യൂദാസുകള്‍ക്ക് മരണമില്ല

പ്രൊഫ. വിശ്വമംഗലം സുന്ദരേശന്
മാറുന്ന കാലത്തിന്റെ പ്രതിഫലനം കവിതയില്‍ അനിവാര്യമാകുന്നു. കവിതയ്ക്കപ്പുറം ലക്ഷ്യമില്ലാത്തവര്‍ക്ക് കവിത സൗന്ദര്യാവിഷ്കരണമാവാം. കെട്ട കാലത്തോട് രോഷം കൊള്ളുന്ന കവി അനേ്വഷിക്കുന്ന സൗന്ദര്യം നാളെ സൃഷ്ടിക്കപ്പെടേണ്ട സമൂഹത്തെ സൗന്ദര്യമാക്കുന്നു. അത്തരം കവികള്‍ കണ്മുമ്പില് കാണുന്ന വൈരൂപ്യം വരച്ചുകാണിക്കാന്‍ ശ്രമിക്കുന്നു. അങ്ങനെയുണ്ടാവുന്ന കവിതയ്ക്ക് വിഷയം വൈരൂപ്യമാണെങ്കില് പോലും സൃഷ്ടി സൗന്ദര്യാത്മകമാവേണ്ടതുണ്ട്. വ്യക്തമായും കൃത്യമായും ധാര്‍മികതയുടെയും നന്മയുടെയും പക്ഷം പിടിക്കുന്ന കവി എം കെ ശ്രീധരന് ‘യൂദാസുകള്‍ക്ക് മരണമില്ല’ എന്ന സമാഹാരത്തിലൂടെ അവതരിപ്പിക്കുന്ന കവിതകള്‍ ഏറെക്കുറെ ആ സ്വഭാവം പുലര്‍ത്തുന്നവയാണ്.
ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത് പ്രസക്തമായിരുന്ന പുരോഗമന സാഹിത്യത്തിന്റെ കാലം കഴിഞ്ഞു എന്ന് വാദിക്കുന്നവര്‍ ഇന്ന് കുറവല്ല. വിദേശാധിപത്യത്തിന്റെ കാലത്തേക്കാള്‍ ഹീനവും ആപല്‍ക്കരവുമായ ഒരു കാലഘട്ടത്തിലാണ് ഇന്ത്യാരാജ്യം ഇന്ന് എത്തിപ്പെട്ടിരിക്കുന്നത്. ഈ വസ്തുത തിരിച്ചറിയുകയും ഉല്‍ക്കണ്ഠപ്പെടുകയും ചെയ്യുന്ന എഴുത്തുകാര്‍ ഇന്ന് താരതമേ്യന കുറവാണ്. പുരോഗമന സാഹിത്യ സങ്കല്പത്തിന് മുനയും ശൗര്യവും കൂട്ടി എഴുത്തുകാരന് രംഗത്തുവരേണ്ട സമയമാണിത്. ആ തിരിച്ചറിവും നിലപാടും എം കെ ശ്രീധരന്റെ കവിതകളില്‍ പ്രതിഫലിച്ചു കാണാം.
തീരെ ചെറുതല്ലാത്ത അമ്പത്തൊന്ന് കവിതകളാണ് യൂദാസുകള്‍ക്ക് മരണമില്ല എന്ന സമാഹാരത്തിലെ ഉള്ളടക്കം. യേശുവിനെ അന്ന് ഒറ്റുകൊടുത്ത യൂദാസ് നമുക്ക് ചുറ്റും ഇന്നുമുണ്ടെന്ന് കവി നിരീക്ഷിക്കുന്നു. നന്മയും സ്നേഹവുമാണീശ്വരന് എന്ന് പഠിപ്പിച്ചതുകൊണ്ടാണ് ക്രിസ്തുദേവന് ക്രൂശിക്കപ്പെട്ടതെന്നാണ് കവിയുടെ പക്ഷം. (യൂദാസുകള്‍ക്ക് മരണമില്ല എന്ന രചന) എല്ലാക്കാലത്തും സത്യവാദികള്‍ക്ക് ഒരേ അനുഭവമാണ് ചരിത്രം നല്‍കിയിട്ടുള്ളതെന്ന് ‘അണയാത്ത പന്തങ്ങള്‍’ എന്ന കവിതയിലൂടെ വ്യക്തമാക്കപ്പെടുന്നു. സത്യം പറഞ്ഞ സോക്രട്ടീസിനെ വിഷം കൊടുത്തുകൊന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയവരെ തൂക്കിലേറ്റി. സമരം നയിച്ച ഗാന്ധിജിയെ തുറുങ്കിലടച്ചു.
