Monday
25 Jun 2018

രാജ്യത്തെ ആദ്യത്തെ കാര്‍ഷിക ഹൈപ്പര്‍ ബസാര്‍ തൃശൂരില്‍

By: Web Desk | Monday 11 December 2017 12:48 AM IST

തൃശൂര്‍: ഇന്ത്യയില്‍ ആദ്യമായി കാര്‍ഷിക മേഖലയില്‍ ‘കേരളശ്രീ’ എന്ന പേരില്‍ അഗ്രോ ഹൈപ്പര്‍ ബസാര്‍ തൃശൂരില്‍ ആരംഭിക്കുന്നു. കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഈ സംരംഭം. ചെമ്പൂക്കാവ് മ്യൂസിയം റോഡിലുള്ള കാര്‍ഷിക സമുച്ചയത്തില്‍ താഴത്തെ നിലയിലും, ഒന്നാം നിലയിലുമാണ് അഗ്രോ ഹൈപ്പര്‍ ബസാര്‍ സജ്ജീകരിക്കുന്നത്. കൃഷി മന്ത്രി മന്ത്രി വി എസ് സുനില്‍ കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 16 ന് രാവിലെ 10 മണിക്ക് ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം നിര്‍വ്വഹിക്കും.
കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനാണ് കേരള ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ നടത്തിപ്പു ചുമതല. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലും സമാനമായ ഹൈപ്പര്‍ ബസാറുകള്‍ ഉടനെ തുടങ്ങും. കേരളസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ ഉത്പന്നങ്ങള്‍ക്കു പുറമേ തമിഴ്‌നാട്, ഹിമാചല്‍പ്രദേശ്, കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവിധ ഉത്പന്നങ്ങള്‍ ഹൈപ്പര്‍ ബസാറില്‍ സജ്ജമാക്കിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ പ്രഫ.സി രവീന്ദ്രനാഥ്, എ സി മൊയ്തീന്‍, എംപിമാര്‍, എംഎല്‍എമാര്‍, മേയര്‍ തുടങ്ങിയവരും രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും. കാര്‍ഷിക മേഖലക്കു ആവശ്യമായ എല്ലാവിധ ഉപകരണങ്ങളും വിത്തുകളും മീറ്റ് പ്രോഡക്ട് ഒഫ് ഇന്ത്യയുടെ ഉല്‍പന്നങ്ങളും കേരഫെഡിന്റെ ഉല്‍പ്പന്നങ്ങളും കേരളശ്രീ ഹൈപ്പര്‍ ബസാറില്‍ ലഭ്യമാകുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.