Monday
19 Nov 2018

കെഎസ്ആര്‍ടിസി വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം

By: Web Desk | Tuesday 13 February 2018 10:23 PM IST

രണ്ട് ബസുകള്‍ കത്തിനശിച്ചു

കോഴിക്കോട്: കെഎസ്ആര്‍ടിസിയുടെ നടക്കാവ് റീജ്യണല്‍ വര്‍ക്ക്‌ഷോപ്പിലുണ്ടായ തീപിടിത്തത്തില്‍ ലേലത്തിനായി വച്ച രണ്ട് ബസ്സുകള്‍ കത്തിനശിച്ചു. ഒരു ബസ്സിന് ഭാഗികമായി നാശനഷ്ടമുണ്ടായി.

അഗ്‌നിശമനാ സേനയെത്തി തീയണച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടം ഒഴിവാകുകയായിരുന്നു. ഇന്ന് രാവിലെ 11.50 ഓടെയാണ് സംഭവം. ശിവരാത്രി അവധിയായതിനാല്‍ ജീവനക്കാര്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതാണ് തീപ്പിടിത്തത്തിന് കാരണമായത്. ഓയിലും മറ്റും കലര്‍ന്നതോടെ തീ നിയന്ത്രണാതീതമായി സമീപത്തുണ്ടായിരുന്ന ബസ്സുകളിലേക്കും വ്യാപിക്കുകയായിരുന്നു. ബീച്ച് ഫയര്‍ സ്‌റ്റേഷനില്‍ നിന്നുള്ള നാല് യൂണിറ്റ് സംഭവ സ്ഥലത്തെത്തി ഒരു മണിക്കൂറിലേറെ ശ്രമിച്ചാണ് തീയണച്ചത്. സ്‌റ്റേഷന്‍ ഓഫിസര്‍ കെ എം ജോമി, അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ പി ഐ ഷംസുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തീപ്പിടിത്തത്തിന്‍റെ കാരണമറിയില്ലെന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നത്. കെഎസ്ആര്‍ടിസി കോഴിക്കോട് സോണല്‍ ഓഫീസര്‍ അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തെ കുറിച്ച് കെഎസ്ആര്‍ടിസി വിജിലന്‍സിനോട് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. പൊലീസിലും പരാതി നല്‍കി. നടക്കാവ് പോലീസ് കേസെടുത്തു.

നഷ്ടം കണക്കാക്കാന്‍ നാളെ ഓഫീസ് തുറന്നശേഷമേ കഴിയൂ എന്ന് സോണല്‍ ഓഫീസര്‍ അറിയിച്ചു. ഇരുമ്പ് വിലയ്ക്ക് വില്‍ക്കാന്‍ വെച്ച ബസുകളാണ് കത്തിയത്. 15 വര്‍ഷം പഴക്കമാകുമ്പോള്‍ ഒഴിവാക്കുന്ന ബസുകളാണിത്. ഇതിന്‍റെ ഉപയോഗയോഗ്യമായ എഞ്ചിനും സീറ്റ് അടക്കമുള്ള പാര്‍ട്‌സുകളെല്ലാം മാറ്റിയെടുത്ത് മറ്റു ബസുകള്‍ക്ക് ഉപയോഗിച്ചവയാണ്. ഇത്തരത്തില്‍ 12 ബസുകളാണ് വര്‍ക്ക്‌ഷോപ്പിലുള്ളത്. 15 എണ്ണമാകുമ്പോള്‍ ലേലം ചെയ്യും.