ഭരണവര്‍ഗത്തിന്റെ അനീതിക്കെതിരായി മിണ്ടുന്നവര്‍ക്ക് എക്കാലവും കരുതിവച്ചിട്ടുള്ള ശിക്ഷ ഇതുതന്നെ. പാരിസ്ഥിതിക പ്രശ്നങ്ങളില്‍ പൊതുസമൂഹവും രാഷ്ട്രീയ നേതൃത്വവും ഉദാസീനമായ നിലപാടാണ് പുലര്‍ത്തിപ്പോരുന്നത്. കുടിയേറ്റം എന്ന പേരില്‍ നടക്കുന്ന കയ്യേറ്റങ്ങള്‍ക്ക് കണക്കില്ല. ഇതിനെതിരെയുള്ള തന്റെ വ്യക്തമായ നിലപാട് ‘അവകാശികള്‍’ എന്ന കവിതയില്‍ വ്യക്തമാക്കുന്നു.
”ഒരൊറ്റ സൂര്യന് നമ്മള്‍ക്കെല്ലാം
ഒരുപോലാണതിലവകാശം
എന്നു കാവ്യാരംഭം. ആ അവകാശം നിഷേധിച്ചുകൊണ്ടാണ് കുറച്ചാളുകള്‍ കയ്യേറ്റത്തിന് തുനിയുന്നത്. രാഷ്ട്രീയ നേതൃത്വങ്ങള്‍ നേരിട്ടും പരോക്ഷമായും കയ്യേറ്റക്കാര്‍ക്ക് തുണയേകുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. അത്തരം അതിക്രമങ്ങള്‍ക്ക് നേരെ വിരല്‍ചൂണ്ടുകയാണ് കവി ചെയ്യുന്നത്.
‘ആദിവാസിയൂരിലെ ജനനായകര്‍’ എന്ന കവിതയില്‍ സമാനമായൊരു വിഷയം തന്നെയാണ് അവതരിപ്പിക്കുന്നത്. ആദിവാസികളുടെ അജ്ഞതയെ മുതലെടുക്കുകയാണ് ജനനായകന് ചെയ്യുന്നത്.
”കൈവശത്തിലാദിവാസി
കാത്തുപോന്നതത്രയും
കൈയടക്കി നാട്ടില്‍ നിന്നു
കാട്ടിലേക്കു കേറിയോര്”
എന്ന വസ്തുതാകഥനത്തില് കയ്യേറ്റക്കാരോടുള്ള അമര്‍ഷം വ്യഞ്ജിക്കുന്നു. ഇവിടെ നാട്ടുകാരെ ഒന്നടങ്കം പ്രതിസ്ഥാനത്തു നിറുത്തുകയല്ല കവി ചെയ്യുന്നത്. അതിനായി തുനിഞ്ഞിറങ്ങിയിട്ടുള്ള ചില പ്രതേ്യക വിഭാഗങ്ങളുണ്ട്. അവര്‍ക്ക് നേരെയാണ് കവി വിരല്‍ ചൂണ്ടുന്നത്.
”ചൂഷണത്തിനൂരിലേക്കു
വന്നിടുന്നതൊക്കെയും
നാടിനെ നയിക്കുവാന്‍
തുനിഞ്ഞിറങ്ങി നില്ക്കുവോര്”
എന്നിങ്ങനെ അക്കാര്യം വ്യക്തമാക്കിക്കൊണ്ട് കവിത അവസാനിക്കുന്നു.
വേട്ടക്കാരും ഇരകളും അടിച്ചമര്‍ത്തലും ചെറുത്തുനില്പും പോലുള്ള ദ്വന്ദ്വസമസ്യകള് ഒട്ടേറെ കവിതകളില്‍ ചിന്താവിഷയമാവുന്നുണ്ട്. പണിയാളരുടെ പാട്ടില്‍ ഇരകളുടെ ശബ്ദമാണ് കവി ഉറക്കെ കേള്‍പ്പിക്കുന്നത്. ജന്മിയും അടിയാന്മാരും തമ്മിലുള്ള ബന്ധങ്ങളിലെ വൈരുധ്യങ്ങള്‍ വ്യക്തമാണ്.
”അടിയങ്ങള്‍ ചേറിലിറങ്ങി
പാടത്തില്‍ പണി ചെയ്യേണം
പണിയെല്ലാമടിയങ്ങള്ക്കും
പണമെല്ലാം തമ്പ്രാക്കള്‍ക്കും”
ഇതാണവസ്ഥ. ഈ വൈരുധ്യം അവസാനിപ്പിച്ച് സമത്വം സ്ഥാപിക്കുക എന്നതാണ് കവിയുടെ സ്വപ്നം.
