Thursday
24 Jan 2019

ലളിതം സുന്ദരം ഈ ഫിദ

By: Web Desk | Monday 11 December 2017 10:33 AM IST

കെ കെ ജയേഷ്

തെലുങ്ക് മൊഴിമാറ്റ ചിത്രങ്ങള്‍ അടുത്തകാലത്തായി ധാരാളം മലയാളത്തിലേക്ക് മൊഴിമാറ്റിയെത്തുന്നുണ്ട്. ബ്രഹ്മാണ്ട ചിത്രം ബാഹുബലിയും അല്ലു അര്‍ജ്ജുന്‍ ചിത്രങ്ങളുമെല്ലാം ഇവിടെയും സൂപ്പര്‍ ഹിറ്റുകളാവുന്നു. ചില താരങ്ങളുടെ അറുവഷങ്ങള്‍ കത്തി ചിത്രങ്ങളും ഇടയ്ക്കിടെ കേരളത്തില്‍ പ്രദര്‍ശനശാലകളിലെത്താറുണ്ട്. ഇതിനിടയിലാണ് തെലുങ്കില്‍ മികച്ച വിജയം നേടിയ താരസാന്നിധ്യമില്ലാത്ത ഫിദയും മലയാളത്തിലേക്ക് എത്തിയത്. തെലുങ്കില്‍ വന്‍ വിജയം നേടിയ ചിത്രമാണെങ്കിലും പലപ്പോഴും നമുക്കത് അരോചകമാവാറുണ്ട്. കൃത്രിമത്വം നിറയുന്നതാണ് പല തെലുങ്ക് ചിത്രങ്ങളിലേയും പ്രണയ കാഴ്ചകള്‍. എന്നാല്‍ ഫിദ അത്തരം നിരാശകളൊന്നും സമ്മാനിക്കുന്ന ചിത്രമല്ല.

തീര്‍ച്ചയായും പ്രമേയ പരമായ വലിയ പുതുമയൊന്നും സമ്മാനിക്കാത്ത ഒരു സിനിമ തന്നെയാണ് ഫിദ. വിവിധ ഭാഷകളിലായി നമ്മള്‍ എത്രയോ വട്ടം കണ്ട അതേ പ്രമേയം. പ്രണയത്തിന്റെ ഒരേ പോലുള്ള സഞ്ചാരം. വഴിയിലെ പതിവ് തടസ്സങ്ങള്‍.. പതിവ് രീതിയിലുള്ള അതിനെ മറികടക്കല്‍.. അവസാനത്തെ ഒന്നുചേരല്‍.. ഇതൊക്കെ തന്നെയാണ് ഈ തെലുങ്ക് മൊഴിമാറ്റ ചിത്രത്തിലുമുള്ളത്.
ഇങ്ങിനെയൊക്കെയാണെങ്കിലും ശേഖര്‍ കമ്മൂല എന്ന സംവിധായകന്റെ അവതരണ മികവ് ഈ പോരായ്മകള്‍ക്കിടയിലും രസകരമായി ആസ്വദിക്കാവുന്ന ഒരു പ്രണയ ചിത്രമായി ഫിദയെ മാറ്റുന്നുണ്ട്.
അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ വരുണ്‍ സഹോദരന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി നാട്ടിലെത്തുകയാണ്. വിവാഹാഘോഷങ്ങള്‍ക്കിടെ സഹോദരന്‍ വിവാഹം ചെയ്യാന്‍ പോകുന്ന യുവതിയുടെ സഹോദരിയുമായി വരുണിനുണ്ടാകുന്ന സൗഹൃദവും പിന്നീട് അത് പ്രണയവഴിയിലേക്ക് നീങ്ങുകയും ചെയ്യുന്നു. പിന്നീട് ഒരു തെറ്റിദ്ധാരണയുടെ പേരില്‍ അവര്‍ അകലുകയും കഥാന്ത്യത്തില്‍ തെറ്റിദ്ധാരണങ്ങള്‍ നീങ്ങി അവര്‍ ഒന്നിക്കുകയും ചെയ്യുന്നു.

