Wednesday
21 Nov 2018

ക്രിസ്റ്റ്യാനോ യുവന്‍റ്സില്‍

By: Web Desk | Tuesday 10 July 2018 10:48 PM IST

മാഡ്രിഡ്: അഭ്യൂഹങ്ങള്‍ക്ക് വിട. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടു. ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവന്റസിലേക്കാണ് കൂടുമാറ്റം. റയല്‍ മഡ്രിഡ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നീണ്ട ഒമ്പതുവര്‍ഷങ്ങള്‍ നീണ്ട റയല്‍മാഡ്രിഡ് കരിയറിനാണ് റോണോ വിരാമമിട്ടിരിക്കുന്നത്. 2009ലാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് റയലിലെത്തിയത്.

റയല്‍ മാഡ്രിഡിലെ കരിയറില്‍ അഞ്ചു തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ താരം ലോകത്തിലെ മികച്ച കളിക്കാരില്‍ ഒരാളാണ്. റൊണാള്‍ഡോയുടെ ഏജന്റായ മെന്‍ഡിസും മാഡ്രിഡ് അധികൃതരും തമ്മിലുള്ള ചര്‍ച്ചയിലാണ് കൂടുമാറ്റം അംഗീകരിച്ചത്. ഇറ്റാലിയന്‍ ക്ലബ് മുന്നോട്ടു വച്ച 120 മില്യന്‍ യൂറോ റയല്‍ അംഗീകരിച്ചിരുന്നു. ഗ്രീസിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി യുവന്റ്‌സ് പ്രസിഡന്റ് ആന്ദ്രേ ആഗ്‌നേലി ചര്‍ച്ച നടത്തിയിരുന്നു.
വര്‍ഷത്തില്‍ ഏതാണ്ട് 30 മില്യണ്‍ യൂറോയോളം യുവന്റസ് താരത്തിന് ശമ്പള ഇനത്തില്‍ നല്‍കിയേക്കും. അത്രയും തുക തന്നെ ടാക്‌സായും നല്‍കേണ്ടിവരും. നാലുവര്‍ഷത്തേക്ക് ആകെ 340 കോടി യൂറോയുടേതാണ് ഇടപാടെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഇന്ത്യന്‍ രൂപയില്‍ 3100 കോടിയോളം വരും.

ഈ സീസണില്‍ റയല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതിന് തൊട്ടു പിന്നാലെയാണ് റൊണാള്‍ഡോ റയല്‍ വിടുമെന്ന അഭ്യൂഹങ്ങള്‍ പരന്നത്. പിന്നീട് ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു റൊണാള്‍ഡോ. എന്നാല്‍ പ്രീ ക്വാര്‍ട്ടറില്‍ ഉറുഗ്വെയോട് പരാജയപ്പെട്ട് പോര്‍ച്ചുഗല്‍ ലോകകപ്പില്‍ നിന്ന് പുറത്തായി. അതിനിടെ താരം യുവന്റസുമായി കരാറിലെത്തുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ റിപ്പോര്‍ട്ടുകളെ ശരിവെച്ചുകൊണ്ടാണ് ഇപ്പോള്‍ ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുന്നത്. തുടര്‍ച്ചയായി ഇറ്റലിയിലെ ചാമ്പ്യന്‍പട്ടം നേടുന്ന യുവന്റ്‌സ് ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ടാണ് വമ്പന്‍ നീക്കം നടത്തിയിരിക്കുന്നത്., റൊണാള്‍ഡോയുടെ വരവ് യുവന്റസിന് കൂടുതല്‍ വരുമാനം നല്‍കുമെന്നും പ്രതീക്ഷിപ്പെടുന്നു.

റയല്‍ മാഡ്രിഡിലെ ഒമ്പത് വര്‍ഷത്തിന് ക്ലബിനോടും ആരാധകരോടും സഹതാരങ്ങളോടും റൊണാള്‍ഡോ നന്ദി പറഞ്ഞു. ഒമ്പതുവര്‍ഷവും മികച്ചതായിരുന്നെന്ന് പറഞ്ഞ റൊണാള്‍ഡോ കരിയറില്‍ പുതിയ ഒരു അദ്ധ്യായത്തിന് സമയം ആയെന്ന് തോന്നിയതാണ് ക്ലബ് വിടാന്‍ കാരണം.

ഇതാണ് ശരിയായ സമയം എന്നു തോന്നിയത് കൊണ്ടാണ് ക്ലബിനോട് ഇക്കാര്യം സംസാരിച്ചത്. ആരാധകര്‍ ഇത് മനസ്സിലാക്കണം എന്നും റൊണാള്‍ഡോ പറഞ്ഞു. റയല്‍ തന്നെ മികച്ച താരമായി നിലനിര്‍ത്തുന്നതിന് സഹായിച്ചു എന്ന് ചൂണ്ടിക്കാട്ടിയ ക്രിസ്റ്റ്യാനോ റയല്‍ മാഡ്രിഡ് വലിയ ക്ലബായത് കൊണ്ട് തന്നെ നിലവാരം എപ്പോഴും മികച്ചതാകേണ്ടതുണ്ടെന്നും പ്രതീക്ഷകള്‍ അത്രയ്ക്കാണെന്നും ഓര്‍മ്മിപ്പിച്ചു. മാഡ്രിഡ് നഗരത്തിനും ക്ലബിനും എപ്പോഴും വലിയൊരു സ്ഥാനം തന്റെ ഹൃദയത്തില്‍ ഉണ്ടാകുമെന്നും റോണോ പറഞ്ഞു.