Wednesday
17 Oct 2018

ഗോള്‍ മഴ പെയ്യിച്ച് റഷ്യ

By: Web Desk | Thursday 14 June 2018 10:34 PM IST

  • ഗാസിന്‍സ്‌കി ലോകകപ്പിലെ ആദ്യഗോളിന് അവകാശിയായി

മോസ്‌കോ: റഷ്യയ്ക്കും ലോകകപ്പിനും സ്വപ്‌നസമാനമായ തുടക്കം. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് റഷ്യ സൗദി അറേബ്യയെ തകര്‍ത്തു.

അലക്‌സാണ്ടര്‍ ഗോളോവിന്റെ ക്രോസിന് തലവെച്ച യൂറി ഗാസിന്‍സ്‌കി റഷ്യന്‍ ലോകകപ്പിലെ ആദ്യ ഗോളിന്റെ ഉടമയായി. തുടര്‍ന്ന് 24ാം മിനിറ്റില്‍ റഷ്യന്‍ താരം അലന്‍ സഗോയെവ് പരിക്കേറ്റ കളം വിട്ടു. പകരക്കാരനായി ഡെനിസ് ചെറിഷേവെത്തി. കാത്തുവച്ചിരുന്ന അവസരം പോലെ, 43ാം മിനിറ്റില്‍ റഷ്യയുടെ രണ്ടാം ഗോള്‍ ചെറിഷേവിന്റെ വകയായിരുന്നു. ചെറിഷേവ് തൊടുത്ത ഇടങ്കാലനടി ഗോള്‍വലകുലുക്കി.

71 ാം മിനിറ്റില്‍ മറ്റൊരു പകരക്കാരനായ ആര്‍ടെം സ്യൂബയാണ് റഷ്യയുടെ മൂന്നാം ഗോള്‍ നേടിയത്. ഫിയോദര്‍ സ്‌മോലാവിന് പകരക്കാരനായിറങ്ങി, തൊട്ടടുത്ത മിനിറ്റില്‍ തന്നെയായിരുന്നു സ്യൂബയുടെ ഗോള്‍. ആദ്യ ഗോളിന് വഴിയൊരുക്കിയ ഗോളോവിന്‍ തന്നെയാണ് ഇക്കുറിയും സഹായി.

ഇഞ്ച്വറി ടൈമില്‍ ചെറിഷേവ് നാലാം ഗോള്‍ നേടി, സ്യൂബയാണ് വഴിയൊരുക്കിയത്. മത്സരത്തിന്റെ അവസാനമിനിറ്റില്‍ ഗോളോവിന്‍ റഷ്യയുടെ അഞ്ചാം ഗോളും നേടി. ആദ്യ മത്സരത്തിലെ വിജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമായ റഷ്യയുടെ പ്രീക്വര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമായി.