Friday
20 Jul 2018

ഒരു കളി, ഒരൊറ്റ കളി….ജയിച്ചാല്‍ സ്വപ്‌ന കിരീടം തൊട്ടരികെ

By: Web Desk | Sunday 8 July 2018 11:05 PM IST

സുരേഷ് എടപ്പാള്‍

ഒരു കളി, ഒരൊറ്റ കളി..ജയിച്ചാല്‍ സ്വപ്‌ന കിരീടത്തിന് തൊട്ടരികെ.. പോരാട്ട ചിത്രം 32 ല്‍ നിന്ന് നാലിലെത്തുമ്പോള്‍ ഇനി ഒരേ ഒരു ലക്ഷ്യമേ ബാക്കിയുള്ളൂ കാല്‍പന്തുകളിയുടെ ആ സുവര്‍ണ്ണ കിരീടം സ്വന്തമാക്കുക. ഫുട്‌ബോളിനെ നെഞ്ചേറ്റുന്നവര്‍ക്ക് അതിലും വലിയ ഒരംഗീകാരമില്ല. ലോകപ്പിനോളം ഉയരത്തില്‍ മറ്റൊരു കിരീടവും വരില്ല. കാരണം ആ കപ്പടിക്കുന്നവര്‍ മറികടന്നെത്തുന്നത് ഭൂഗോളത്തിലെ കാല്‍പന്തു തട്ടകങ്ങളേയാണ്. രണ്ട് മത്സരം ജയിച്ചാല്‍ ലോകത്തിന്റെ നെറുകിലാണ്. അതുകൊണ്ട് തന്നെ സെമിഫൈനലിലെ നാലു ടീമുകളും പൊരുതുന്നത് ജയത്തിനു വേണ്ടിയാണ്.

ഫ്രാന്‍സ്, ബെല്‍ജിയം, ഇംഗ്ലണ്ട്, ക്രൊയേഷ്യ. നാലില്‍ രണ്ട് ടീമുകള്‍ മുന്‍ ലോക ചാമ്പ്യന്മാരാണ്. 1998 ല്‍ ഫ്രാന്‍സും, 1966 ഇംഗ്ലണ്ടും കപ്പ് നേടിയവര്‍. ഇവരാണ് സെമിയില്‍ ജയിക്കുന്നതെങ്കില്‍ ഫൈനല്‍ രണ്ട് മുന്‍ ലോകചാമ്പ്യന്മാര്‍ തമ്മിലുള്ള പോരാട്ടമാകും, മറ്റ് രണ്ട് ടീമുകള്‍ ഈ ലോകകപ്പിന്റെ പടക്കുതിരകളാണ്. ബെല്‍ജിയം, ക്രൊയേഷ്യ. ഇവരാണ് ഫൈനലിലെത്തുന്നതെങ്കില്‍ റഷ്യയില്‍ പിറവിയെടുക്കുന്നത് ഒരു പതിയ ലോകചാമ്പ്യനാകും. ഇന്നോളം കപ്പ് നേടാത്ത ഒരു സൂപ്പര്‍ ചാമ്പ്യന്‍. വലിയ പരീക്ഷണങ്ങളെ അതിജീവച്ചാണ് നാലു ടീമുകളും കലാശപ്പോരിന്റെ വക്കോളം എത്തി നില്‍ക്കുന്നത്. ഗ്രൂപ്പ് റൗണ്ട് മുതല്‍ തുടങ്ങിയ പോരാട്ടത്തില്‍ അഗ്നി പരീക്ഷങ്ങളെ മുറിച്ചു കടന്നവര്‍.