Wednesday
22 Aug 2018

അത്തിപ്പഴം മരുന്നിനും

By: Web Desk | Friday 25 August 2017 11:28 PM IST

അത്തിപ്പഴത്തെപ്പറ്റി കേട്ടിട്ടില്ലാത്തവര്‍ ആരുംതന്നെയില്ല. ആര്‍ട്ടിക്കേസി കുടുംബത്തില്‍പ്പെട്ട ഇതിന്റെ ശാസ്ത്രനാമം ഫൈക്കസ് കാരിക്ക എന്നാണ്. ഫൈക്കസ് ജനുസില്‍ ഉള്‍പ്പെടുന്ന ഇത് കണ്‍ട്രിഫിഗ് എന്നും അറിയപ്പെടുന്നു. ശീമയത്തി, കാട്ടത്തി, ചുവന്നയത്തി, കൊടിയത്തി, കല്ലത്തി, മലയത്തി, വിഴുലത്തി, പേരത്തി, കരുകത്തി എന്നിങ്ങനെ 13 ഇനം അത്തികളുണ്ടെന്നാണ് ആയുര്‍വേദമതം. ഇവയില്‍ ശീമയത്തിയാണ് മരുന്നിനായി സാധാരണ ഉപയോഗിക്കുന്നത്. അത്യുല്‍പ്പാദനശേഷിയുള്ള സിംല അത്തിയും വലിപ്പമാര്‍ന്ന പഴമുള്ള ഇസ്രായേല്‍ അത്തിയും പല സ്ഥലങ്ങളിലും കൃഷി ചെയ്തുവരുന്നുണ്ട്.
പലസ്തീനാണ് അത്തിയുടെ ജന്മസ്ഥലം. അത്തിയെപ്പറ്റി ബൈബിളിലും പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഇസ്രയേല്‍, പലസ്തീന്‍ ദേശങ്ങളില്‍ വ്യാപകമായി വളരുന്ന അത്തി ഇന്ത്യ, ശ്രീലങ്ക, തുര്‍ക്കി, അമേരിക്ക, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളിലും കാണപ്പെടുന്നു. പത്തു മീറ്ററോളം ഉയരത്തില്‍ വളരുന്ന അത്തിമരത്തിന്റെ കട്ടിയുള്ള ഇലകള്‍ക്ക് അണ്ഡാകാരമാണ്. ഇരുപത് സെന്റീമീറ്ററോളം നീളവും കാണും. ഇലകള്‍ പെട്ടെന്ന് വാടിവീഴാത്തതുകൊണ്ട് ഭക്ഷണം വിളമ്പിക്കഴിക്കുവാന്‍ ഉപയോഗിക്കുന്നു. നിറയെ ശാഖകളുമായി ഇടതൂര്‍ന്ന് വളരുന്നതിനാല്‍ തണല്‍വൃക്ഷമായും ഇവയെ നട്ടുവളര്‍ത്താം. ഇന്ത്യയില്‍ പൂനൈ, ബംഗളൂരു എന്നിവിടങ്ങളില്‍ അത്തി ധാരാളമായി കൃഷി ചെയ്തുവരുന്നു. മിതശീതോഷ്ണ മേഖലയില്‍ ചതുപ്പുനിലങ്ങളൊഴികെയുള്ള എല്ലാ പ്രദേശങ്ങളിലും അത്തി നന്നായി വളരും. വിത്ത് കിളിര്‍ക്കാത്തതുകൊണ്ട് മുറ്റിയ കമ്പ് നട്ടാണ് വളര്‍ത്തേണ്ടത്. എന്നാലും പതിവെച്ചുണ്ടാക്കുന്ന തൈകള്‍ പെട്ടെന്ന് വളരുകയും കായ്ക്കുകയും ചെയ്യും.