എന്തെഴുതണമെന്നും എങ്ങനെ എഴുതണമെന്നും സ്വേഛാധികാരികള്‍ കല്പിക്കുമായിരുന്നു. ഇനിയതു നടക്കില്ലെന്ന് കവി തിരിച്ചടിക്കുന്നു. (പത്രധര്‍മം എന്ന കവിത) സമകാലികമായ നിരവധി സംഭവങ്ങളും പ്രശ്നങ്ങളും എം കെ ശ്രീധരന് ഒട്ടേറെ രചനകളിലായി പരിശോധിക്കുന്നുണ്ട്. പ്ലാച്ചിമട മുതല്‍ മുതലമട വരെ എന്ന രചനയുടെ വിഷയം ശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ പാരിസ്ഥിതികം തന്നെ. സ്ത്രീപീഡനവും സ്ത്രീ നിന്ദയും വിഷയമാവുന്ന കുറെ രചനകളുണ്ട്. സൗമ്യയുടെ ദുരന്തം (മകളേ മാപ്പ്) ആര്‍ഭാട ജീവിതം നയിക്കാന്‍ മക്കളെ വിറ്റു കാശുണ്ടാക്കുന്ന മാതാപിതാക്കള്‍ (കനലെരിയുന്ന കൗമാരം) ശിക്ഷിക്കപ്പെട്ട പെണ്ണിന്റെ ദീനരോദനം (ഇരകള്‍) അങ്ങനെ എത്രയോ വിഷയങ്ങള്‍.
കവിയുടെ കണ്ണുകള്‍ സ്വന്തം ചുറ്റുവട്ടവും കടന്ന് ദേശീയവും അന്തര്‍ദേശീയവുമായ തലങ്ങളില്‍ വരെ എത്തുന്നു. അരുതേ ശിശുഹത്യ (ഗാസയിലെ സമീപകാല സംഭവങ്ങള്‍) മണ്ടേല എന്നിങ്ങനെ ചില കവിതകളുടെ പശ്ചാത്തലം അന്യഭൂഖണ്ഡങ്ങളാകുന്നു. ‘എല്ലാവര്ക്കും സിരകളിലൊഴുകും ചോരയ്ക്കൊരു നിറമേയുള്ളു’ എന്ന് വിശ്വസിക്കുന്ന കവിക്ക് അത് സുസാധ്യം തന്നെ. കവി എന്ന നിലയ്ക്ക് തനിക്ക് വ്യക്തമായൊരു നിലപാടുണ്ടെന്ന് എം കെ ശ്രീധരന് വ്യക്തമാക്കിയിട്ടുണ്ട്. അത് പതിതവര്ഗത്തോടുള്ള കൂറാണ്.
”എന്റെ കവിതയില്‍ നിറയട്ടെ
നിന്റെ സ്വപ്നങ്ങള്‍
എന്റെ കവിതയിലുണരട്ടെ
നിന് വികാരങ്ങള്‍
എന്റെ കവിതയിലുയരട്ടെ
നിന്റെ തേങ്ങലുകള്‍
എന്റെ വാക്കില്‍ മുഴങ്ങട്ടെ
നിന്റെ ശബ്ദങ്ങള്‍”
എന്നവസാനിക്കുന്നു കവിയുടെ മാനിഫെസ്റ്റോ എന്നു വിശേഷിപ്പിക്കാവുന്ന ‘ഇതവരുടെ ശബ്ദം’ എന്ന കവിത.
അത്തരം നിലപാട് തന്നെയാണ് കറുപ്പിനെ സ്നേഹിക്കുവാന്‍ ഈ കവിയെ പ്രേരിപ്പിക്കുന്നത്.
”സമസ്തമാനവര്ക്കുമെന്നു
തുല്യനീതി കിട്ടിടും
വര്‍ണ വര്ഗജാതിചിന്ത-
യെന്നു വിട്ടൊഴിഞ്ഞിട്ടും?”
എന്നു കരിപുരുണ്ട ചിന്തകളില്‍ കവി ചോദിക്കുന്നു. പുരോഗമന സാഹിത്യത്തിന് ഇന്നും പ്രസക്തിയുണ്ടെന്നും കവി പതിത കാരുണികനാകുമ്പോള് പുരോഗമന സാഹിത്യം തനിയെ സംഭവിക്കുമെന്നും എം കെ ശ്രീധരന്റെ കവിതകള്‍ ഓര്‍മപ്പെടുത്തുന്നു.
യൂദാസുകള്‍ക്ക് മരണമില്ല (കവിതകള്‍)
എം കെ ശ്രീധരന്
പ്രഭാത് ബുക്ക് ഹൗസ്
വില: 100 രൂപ.