Thursday
24 Jan 2019

നമ്മള്‍ ആട്ടിറച്ചിക്കു പകരം മൂരിതന്നെ തിന്നും

By: Web Desk | Monday 1 January 2018 6:20 PM IST

ആട്ടിറച്ചിയുടെ രുചിയോര്‍ത്ത് ഇല്ലാത്ത കാശുമായി ചന്തയിലെത്തുന്ന മാംസപ്രിയരെ തന്ത്രപൂര്‍വം പറ്റിക്കുന്ന കശാപ്പുകാരുണ്ട്. ആടിന്റെ വിലയ്ക്ക് ക്രിസ്മസ്ചന്തയില്‍നിന്നും  വാങ്ങിയ മൂരിക്കുട്ടന്റെ ഇറച്ചി പാകപ്പെടുത്തി രുചിച്ചിട്ട് ഇത് ആടല്ലല്ലോ എന്ന് ഓര്‍ത്ത് വിലപിക്കുന്നവന്റെ അവസ്ഥയാണ് ആട് രണ്ട് എന്ന സിനിമകാണുമ്പോള്‍ ഉണ്ടാവുക.
ഇതുപോലെ നല്ല കാലത്തായിരുന്നേല്‍ ആട് ഒന്നാം നമ്പരും പരാജയപ്പെടില്ലായിരുന്നു എന്റെ ഷാജിപാപ്പാ എന്ന് പറയാനാണ് പ്രേക്ഷകന് തോന്നുന്നത്. ഓരോരോ സമയം എന്നല്ലാതെ എന്താണ് പറയുക. ആട്ടിറച്ചിക്കായുള്ള തീയറ്ററിലെ ഇടികാണുമ്പോള്‍ ബാക്കി കശാപ്പുകടകളിലൊക്കെ എന്താവും അവസ്ഥ എന്നു ചിന്തിച്ചുപോവുകയാണ്.
പണവും മിനക്കെടുത്തി ചിരിക്കാനായി തയ്യാറെടുത്ത് ചെന്നിരിക്കുന്ന പ്രേക്ഷകന്റ തലയില്‍ ഒരു ലോഡ് ചാണകം ആദ്യം തന്നെ തട്ടി സൃഷ്ടാക്കള്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കുന്നുണ്ട്. എട്ടുനിലയില്‍ പൊട്ടിപ്പോകുന്ന എത്രയോ നല്ല സിനിമകളുണ്ടായിരുന്നു അവര്‍ക്കൊക്കെ ആദരാഞ്ജലികള്‍, സമയം നല്ലതാവാന്‍ പ്രാര്‍ഥിക്കണം എന്നല്ലാതെ എന്താണ് പറയുക.
ഒരു കഥയില്ല. ആടിന് ഈ കഥയിലെന്താണുറോള്‍ എന്നും മനസിലാകുന്നില്ല. ചന്തയിലെ ആടിന്റെ തല്ലാത്ത ആട്ടിറച്ചിപോലെതന്നെ. കഥയില്ലായ്മവച്ചുള്ള കളിക്കും ഒരു പരിധിയുണ്ടല്ലോ, ശിക്കാരിശംഭു വായിക്കുന്ന കുട്ടികളെപ്പോലെ മലയാളി ആസ്വാദകന്‍ ഈ സിനിമയും കണ്ടു് ചിരിച്ചോളണം എന്നാണല്ലോ, കാരണം ഈ സീസണിലും വേറെ കാര്യമുള്ള സിനിമയില്ലെങ്കില്‍ ഈ മാളുകാരായമാളുകാരൊക്കെ എന്തു ചെയ്യും. രണ്ടിടത്ത് മാത്രമാണ് സ്വാഭാവികമായി മനസു തുറന്നു ചിരിക്കാനായത് ഒന്ന് ഷാജിപാപ്പന്റെ പഴയ ഭാര്യയോട് പോരുന്നോ എന്നു ചോദിക്കുന്ന രംഗം, രണ്ട് ബാങ്ക് കൊള്ള ചെയ്തു കിട്ടിയ പണം കൊണ്ട് ഉപയോഗമില്ലെന്നറിഞ്ഞ് വിനായകന്‍ കരഞ്ഞുകൊണ്ട് മാവുകുഴക്കുന്ന രംഗം. ബാക്കിയെല്ലാം നടുവുവെട്ടിയ ജയസൂര്യയും ഇടുക്കിക്കുമീതേ പറന്ന ക്യാമറയും കൂടി കൈകാര്യം ചെയ്തു എന്നു പറയുന്നതാവും ഭംഗി.
എന്തായാലും ഒരു കാര്യം പറയാതെ വയ്യ, ഈ സിനിമാമേളയുമൊക്കെ നടക്കുമ്പോഴെങ്കിലും ന്യൂട്ടണുമൊക്കെ ഒന്നു കണ്ടിരിക്കുന്നത് ഇത്തരം സിനിമാ പടപ്പുകാര്‍ക്ക് നല്ലതാണ്. അല്ലെങ്കില്‍ പഴയ സിനിമായുടെ കോമഡി സീനുകള്‍ തോപ്പം തോപ്പം ഇട്ടുകണ്ട് കോമഡിയെപ്പറ്റി ഒരുള്‍ക്കാഴ്ച ഉണ്ടാക്കാവുന്നതാണ്. ഒന്നുറപ്പ് ജനം തന്നെയാണ് ഇവരെ വഷളാക്കുന്നത്. ഇത് കണ്ട് മോങ്ങിച്ചിരിക്കുന്നതിനാലാണല്ലോ, രണ്ടും മൂന്നും പാര്‍ട്ട് ആയി പഴകിയ ഇറച്ചി പാകം ചെയ്ത് വിളമ്പുന്നത്. ഒന്നാം പാര്‍ട്ടില്‍ അവര്‍ സത്യം പറഞ്ഞു മേപ്പടി ജന്തു ഒരു ഭീകര ജീവിയാണെന്ന്, ഇപ്പോള്‍ ഒന്നും പറയാതെ ചിരിക്കാനിരുന്നവന്റെ അണ്ണാക്കില്‍ ഡൈനാമിറ്റും കത്തിച്ചിട്ടിട്ട് അവരു കാശുമായി പോകുകയാണ്. എന്താല്ലേ.