിലങ്ങളിലെ തനതായ കൃഷി രീതികളും അനുബന്ധ കാര്‍ഷിക സംസ്‌കൃതിയും നേരിട്ട് കണ്ട് പഠിക്കാനും കൂടിയാണ് പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ വി ശ്രീവത്സന്‍ അദ്ധ്യക്ഷനായി. സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം സിനിമ സംവിധായകന്‍ സത്യന്‍ അന്തിക്കാട് നിര്‍വ്വഹിച്ചു. ഗീതാഗോപി എം എല്‍ എ, കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ആര്‍ ചന്ദ്രബാബു, ഡീന്‍ ഫാക്കല്‍റ്റി ഓഫ് അഗ്രിക്കള്‍ച്ചര്‍ ഡോ. എ അനില്‍ കുമാര്‍, താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണന്‍, സുമൈറ ബഷീര്‍, കെ എം കിഷോര്‍കുമാര്‍, അഗ്രിക്കള്‍ച്ചര്‍ അസി.ഡയറക്ടര്‍ വി ആര്‍ നരേന്ദ്രന്‍, അന്തിക്കാട് കൃഷി ഓഫീസര്‍, എ ടി ഗ്രേസി, ഇ ജി ഗോപാല കൃഷ്ണന്‍, കെ വി രാജേഷ്, കെ ജി ഭുവന, കോഡിനേറ്റര്‍ ഡോ. അലന്‍ തോമാസ് എന്നിവര്‍ സംസാരിച്ചു.

Related News