Wednesday
21 Nov 2018

നാടോടിക്കഥ തുടരാന്‍ ക്രൊയേഷ്യ

By: Web Desk | Saturday 7 July 2018 5:24 PM IST

സോചി: റഷ്യന്‍ ലോകകപ്പിലെ നാടോടിക്കഥയ്ക്ക് തുല്യമായ പ്രയാണം തുടരാന്‍ ക്രൊയേഷ്യ ഇന്ന് ആതിഥേയര്‍ക്കെതിരെ ഇറങ്ങുന്നു. പ്രീക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന ടീം തങ്ങളുടെ ഏറ്റവും മികച്ച ലോകകപ്പായി റഷ്യയെ മാറ്റാനുള്ള ലക്ഷ്യത്തിലാണ്. ഇതിന് മുമ്പ് 1998 ല്‍ അപ്രതീക്ഷിതമായി സെമിയിലെത്തി മൂന്നാംസ്ഥാനം കരസ്ഥമാക്കിയതാണ് ഇതിന് മുമ്പുള്ള മികച്ച നേട്ടം. ഒരുജയം അകലെ ഈ നേട്ടം ക്രൊയേഷ്യയ്ക്ക് മുന്നിലുണ്ട്. ഫിഷ്ട് ഒളിമ്പിക്‌സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 11.30 നാണ് മത്സരം
ലൂക്കാ മോഡ്രിക്ക്, ഇവാന്‍ റാക്കിറ്റിച്ച്, പെരിസിച്ച്, ക്രാമറിച്ച് എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു പുതിയ തലമുറയാണ് റഷ്യയെ നേരിടാന്‍ തയ്യാറെടുക്കുന്നത്.
ഗൂപ്പ് ഘട്ടത്തില്‍ ക്രൊയേഷ്യ അര്‍ജന്റീന ഉള്‍പ്പെടെയുള്ളവരെ വെട്ടിനിരത്തി തോല്‍വി എന്തെന്നറിയാതെയാണ് പ്രീക്വാര്‍ട്ടറില്‍ കടന്നത്. എന്നാല്‍ ഡെന്മാര്‍ക്കിനെതിരെ ടീമിന് വേണ്ടത്ര തിളങ്ങാനായില്ല.

പ്രിക്വാര്‍ട്ടറില്‍ ശക്തരായ സ്‌പെയിനെ മലര്‍ത്തിയടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് റഷ്യ. ക്രൊയേഷ്യയുടെ പ്രതിരോധ കോട്ടയില്‍ വിള്ളലുണ്ടാക്കിയാല്‍ മാത്രമേ അനുകൂലമായ വിധിയെഴുതാന്‍ ഇവര്‍ക്ക് കഴിയു. എന്നാല്‍ ലോവ്‌റെന്‍ നയിക്കുന്ന ക്രൊയേഷ്യന്‍ പ്രതിരോധ നിരയെ അട്ടിമറിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആര്‍ടെം സ്യൂബ ഉള്‍പ്പെടെയുള്ള മുന്നേറ്റതാരങ്ങളുടെ പ്രകടനം റഷ്യക്ക് പ്രതീക്ഷയാണ്.