റിട്ടേണി; സ്വത്വത്തിന്റെ വസന്തകാലത്തിലേക്ക് മടങ്ങിപ്പോകുന്നവര്‍

By: Web Desk | Monday 11 December 2017 3:23 PM IST

ഹരികുറിശേരി

കടുംചായങ്ങളില്ലാതെ സ്വത്വം തേടിയുള്ള യാത്രയുടെ സമകാലികമായൊരു കഥപറയുകയാണ് സാബിത് കുര്‍മന്‍ബികോവ്. കസാഖ് മുസ്ലിംകളായ സപര്‍ക്കുളിന്റെ കുടുംബം യുദ്ധകലുഷിതമായ അഫ്ഗാനിസ്താനില്‍ നിന്നും ഇപ്പോള്‍ ശാന്തമായ കസാക്കിസ്താനിലേക്കുമടങ്ങുകയാണ്. വൃദ്ധപിതാവിന്‌റെ ആഗ്രഹം സഫലീകരിക്കാനാണ് അയാള്‍ പൂര്‍വികദേശത്തേക്ക് മടങ്ങുന്നത്.
സപര്‍ക്കുള്‍ സ്വദേശത്തെ പുതിയതലമുറ നയിച്ചയുദ്ധത്തില്‍ അവര്‍ക്കെതിരായി അഫ്ഗാനിസ്താനുവേണ്ടി പോരാടിയതാണ്. അയാള്‍ തോക്ക് പൊതിഞ്ഞ് അയല്‍വാസിക്കു നല്‍കുന്നു. മടക്കയാത്ര സംബന്ധിച്ച് ആശങ്കകളേറെ. വൃദ്ധനായ പിതാവിന് ഈ ദൂരമത്രയും താണ്ടാനാവുമോ, അതിര്‍ത്തിയിലെ യുദ്ധം തരണം ചെയ്യാനാകുമോ. എന്നാല്‍ അതെല്ലാം പിതാവിന്റെ ആഗ്രഹപൂര്‍ത്തിക്കായികുടുംബം പിന്നിടുന്നു. സ്ത്രീകള്‍ക്ക് മൂടുപടം ആവശ്യമില്ലാത്ത അതിര്‍ത്തിക്കപ്പുറം വൃദ്ധന്‍ മണ്ണിനെ ചുംബിച്ചാണ് കടന്നുകയറുന്നത്.

