Saturday
22 Sep 2018

വിദഗ്ധരുടെ കൊഴിഞ്ഞുപോക്കിന് കാരണം പിഎം ഓഫീസിന്റെ അനാവശ്യ ഇടപെടല്‍

By: Web Desk | Thursday 12 July 2018 10:46 PM IST

  • കേന്ദ്ര സര്‍ക്കാര്‍ വാണിജ്യവ്യാപാര മേഖലകളെ തകര്‍ക്കുന്നു
  • ട്രംപിന്റെ സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്നു
  • വിദഗ്ധരെ നോക്കുകുത്തികളാക്കുന്നു

ന്യൂഡല്‍ഹി: സാമ്പത്തിക നയങ്ങള്‍ സ്വാംശീകരിക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ സാമ്പത്തിക വിദഗ്ധരുടെ തുടര്‍ച്ചയായ കൊഴിഞ്ഞുപോക്കിന് കാരണമാകുന്നു. മുഖ്യസാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യം കഴിഞ്ഞ ദിവസം പടിയിറങ്ങിയതാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. നോട്ടുനിരോധനം, ചരക്കുസേവന നികുതി തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ സംബന്ധിച്ചുള്ള അതൃപ്തി നേരത്തേതന്നെ അരവിന്ദ് സുബ്രഹ്മണ്യം വ്യക്തമാക്കിയിരുന്നു. തന്നെ നോക്കുകുത്തിയാക്കി സ്വദേശിവല്‍ക്കരണത്തിന് പ്രാധാന്യം നല്‍കിയുള്ള സാമ്പത്തിക നിലപാടുകളോട് അരവിന്ദ് സുബ്രഹ്മണ്യം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ബീഫ് നിരോധനവിഷയത്തിലും മോഡി സര്‍ക്കാരിന് വിരുദ്ധമായ നിലപാടാണ് സുബ്രഹ്മണ്യം സ്വീകരിച്ചത്.

ആഭ്യന്തര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന പേരില്‍ വാണിജ്യവ്യാപാര മേഖലകളെ തകര്‍ക്കുന്ന സമീപനമാണ് മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്ക് സമാനമായ തീരുമാനങ്ങള്‍ സാമ്പത്തിക വ്യവസായ മേഖലയില്‍ മോഡി സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അരവിന്ദ് സുബ്രഹ്മണ്യം വ്യക്തമാക്കി. ബീഫ് നിരോധന വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയാല്‍ പണിപോകുമെന്നും പരിഹാസരൂപേണ ഇതേ അഭിമുഖത്തില്‍തന്നെ അരവിന്ദ് സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടു.

ജിഎസ്ടി പരമാവധി മൂന്ന് സ്‌ലാബുകളില്‍ നടപ്പാക്കണമെന്നും ഉയര്‍ന്ന നികുതിനിരക്ക് 18 ശതമാനമായി നിജപ്പെടുത്തണമെന്നുമായിരുന്നു അരവിന്ദ് സുബ്രഹ്മണ്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചത്. എന്നാല്‍ അഞ്ച് സ്‌ലാബുകളില്‍ ജിഎസ്ടി നടപ്പാക്കി അരവിന്ദ് സുബ്രഹ്മണ്യത്തെ നോക്കുകുത്തിയാക്കി. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ നിമിനോന്നതങ്ങള്‍ വ്യക്തമായി വിലയിരുത്തുന്നതിന് അരവിന്ദ് സുബ്രഹ്മണ്യം നടപടികള്‍ സ്വീകരിച്ചു. ഇതിലും സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള തീവ്രഹിന്ദു സംഘടനകളുടെ ഭാഗത്തുനിന്നും ശക്തമായ എതിര്‍പ്പാണ് ഉണ്ടായത്. അമേരിക്കന്‍ നയങ്ങള്‍ രാജ്യത്ത് നടപ്പാക്കാനാണ് അരവിന്ദ് സുബ്രഹ്മണ്യം ശ്രമിക്കുന്നതെന്നായിരുന്നു സ്വദേശി ജാഗരണ്‍ മഞ്ച് അധ്യക്ഷന്‍ അശ്വനി മഹാജന്റെ വിമര്‍ശനം. വിദേശ സാമ്പത്തിക വിദഗ്ധര്‍ ഈ രാജ്യം വിട്ടുപോയാലും ഒന്നും സംഭവിക്കില്ലെന്നും അരവിന്ദ് സുബ്രഹ്മണ്യത്തെ ലക്ഷ്യമിട്ട് അശ്വനി മഹാജന്‍ പരിഹസിച്ചു. പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ കുറയ്ക്കണമെന്ന ആശയം അരവിന്ദ് സുബ്രഹ്മണ്യം മുന്നോട്ടുവച്ചു. ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അകാരണമായ ഇടപെടലാണ് നിഷ്‌ക്രീയാസ്തികളും കിട്ടാക്കടങ്ങളും പെരുകാനുള്ള കാരണമെന്ന് സൂചിപ്പിച്ച് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഇതിനെ സുബ്രഹ്മണ്യം സ്വാമി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ തെറ്റായി വ്യാഖ്യാനിച്ചു. പൊതുമേഖലാ ബാങ്കുകളെ സ്വാകാര്യവല്‍ക്കരിക്കാനുള്ള നയങ്ങളാണ് അരവിന്ദ് സുബ്രഹ്മണ്യം സ്വീകരിക്കുന്നതെന്ന് സ്വാമി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പറഞ്ഞു. കൂടാതെ ഫ്‌ളിപ്കാര്‍ട്ട് – വാള്‍മാര്‍ട്ട് ലയനത്തിലും മോഡി സര്‍ക്കാരിന് വിരുദ്ധമായ സാമൂഹ്യവീക്ഷണമുള്ള നിലപാടാണ് സുബ്രഹ്മണ്യം സ്വീകരിച്ചത്.

