Sunday
19 Nov 2017

വണ്‍മില്യണ്‍ ഗോള്‍മഴയില്‍ വന്‍ ജനപങ്കാളിത്തം

By: Web Desk | Wednesday 27 September 2017 11:16 PM IST

കൊച്ചി:

 

ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ മത്സരങ്ങളോടനുബന്ധിച്ചുള്ള വണ്‍ മില്യണ്‍ ഗോള്‍ മഴയില്‍ ലോകകപ്പിന് മുഖ്യവേദിയാകുന്ന കൊച്ചിയില്‍ വന്‍ ജനപങ്കാളിത്തം. എറണാകുളം ജില്ലയില്‍ 313 കേന്ദ്രങ്ങളിലാണ് ഗോളടിക്കല്‍ പരിപാടി സംഘടിപ്പിച്ചത്. എറണാകുളംദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലാണ് പ്രധാന ഗോള്‍ പോസ്റ്റ് ഒരുക്കിയത്. പനമ്പിള്ളി നഗര്‍, കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസ്, കളക്‌ട്രേറ്റ് പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങള്‍ക്കുപുറമെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും വണ്‍മില്യണ്‍ ഗോള്‍ പരിപാടി സംഘടിപ്പിച്ചു. ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്‍, അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ജോര്‍ജ്ജ് തോമസ്, സന്തോഷ് ട്രോഫിതാരങ്ങളായ ബ്ലാസി ജോര്‍ജ്ജ്, സി സി ജേക്കബ്, എം എം ജേക്കബ്, ഐ ജി പി വിജയന്‍, ജോണ്‍ ഫെര്‍ണാണ്ടസ് എം എല്‍ എ, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വി എ സക്കീര്‍ ഹുസൈന്‍, കെ വി തോമസ് എംപി, കെ എം ഐ മേത്തര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പെരുമ്പാവൂര്‍ മുനിസിപ്പല്‍ തല ഉദ്ഘാടനം ഗവ. ഗേള്‍സ് എച്ച്എസ് എസില്‍ നടന്നു. സംസ്ഥാന സ്‌പോര്‍ട്ട്‌സ് കൗണ്‍സിലിന്റേയും കായിക യുവജനകാര്യ വകുപ്പിന്റേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച വണ്‍ മില്യന്‍ ഗോള്‍ ക്യാമ്പയില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍ കിക്കോഫ് ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ നിഷ വിനയന്‍, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്‍മാര്‍, കൗണ്‍സിലര്‍മാര്‍, സ്‌കൂളിലെ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, നഗരസഭ ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു. വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിന്റെ മുടക്കുഴ പഞ്ചായത്തുതല ഉദ്ഘാടനം ഗവ.യു.പി സ്‌കൂളില്‍ നടന്നു. മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈമി വര്‍ഗ്ഗീസ് കിക്കോഫ് നിര്‍വ്വഹിച്ചു.
ഒരു മില്യന്‍ ഗോള്‍ മൂവാറ്റുപുഴ മിനി സിവില്‍ സ്‌റ്റേഷനിലെ വിവിധ വകുപ്പുകളും പങ്കാളികളായി. സിവില്‍ സ്‌റ്റേഷന്‍ അങ്കണത്തില്‍ നടന്ന ഗോളടിയ്ക്കല്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ ഉദ്ഘാടനം ചെയ്തു. ആര്‍ഡിഒ എസ്ഷാജഹാന്‍, ആര്‍ടിഒ എ കെ ശശീന്ദ്രന്‍, ജോയിന്റ് ആര്‍ ടി ഒ ടി എം ജര്‍സണ്‍, കെജെ ഫാബിയനോസ്, ബി മധു, ബേസില്‍ കുരുവിള, അബ്ബാസ് എന്നിവരും ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തിയവരും ഗോളടിച്ചു.500 ഗോളുകളാണ് മിനി സിവില്‍ സ്‌റ്റേഷനില്‍ ഒരു മില്യന്‍ ഗോളിലേക്കായി അടിച്ചത്.