കസാക്കിലെ പുനരധിവാസ ഗ്രാമത്തില്‍ സപര്‍ക്കുളിന് ചെറിയ ജോലിലഭിക്കുന്നു. അയല്‍വാസികളും ബന്ധുക്കളുമില്ലാതെ ഒറ്റപ്പെട്ട മഞ്ഞുമൂടിയ ഗ്രാമത്തില്‍ അവര്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ തുടങ്ങുന്നു. അവിടെ മൈന്‍ സ്‌ഫോടനത്തില്‍ സംസാരശേഷി നഷ്ടപ്പെട്ട മകള്‍ക്കും ഭാര്യക്കുമൊക്കെ ചെറിയ ജോലികള്‍ ചെയ്യാനാകുന്നു.
ഇതിനിടെ പിതാവ് മരിക്കുന്നതോടെ താന്‍ ഒറ്റപ്പെട്ടെന്ന ബോധം അയാളെ ഭരിക്കുന്നു. എന്നാല്‍ പിതാവിന്റെ അന്ത്യാഭിലാഷം പോലെ കസാക്കിന്റെ മണ്ണില്‍ അയാളെ സംസ്‌കരിക്കുവാന്‍ സപര്‍ക്കുള്‍ തയ്യാറാകുന്നു. അതിന് പൂര്‍ണമായും ആ നാട്ടുകാരന്‍ ആയിട്ടില്ലാത്ത അയാള്‍ക്ക് ചില തടസങ്ങളുണ്ട്. എന്നാല്‍ ദൃഡചിത്തനായി അതിനെ നേരിടുന്ന അയാളെ ഒടുവില്‍ വിലക്കുമായെത്തുന്ന പട്ടാളക്കാരന്‍ കൂടി സഹായിക്കുകയാണ്.
അയാള്‍ക്ക് ബോംബിങില്‍ തകര്‍ന്ന സ്ഥലത്തെപള്ളി പുനര്‍നിര്‍മ്മിക്കുവാനുള്ള ഉത്തരവാദിത്വവും അതിന്റെ മേല്‍ നോട്ടച്ചുമതലയും ലഭിക്കുന്നു. ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ ലോകത്ത് പലയിടത്തും നേരിടുന്നപോലെ പുതിയ നാട്ടുകാരനുമുന്നില്‍ താന്‍ പരദേശിയാക്കപ്പടുകയോ വിലകുറച്ചുകാണുകയോ ചെയ്യുന്നുവെന്ന തോന്നല്‍ സപര്‍ക്കുള്‍ നേരിടുന്നുണ്ട്. ഇടക്ക് ഒരാക്രമണത്തെയും അയാള്‍ക്ക് തരണം ചെയ്യേണ്ടിവന്നു. എന്നാല്‍ അയാള്‍ അതെല്ലാം മറികടന്നു. പള്ളിമിനാരങ്ങള്‍ പൊട്ടിയ മിസൈലുകളുടെ കൂര്‍ത്ത കവചം ഉപയോഗിച്ച് അയാള്‍ മനോഹരമായി പുനസൃഷ്ടിച്ചു. വസന്തമാകുമ്പോഴേക്കും അയാള്‍ വീണ്ടും പിതാവാകുന്നുവെന്ന ശുഭവാര്‍ത്തകേള്‍ക്കുകയും ഊമയായ മകള്‍ ഒരുമൂളിപ്പാട്ടുപാടുന്നു എന്നതിരിച്ചറിവിലേക്കും എത്തിപ്പെടുമ്പോള്‍ ശുഭമായി സിനിമ പര്യവസാനിക്കുന്നു.
രാഷ്ട്രങ്ങളേയും ജനപദങ്ങളെയും തകര്‍ക്കുന്ന വിധ്വംസകപ്രവര്‍ത്തനങ്ങളും അഭയാര്‍ത്ഥിപ്രശ്‌നങ്ങളും സ്വത്വം നഷ്ടപ്പെടുന്നവന്റെ വേദനയും വാഗ്ദത്തഭൂമി തേടുന്നവന്റെ വിലാപവുമെല്ലാം ലോക സിനിമ കടുംചായങ്ങളില്‍ വരച്ചിടുമ്പോള്‍ അതേ പ്രശ്‌നങ്ങളെല്ലാം വല്ലാത്ത കയ്യടക്കത്തോടെയാണ് നിറപ്പകിട്ടില്ലാതെ സംവിധായകന്‍ അവതരിപ്പിക്കുന്നത്.
പൊതിഞ്ഞുകെട്ടിയ തോക്ക് അയല്‍വാസിക്ക് കൈമാറുന്നതും അഭയാര്‍ഥിക്യാംപില്‍ സിനിമ കാണിക്കുന്നയാളെ മുസ്ലിം തീവ്രവാദി കൊലപ്പെടുത്തുന്നതും മൂടുപടം ഇനിമാറ്റാമെന്ന് മരുമകളോട് വൃദ്ധന്‍ പറയുന്നതും ഏകനായി മകന്‍ പിതാവിന്റെ സംസ്‌കാരം നടത്താന്‍ പോകുന്നതും ഇത്തരം കയ്യടക്കത്തിന് ഉദാഹരണമാണ്. സിനിമ കുറേകണ്ടുകഴിയുമ്പോള്‍ മാത്രമാണ് യുദ്ധത്തിന്റെ ഇരയാണ് ഒപ്പമുള്ളതെന്ന് ഒരു നടുക്കത്തോടെ പ്രേക്ഷകന്‍ തിരിച്ചറിയുക. മൈന്‍ സ്‌ഫോടനത്തില്‍ മൂകയായ അവള്‍ മൂളിപ്പാട്ടുപാടുന്നതിലൂടെയാണ് സിനിമഅവസാനിക്കുന്നതും. വരള്‍ച്ചയും മഞ്ഞുകാലവും മാറി വസന്തം എത്തിയതുപോലെ ചിലയിടങ്ങളില്‍ യുദ്ധമൊടുങ്ങി ജീവിതം തളിര്‍ത്തുതുടങ്ങുമ്പോള്‍ പലയിടത്തും അത് സമാരംഭിക്കുകയോ പുനരാരംഭിക്കുകയോ അല്ലേ എന്ന ആശങ്ക നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രേക്ഷകന് മടങ്ങാം.
ദൃശ്യങ്ങളുടെ ഗരിമ റിട്ടേണിയെ് പ്രിയം കരമാക്കും. കഥയിലും തിരക്കഥയിലും പുലര്‍ത്തിയ കയ്യടക്കം ക്യാമറയിലും മുന്നിട്ടുനില്‍ക്കുന്നു. 66-ാമത് മാന്‍ഹെയിം ഹെയ്ഡല്‍ബര്‍ഗ് ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവലില്‍ സ്‌പെഷ്യല്‍ അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ ചിത്രമാണിത്.
സംവിധായകന്‍ സാബിത് കുര്‍മന്‍ ബിക്കോവും നര്‍ലന്‍ സാന്‍സറും ചേര്‍ന്നാണ് തിരക്കഥ. ഇര്‍സാന്‍ അഖ്മത്തോവ് ,ടാനിര്‍ ബര്‍ഗന്‍ ഖസീവ് എന്നിവരാണ് നിര്‍മ്മാണം. മാഴ്‌സ് സാഗത് ആണ് സിനിമാട്ടോഗ്രഫി. സംഗീതം ഐഡോസ് നിര്‍വഹിച്ചിരിക്കുന്നു. ദുലിഗ അഖ്‌മോള്‍ഡ, എസിം സെഗിസ്ബായേവ്,ബായെന്‍ കസ്‌നാബീവ,ഡിനാരാ ഡൈറോവ എന്നിവരാണ് മുഖ്യ അഭിനേതാക്കള്‍.