Wednesday
23 Jan 2019

ബ്രഹ്മചര്യം പുലര്‍ത്തുന്ന പുരോഹിതര്‍ വളരെ കുറച്ച് മാത്രം: സിസ്റ്റര്‍ ലൂസി

By: Web Desk | Friday 11 January 2019 10:19 AM IST

കൊച്ചി: സഭയിലെ പൗരോഹിത്യത്തിന്റെ തെറ്റുകള്‍ മറച്ചുവെക്കാന്‍ തന്നെ കരുവാക്കുകയാണെന്ന് ഫ്രാങ്കോ കേസില്‍ കന്യാസ്ത്രീകളെ പിന്തുണച്ച സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു. ക്രൈസ്തവസഭയില്‍ പുരുഷമേധാവിത്വമാണ് നിലനില്‍ക്കുന്നത്.
സഭയില്‍ താന്‍ കണ്ടുമുട്ടിയതില്‍ വളരെ കുറച്ച് പുരോഹിതരെ ബ്രഹ്മചര്യവ്രതം പാലിക്കുന്നുള്ളൂ. റോബിനെ രക്ഷിക്കാന്‍ അമ്മയുടെ അടുത്ത് നിന്ന് റോബിന്റെ കുഞ്ഞിനെ കന്യാസ്ത്രീ മഠത്തിലെ വണ്ടിയിലാണ് കടത്തിക്കൊണ്ട് പോയത്. ഇവയൊന്നും സഭയ്ക്ക് പ്രശ്‌നമല്ല. ഇങ്ങനെയുള്ള വലിയ തെറ്റുകളെ പുതപ്പിച്ചുറക്കിയിട്ട്, താന്‍ കന്യാസ്ത്രീകള്‍ക്കെതിരാണെന്ന് പറഞ്ഞാല്‍ പറഞ്ഞയാള്‍ അവിടെതന്നെ ഇരിക്കുകയേയുള്ളൂ. ഒരു കാരണവശാലും അതെന്നെ തളര്‍ത്തില്ലെന്നും സിസ്റ്റര്‍ പറഞ്ഞു.
താന്‍ മൂന്ന് വ്രതങ്ങളും പാലിച്ചുകൊണ്ടാണ് ജീവിക്കുന്നത്. ഒന്നല്ല പത്ത് പുസ്തകമെങ്കിലും എനിക്ക് എഴുതണം. അതിനുള്ള കഴിവും എനിക്കുണ്ട്. കന്യാസ്ത്രീ സമരത്തില്‍ പങ്കെടുക്കുകയും ചുരിദാര്‍ ധരിക്കുകയും ചെയ്തത് അച്ചടക്ക ലംഘനമാണെന്നാണ് ചിലരുടെ കണ്ടുപിടുത്തം- സിസ്റ്റര്‍ പറഞ്ഞു.
സഭയ്ക്കും സഭയുടെ പൗരോഹിത്യത്തിനും സന്യാസത്തിനും എതിരായ തെറ്റുകള്‍ ചെയ്തുകൊണ്ട് ജീവിക്കുന്ന കന്യാസ്ത്രീകളും പുരോഹിതരും നമ്മുടെ സഭയിലുണ്ട്. സമൂഹത്തിന് അത് അറിയാം. അവരെയൊക്കെ പരിക്കേല്‍പ്പിക്കാതെ സംരക്ഷിച്ച് ഒരു ക്രൈസ്തവ പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരിലോ, യാത്രാസൗകര്യത്തിനായി ഒരു വണ്ടിയെടുത്തതിന്റെ പേരിലോ തന്നെ ക്രൂശിക്കാനാണ് ശ്രമം.
ഞാന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു. പെട്ടെന്ന് മദര്‍ ജനറാളിന് മറുപടികൊടുക്കാന്‍ ശാരീരിക പ്രശ്‌നങ്ങള്‍ അനുവദിക്കുന്നില്ല. സഭയില്‍ തെറ്റുകളൊരുപാട് നടക്കുന്നുണ്ട്. തനിക്കെതിരെ സഭയുടെ പത്രത്തില്‍ വന്ന ലേഖനം വ്യക്തിപരമായി വേദനിപ്പിക്കുന്നതാണെന്നും സിസ്റ്റര്‍ പറഞ്ഞു.

Related News