Monday
20 Aug 2018

കായികമാമാങ്കത്തിന് നാളെ കിക്കോഫ്

By: Web Desk | Wednesday 13 June 2018 7:00 AM IST

മോസ്‌കോ:

ഫുട്‌ബോള്‍ ലോകകപ്പിന് അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. റഷ്യയിലെ ലുഷ്‌നിക്കി ഒളിമ്പിക്‌സ് സ്റ്റേഡിയത്തില്‍ ആതിഥേയര്‍ സൗദി അറേബ്യയെ നേരിടുന്നതോടെ 2018ലെ ലോകകപ്പിന് തുടക്കമാകും. പിന്നീടുള്ള ഒരുമാസക്കാലം ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകരെ ആവേശകരമായ ഫുട്‌ബോള്‍ കാഴ്ചകളാണ് കാത്തിരിക്കുക.
പരിശീലനവും സന്നാഹമത്സരങ്ങളും പൂര്‍ത്തിയാക്കി റഷ്യയിലേക്ക് ടീമുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ലോകകപ്പ് മത്സരങ്ങള്‍ക്കായി റഷ്യയിലെത്തിയ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സാലയ്ക്ക് ഗംഭീര വരവേല്‍പാണ് ലഭിച്ചത്. ഈജിപ്തിന്റെ പത്താം നമ്പര്‍ ജേഴ്‌സിയണിയുന്ന സാലയെ പ്രശസ്തമായ ‘മോ സലാ’ പാട്ട് പാടിയാണ ആരാധകര്‍ വരവേറ്റത്.
തിങ്കളാഴ്ചയാണ് ഈജിപ്ത് നാഷണല്‍ ടീമിനൊപ്പം സല റഷ്യയിലെത്തിയത്. റയല്‍ മാഡ്രിഡുമായി നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ റയല്‍ ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസിന്റെ ഫൗളിനെത്തുടര്‍ന്ന് തോളിന് പരിക്കേറ്റ സാല ഈജിപ്തിന്റെ ആദ്യ മത്സരത്തില്‍ കളിക്കുമോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. 15 ആം തിയതി ഉറുഗ്വെയുമായാണ് ഈജിപ്തിന്റെ ആദ്യ മത്സരം. 19 ന് ആതിഥേയരായ റഷ്യക്കെതിരെയുള്ള മത്സരത്തില്‍ താരം കളിക്കുമെന്നുറപ്പായിക്കഴിഞ്ഞു.

ഏഷ്യന്‍ ശക്തികളായ ഇറാനാണ് ദിവസങ്ങള്‍ക്കു മുന്‍പേ റഷ്യയില്‍ ആദ്യമെത്തിയത്. പിന്നീട് മെസ്സിയുടെ അര്‍ജന്റീനയും ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലും നെയ്മറിന്റെ ബ്രസീലുമെല്ലാം റഷ്യയില്‍ എത്തിക്കഴിഞ്ഞു.ഇന്നത്തോടെ എല്ലാ ടീമുകളും റഷ്യന്‍ മണ്ണില്‍ കാല്‍ചവിട്ടും.
റഷ്യയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടുകയാകും കളിക്കാരുടെ വലിയ വെല്ലുവിളി. പൊതുവെ തണുത്ത കാലാവസ്ഥയുള്ള റഷ്യയില്‍ കളിക്കാന്‍ യൂറോപ്യന്‍ ക്ലബ്ബുകളില്‍ കളിച്ച് പരിചയമുള്ള താരങ്ങള്‍ക്ക് ബുദ്ധിമുട്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂണ്‍ 14ന് കിക്കോഫ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ 32 ടീമുകളും റഷ്യയില്‍ എത്തും. റഷ്യയിലെ സ്റ്റേഡിയങ്ങള്‍ തമ്മിലുള്ള ദൂരവും കളിക്കാര്‍ക്ക് തലവേദനയാകും. കളികാണാനെത്തുന്നവര്‍ക്കും പല സ്റ്റേഡിയങ്ങളിലേക്ക് ആഘോഷമായി പറന്നുനടക്കാനാവില്ല. രാജ്യത്തിന്റെ വലുപ്പവും നഗരങ്ങളുടെ ദൂരവുമെല്ലാം ഏതുതരത്തില്‍ ബാധിക്കുമെന്നത് വരും ദിവസങ്ങളില്‍ കണ്ടറിയേണ്ടിയിരിക്കുന്നു.