ഒരു മീറ്റര്‍ സമചതുരത്തിലും ആഴത്തിലും കുഴിയെടുത്ത് മേല്‍മണ്ണും ജൈവവളവും ചേര്‍ത്ത് കുഴി നിറച്ച് അര കിലോഗ്രാം എല്ലുപൊടി വിതറി തൈകള്‍ നടാം. ആദ്യകാല ശുശ്രൂഷകള്‍ക്കുശേഷം മറ്റൊരു പരിചരണവും ഇവയ്ക്കാവശ്യമില്ല. മൂന്നാം കൊല്ലം തൊട്ട് കായ് പറിച്ചു തുടങ്ങാം. നാടന്‍ ഇനങ്ങളെ അപേക്ഷിച്ച് സിംല, ഇസ്രയേല്‍ എന്നീ ഇനങ്ങളില്‍ മിക്കവാറും എല്ലാ കാലങ്ങളിലും കായുണ്ടാകും.
നവംബര്‍ മാസത്തെ ഇല പൊഴിച്ചിലിനു ശേഷം തായ്ത്തടിയിലും ശിഖരങ്ങളിലും പുറത്തുകാണുന്ന വേരുകളുള്‍പ്പെടെയുള്ള ഭാഗങ്ങളിലുമെല്ലാം നിറയെ കുലകളായി കായ്പിടിക്കുന്നു. പുഷ്പമഞ്ജരികള്‍ക്കുള്ളില്‍ നീണ്ട കുലകളായി പെണ്‍പൂക്കളും ആണ്‍പൂക്കളും ഒന്നായി കാണപ്പെടുന്നു. ഇത്തരം പൂക്കളില്‍ ശലഭങ്ങള്‍ വന്നിരിക്കുമ്പോഴുണ്ടാവുന്ന ചെറുമര്‍ദം കൊണ്ടാണ് പരാഗണം നടക്കുന്നത്. നാടന്‍ പേരയ്ക്കയുടെ വലിപ്പത്തില്‍ ഇളംചുവപ്പുനിറമുള്ള 10-15 പഴങ്ങള്‍ ഒരു കുലയിലുണ്ടാവും. പുറംതൊലി ചെത്തിക്കളഞ്ഞ് ചെറുവിത്തുകളോടു കൂടി അത്തിപ്പഴം കഴിക്കാം. പ്രായപൂര്‍ത്തിയായ ഒരു മരത്തില്‍ നിന്നും 10-15 കിലോഗ്രാം പഴം ലഭിക്കും. മരത്തില്‍ നിന്ന് പഴുക്കുന്നവയ്ക്കാണ് കൂടുതല്‍ സ്വാദ്.
ഉണങ്ങിയ അത്തിപ്പഴത്തില്‍ അമ്പതുശതമാനം പഞ്ചസാരയും മൂന്നരശതമാനം മാംസ്യവും സോഡിയം, ഇരുമ്പ്, ഗന്ധകം തുടങ്ങിയ ലവണങ്ങളും അടങ്ങിയിട്ടുണ്ട്.
അത്തിത്തൊലിയിട്ട് തിളപ്പിച്ച വെള്ളം തണുപ്പിച്ച് ചെങ്കണ്ണുരോഗം ബാധിച്ച കണ്ണ് കഴുകാന്‍ നല്ലതാണ്. അത്തിപ്പഴം പഞ്ചസാരയുമായി ചേര്‍ത്തുകഴിച്ചാല്‍ രക്തസ്രാവം ശമിപ്പിക്കാനും ദന്തക്ഷയവും മലബന്ധവും ഇല്ലാതാക്കാനും സാധിക്കും. മുലപ്പാലിന് തുല്യം പോഷകഗുണങ്ങള്‍ അത്തിപ്പഴത്തിലുള്ളതുകൊണ്ട് കുഞ്ഞുങ്ങള്‍ക്കും നല്‍കാം. കുട്ടികളുടെ ക്ഷീണം അകന്ന് വളര്‍ച്ച ത്വരിതപ്പെടും.

 

Related News