തീര്‍ച്ചയായും ഇതിലെന്തെങ്കിലും പുതുമയുണ്ടെന്ന് ആരും പറയില്ല. പക്ഷെ പലവട്ടം പറഞ്ഞ കഥയാണെങ്കിലും പ്രതിഭാശാലിയായ ഒരു സംവിധായകന്റെ സാന്നിധ്യം ആവര്‍ത്തന വിരസമായ പല കഥകളെയും പുതുമയുള്ള അനുഭവമാക്കാറുണ്ട്. ഇവിടെയും അത് തന്നെയാണ് സംഭവിക്കുന്നത്. ലളിതമായ ഈ കഥയെ നര്‍മ്മവും വര്‍ണ്ണവും ചേര്‍ത്തിളക്കി രസകരമായിട്ടാണ് ശേഖര്‍ കമ്മൂല അവതരിപ്പിച്ചിരിക്കുന്നത്. ഹാപ്പി ഡേയ്‌സ് എന്ന താരസാന്നിധ്യമില്ലാത്ത ചെറു ചിത്രത്തിലൂടെ കേരളത്തിലും കൈയ്യടി നേടിയ സംവിധായകനാണ് ശേഖര്‍ കമ്മൂല. പതിവ് തെലുങ്ക് മസാലക്കൂട്ടുകളിലാതെ നേര്‍രേഖയില്‍ അദ്ദേഹം കഥപറയുകയാണ്.

കഥയുമായി യാതൊരു ബന്ധവുമില്ലാത്ത കോമഡികളും അവിശ്വസനീയമായ സംഘട്ടന രംഗങ്ങളും അമിതാഭിനയും കൊണ്ട് നിറഞ്ഞതാണ് പല തെലുങ്ക് സിനിമകളും. കോടികള്‍ വാരിയെറിയുന്ന തെലുങ്ക് സിനിമാ ഇന്റസ്ട്രിയില്‍ വല്ലപ്പോഴുമാണ് ചില നല്ല സിനിമകള്‍ പുറത്തിറങ്ങുന്നത്. തെലുങ്കിന്റെ ഈ പതിവ് വഴികളെയെല്ലാം സംവിധായകന്‍ ഫിദയില്‍ കൈവിട്ടിട്ടുണ്ട്. തട്ടുപൊളിപ്പന്‍ ഡാന്‍സും പാട്ടും പോലും ഈ ചിത്രത്തിലില്ല.

നായകനായ വരുണും നായിക ഭാനുമതിയും തമ്മിലുള്ള ബന്ധം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചെറു നര്‍മ്മങ്ങള്‍ ചേര്‍ത്ത് ഇവരുടെ ബന്ധത്തെ സംവിധായകന്‍ മനോഹരമാക്കി. ഇവരുടെ ബന്ധത്തില്‍ ഉണ്ടാവുന്ന തെറ്റിദ്ധാരണയും പിന്നീട് സത്യങ്ങള്‍ മനസ്സിലാക്കുന്നതുമെല്ലാം കൃത്രിമത്വം നിറഞ്ഞതായി അനുഭവപ്പെടുമെങ്കിലും ആ പ്രണയത്തിന്റെ ഊഷ്മളതയില്‍ പ്രേക്ഷകര്‍ ഇത്തരം പോരായ്മകള്‍ എല്ലാം മറന്നുപോകുമെന്ന് തീര്‍ച്ച. പ്രേമം, കലി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ സായി പല്ലവിയുടെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന നായിക പ്രേക്ഷകരെ വല്ലാതെ ആകര്‍ഷിക്കും. നായക കഥാപാത്രത്തെ വരുണ്‍ തേജും മികച്ച രീതിയില്‍ അവതരിപ്പിച്ചു. പലപ്പോഴും മൊഴിമാറ്റ ചിത്രങ്ങളുടെ പോരായ്മയാകുന്ന ഡബ്ബിംഗിലെ പ്രശ്‌നങ്ങള്‍ ഫിദയില്‍ അനുഭവപ്പെടുന്നില്ല. നല്ല രീതിയില്‍ ഡബ്ബിംഗ് നിര്‍വ്വഹിച്ചത് ഒരു മലയാള ചിത്രം ആസ്വദിക്കുന്നതുപോലെ ഫിദയെ ആസ്വദിക്കാന്‍ സഹായിക്കുന്നു. വിജയ് സി കുമാറിന്റെ ഛായാഗ്രഹണവും മാര്‍ത്താണ്ട് കെ വെങ്കിടേഷിന്റെ എഡിറ്റിംഗും ശക്തികാന്ത് കാര്‍ത്തികിന്റെ ഗാനങ്ങളും ചിത്രത്തിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നു.

ഫിദയിലെ പ്രണയവും പശ്ചാത്തലവും ലളിതമായ അവതരണവുമെല്ലാം മലയാള ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. പോരായ്മകള്‍ ഏറെയുണ്ടെങ്കിലും ഒരു തെലുങ്ക് മൊഴിമാറ്റ ചിത്രമെന്ന നിലയില്‍ നോക്കുമ്പോള്‍ മലയാളത്തോട് ചേര്‍ന്നു നില്‍ക്കുന്ന മനോഹരമായ ഒരു സിനിമ തന്നെയാണ് ഫിദ.