Sunday
23 Sep 2018

ധനക്കമ്മി 112 ശതമാനം കടന്നു

By: Web Desk | Saturday 30 December 2017 10:28 PM IST

  • വിദേശ കടത്തില്‍ രണ്ടു ശതമാനത്തിന്റെ വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്ന ധനകാര്യ വകുപ്പ് മന്ത്രി അരുണ്‍ജെയ്റ്റ്‌ലിയുടെ കുറ്റസമ്മതത്തിന് പിറകേ നാലുമാസം കൂടി ബാക്കി നില്‍ക്കേ ധനക്കമ്മി 112 ശതമാനം പിന്നിട്ടുവെന്ന റിപ്പോര്‍ട്ടു പുറത്തുവന്നു. ഇതോടൊപ്പം വിദേശ കടത്തില്‍ രണ്ടു ശതമാനത്തിന്റെ വര്‍ധനയുണ്ടായെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. നവംബര്‍വരെയുള്ള എട്ടുമാസംകൊണ്ട് ബജറ്റില്‍ പ്രതീക്ഷിച്ചിരുന്ന ധനക്കമ്മിയുടെ 112 ശതമാനം പിന്നിട്ടിരിക്കുകയാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 85.8 ശതമാനമായിരുന്നു ധനക്കമ്മിയുടെ തോത്.
വരവും ചെലവും തമ്മിലുള്ള അന്തരം ഇപ്പോഴത്തെ കണക്കനുസരിച്ച് 6.12 ലക്ഷം കോടി രൂപയാണ്. പൊതുവിപണിയില്‍ നിന്ന് വായ്പയെടുക്കാനും മറ്റ് രീതിയില്‍ ധനാഗമ ശ്രമങ്ങള്‍ നടത്താനും തീരുമാനിച്ച സാഹചര്യത്തില്‍ വര്‍ഷാന്ത്യത്തില്‍ വരവും ചെലവും തമ്മിലുള്ള വ്യത്യാസം 5.46 ലക്ഷം കോടിയില്‍ നിര്‍ത്താനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. പ്രതീക്ഷിച്ച വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായതാണ് ധനക്കമ്മി ഇത്രയും വര്‍ധിക്കാനിടയാക്കിയതെന്ന് ധനവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. നികുതിയിനത്തില്‍ 6.99 ലക്ഷം കോടിയും
നികുതിയേതര ഇനത്തില്‍ 1.05 ലക്ഷം കോടിയും കടബാധ്യതാ തിരിച്ചടവിനത്തില്‍ 61,849 കോടിയും ചേര്‍ത്ത് 8.66 ലക്ഷം കോടി രൂപയാണ് വരുമാനമായി സര്‍ക്കാരിന് നവംബര്‍ വരെയുള്ള കാലയളവില്‍ ലഭിച്ചത്. ഇതില്‍ 3.85 ലക്ഷം കോടി രൂപ നികുതി വിഹിതമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കി. അതേസമയം 14.78 ലക്ഷം കോടി രൂപ സര്‍ക്കാരിന് ചെലവിനത്തില്‍ വിനിയോഗിക്കേണ്ടി വന്നു.
2017 സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ചാണ് വിദേശ കടത്തില്‍ 2.1 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ മാസത്തില്‍ അവസാനിച്ച ആദ്യപാദത്തെ അപേക്ഷിച്ച് സെപ്റ്റംബര്‍ വരെയുള്ള രണ്ടാം പാദത്തില്‍ 67,000 കോടി രൂപയാണ് വിദേശ കടത്തില്‍ വര്‍ധനയുണ്ടായത്. 2017 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വിദേശകടത്തിന്റെ വര്‍ധനയുടെ തോത് യഥാര്‍ഥത്തില്‍ 5.1 ശതമാനമാണ്.

Related News