നോട്ടുനിരോധനം ഉള്‍പ്പെടെയുള്ള സാമ്പത്തിക തീരുമാനങ്ങളില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജനും മോഡി സര്‍ക്കാരിന്റെ നയങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ നടപടികള്‍ സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് രഘുറാം രാജന്‍ നല്‍കിയിരുന്നു. 1000, 500 രൂപാ നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ മൂല്യം കുറഞ്ഞ നോട്ടുകളാണ് പുതുതായി അച്ചടിക്കേണ്ടതെന്നായിരുന്നു രഘുറാം രാജന്റെ പ്രധാന നിര്‍ദേശം. ഇത് തള്ളി 2000 രൂപാ നോട്ട് പുറത്തിറക്കാന്‍ മോഡി സര്‍ക്കാര്‍ തീരുമാനിച്ചു. കൂടാതെ റിസര്‍വ് ബാങ്കിന്റെ റേറ്റ് നിര്‍ണയ അധികാരത്തില്‍ മോഡി സര്‍ക്കാരിന്റെ ഇടപെടല്‍ രഘുറാം രാജന്‍ അനുവദിച്ചിരുന്നില്ല. രാജ്യത്തെ സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കുമ്പോള്‍ ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന നിര്‍ദേശം അംഗീകരിക്കാത്തതാണ് രഘുറാം രാജന്റെ പുറത്തുപോക്കിന് ആക്കം കൂട്ടിയത്.

നിതി ആയോഗിന്റെ അധ്യക്ഷനായ അരവിന്ദ് പനഗിരിയ സ്വീകരിച്ച നിലപാടുകളെ മോഡി സര്‍ക്കാര്‍ അംഗീകരിച്ചില്ല. ജനിതക മാറ്റം വരുത്തിയ വിത്തുകള്‍, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹ്യക്ഷേമം, കൃഷി തുടങ്ങിയ മേഖലകളില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള നിര്‍ദേശങ്ങളാണ് പനഗിരിയ സര്‍ക്കാരിന് നല്‍കിയത്. എന്നാല്‍ ഇതൊന്നും അംഗീകരിക്കാതെ ബിജെപിയും ആര്‍എസ്എസും നിര്‍ദേശിക്കുന്ന സങ്കുചിതമായ നയങ്ങള്‍ നടപ്പാക്കാന്‍ പനഗിരയക്കുമേല്‍ സമ്മര്‍ദ്ദമുണ്ടായി. ഈ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയാതെയാണ് പനഗിരിയ സ്ഥാനം ഉപേക്ഷിച്ചുപോയത്.

ആഗോളതലത്തില്‍തന്നെ ശ്രദ്ധേയരായ മൂന്ന് സാമ്പത്തിക വിദഗ്ധരാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ മോഡി സര്‍ക്കാരില്‍ നിന്നും പുറത്തുപോയത്. തെരഞ്ഞെടുപ്പിന് കേവലം ഒരു വര്‍ഷം ബാക്കിനില്‍ക്കെ ഹിന്ദു വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നവിധത്തിലുള്ള നയങ്ങള്‍ നടപ്പാക്കാനുള്ള മോഡി സര്‍ക്കാരിന്റെ തന്ത്രമാണ് ഇവരുടെ കൊഴിഞ്ഞുപോക്കിനുള്ള മുഖ്യകാരണമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.