‘ വണ്‍ മില്ല്യണ്‍ ഗോള്‍ ‘ എന്ന പരിപാടിയുടെ ഭാഗമായി മരട് നഗരസഭയും ഗോളടിച്ചു. മരട് മാങ്കായില്‍ ഹൈസ്‌കൂള്‍ ഫുട്‌ബോള്‍ ഗ്രൗണ്ടിലാണ് വണ്‍ മില്ല്യണ്‍ ഗോള്‍ പരിപാടി നടന്നത്.നഗരസഭ ചെയര്‍പെഴ്‌സണ്‍ സുനില്‍ സിബി ആദ്യ ഗോളടിച്ചു ഉദ്ഘാടനം നിര്‍വ്വഹിച്ചു. പിന്നീടങ്ങോട്ട് ഗോളുകളുടെ പെരുമഴയായി മാറി.നഗരസഭ കൗണ്‍സിലര്‍മാരും, ഉദ്യോഗസ്ഥരും, അംബുജാക്ഷന്‍ മെമ്മോറിയല്‍ ഫുട് ബോള്‍ പരിശീലകരും, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ,പ്രവര്‍ത്തകരും,സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും,നാട്ടുകാരും ഗോളടിക്കാന്‍ കുടുകയുണ്ടായി.
പാലിയം ഗവ. ഹൈസ്‌കൂളില്‍ നടന്ന വണ്‍ മില്ല്യണ്‍ ഗോള്‍ പരിപാടിയുടെ ഉദ്ഘാടനം ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എം ഇസ്മയില്‍ നിര്‍വ്വഹിച്ചു. പഞ്ചായത്തില്‍ മൂന്ന് കേന്ദ്രങ്ങളിലാണ് ഈ മത്സരം നടന്നത്. കരിമ്പാടം ഡി ഡി സഭ ഹൈസ്‌കൂള്‍, ചേന്ദമംഗ
ലം ഗവ. എല്‍ പി സ്‌കൂള്‍, പാലിയം ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് മത്സരം നടന്നത്.
ആലുവ നഗരസഭയുടെ ആഭിമുഖ്യത്തില്‍ വണ്‍ മില്ല്യണ്‍ ഗോളിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം നിര്‍വ്വഹിച്ചു.
ആലുവ നഗരസഭ സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ആലുവയിലെ മുന്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ താരങ്ങളും മുന്‍ സന്തോഷ് ട്രോഫി താരങ്ങളും പങ്കെടുത്തു. നഗരസഭ കൗണ്‍സിലര്‍മാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.എടത്തല ഗ്രാമപഞ്ചായത്ത് നൊച്ചിമ സോക്കര്‍ സെവന്‍സ്, അല്‍ അമീന്‍ കോളേജ് വണ്‍ മില്ല്യണ്‍ ഗോള്‍ ഉദ്ഘാടനം ചെയ്തു. കോമ്പാറ സേവന ലൈബ്രറിക്ക് സമീപം നടന്ന പരിപാടി എടത്തല പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് ഉദഘാടനം ചെയ്തു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം അഫ്‌സല്‍ കുഞ്ഞുമോന്‍ മുഖ്യാതിഥിയായി. എടത്തല പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌വിഎം അബൂബക്കര്‍, ജില്ലാ പഞ്ചായത്തംഗം അസ്‌ലഫ് പാറേക്കാടന്‍, വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ആബിദാ ഷെരീഫ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി കുഞ്ഞുമുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.
തലസ്ഥാനജില്ലയില്‍ വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിനിന്റെ ഭാഗമായി ആറ്റിങ്ങലില്‍ പത്ത് കേന്ദ്രങ്ങളിലായി ജനങ്ങള്‍ ഗോളടിച്ചു.
വൈകുന്നേരം 3ന് ആരംഭിച്ച് രാത്രി 7ന് ക്യാമ്പയിന്‍ സമാപിച്ചു. പ്രധാന വേദിയായ മുന്‍സിപ്പല്‍ ഓഫീസ് അങ്കണത്തില്‍ അഡ്വ.ബി സത്യന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.