Wednesday
23 Jan 2019

വെള്ളപ്പൊക്കം; മാന്നാറില്‍ ജനജീവിതം ദുസ്സഹമായി

By: Web Desk | Thursday 14 June 2018 7:23 PM IST

മാന്നാര്‍: വെള്ളപ്പൊക്കം കൂടുതല്‍ താഴ്ന്ന മേഖലയിലേക്കു വ്യാപിച്ചതോടെ ജനജീവിതം കൂടുതല്‍ ദുരിതത്തിലായി. പമ്പയിലെയും അച്ചന്‍കോവിലാറിലെയും ജലനിരപ്പ് അടിക്കടിയുയരുന്നതാണ് ഇവിടങ്ങളില്‍ കൂടുതല്‍ വെള്ളം കയറാന്‍ കാരണം. മാന്നാര്‍ പഞ്ചായത്ത് 2-ാം വാര്‍ഡില്‍ പാവുക്കര കരുവേലി റോഡില്‍ വെള്ളം കയറി ഗതാഗത തടസപ്പെട്ടു. വിരിപ്പില്‍ ക്ഷേത്രത്തിലും സമീപത്തെ 50 ഒാളം വീടുകളിലും വെള്ളം കയറി. മാന്നാറിന്‍റെ ഉള്‍പ്രദേശമായ കുരട്ടിക്കാടിനേം പരുമലയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കോട്ടയ്ക്കല്‍ കടവ് പാലവും സമീപ വീടുകളിലും വെള്ളം കയറി. ബുധനൂരിലെ കുലയ്ക്കാല്‍ പാടശേഖരത്തില്‍ വെള്ളം നിറഞ്ഞതിനാല്‍ മലമേല്‍ ഭാഗത്തെ പത്തോളം വീടുകള്‍ ഒറ്റപ്പെട്ടു. കുട്ടംപേരൂര്‍ ആറ് കരകവിഞ്ഞാണ് ഇവിടെ വെള്ളമെത്തിയത്. ബുധനൂര്‍ തോപ്പില്‍ചന്ത, തയ്യൂര്‍, എണ്ണയ്ക്കാട് റോഡ്, പുതിയതായി നിര്‍മ്മാണത്തിലിരിക്കുന്ന ബുധനൂര്‍ കുലായ്ക്കല്‍ പാടശേഖരത്തിലൂടെ കടന്നു പോകുന്ന തോപ്പില്‍ ചന്ത എണ്ണയ്ക്കാട് ഹാര്‍ബര്‍ റോഡും പൂര്‍ണ്ണമായും വെള്ളത്തിലായി. അച്ചന്‍കോവിലാറ് കരകവിഞ്ഞൊഴുകിയതിനാല്‍ പ്രായിക്കര പറക്കടവ്, മുണ്ടുവേലിക്കടവ്, വാഴക്കൂട്ടം കടവ്, 25ല്‍ പടി, നാമങ്കരി, നമ്പൂണാരി, കരിയിലത്തറ കോളനി, കയ്യാലയ്ക്കത്ത് കോളനി, തൂമ്പിനാത്ത് കോളനി, കാരിക്കുഴി, ചിത്തിരപുരം, ഇഞ്ചക്കത്തറ, സ്വാമിത്തര, നാമങ്കേരി എന്നിവിടങ്ങളില്‍ വെള്ളം കൂടുതല്‍ കയറിയിട്ടുണ്ട്. കരിക്കുഴി കോളിനിയിലെ മിക്ക വീടുകളിലും വെള്ളം കയറി. ഇവര്‍ക്കായി ദുരിതാശ്വാസ ക്യാംപ് തുടങ്ങണമെന്നാവശ്യവുമുയര്‍ന്നിട്ടുണ്ട്.

വള്ളക്കാലി ഭാഗത്ത് വീയപുരം പഞ്ചായത്തില്‍ നിന്ന പുളിമരവും ബദാം മരവും കടപുഴകി മാന്നാര്‍ പഞ്ചായത്തിലെ ചക്കിട്ട–വാലേല്‍ റോഡിലേക്കു വീണു വൈദ്യുതി ലൈനുകള്‍ പൊട്ടി. ഇതു കാരണം ഏറെ നേരം വൈദ്യുതി മുടങ്ങി. മാവേലിക്കരയില്‍ നിന്നും അഗ്‌നിശമന സേനയെത്തിയാണ് തട മുറിച്ചു മാറ്റിയത്. മാന്നാര്‍ പാവുക്കര വള്ളക്കാലി വീയപുരം റോഡിലെ ചിലയിടങ്ങളില്‍ വെള്ളം കയറി.

മാന്നാര്‍ വീയപുരം റോഡു നിര്‍മ്മാണവും വെള്ളപ്പൊക്കം കാരണം തടസപ്പെട്ടു. ഇവിടങ്ങളിലെ റോഡിലെ വെള്ളത്തിനു കറുത്ത നിറമായതും ആള്‍ക്കാരില്‍ ഭീതിയുളവാക്കിയിട്ടുണ്ട്. ഇവിടെ ഉണ്ടായിരുന്ന ഒട്ടുമിക്ക ജലവിതരണ ടാപ്പുകളും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. ഇവിടെ ഇനിയും ജലനിരപ്പുയര്‍ന്നാല്‍ ദുരിതശ്വാസ ക്യാംപുകള്‍ തുടങ്ങേണ്ടി വരുമെന്ന സ്ഥിതിയാണ്. ചെന്നിത്തല, വാഴക്കൂട്ടം കടവിനു പടിഞ്ഞാറു പറയങ്കേരി ഭാഗത്തെ റോഡില്‍ ഒരടിയിലെറെ വെള്ളമുണ്ട്. ഇനിയും ജലനിരപ്പുയര്‍ന്നാല്‍ ഇലഞ്ഞിമേല്‍ ഹരിപ്പാട് റോഡിലെ ഗതാഗതം നിലയ്ക്കും. അച്ചന്‍കോവിലാറിന്റെ തീരത്തുള്ള ചെന്നിത്തല ഒന്‍പതാം ബ്ലോക്ക് പാടശേഖരസമിതി വക വള്ളുവന്‍കേരി മോട്ടോര്‍തറ പൂര്‍ണ്ണമായും മുങ്ങി. വെള്ളമിറങ്ങാതെ കിടന്നാല്‍ 15 എച്ച്പിയുടെ മോട്ടറും അനുബന്ധ ഉപകരണങ്ങളും നശിക്കാന്‍ സാധ്യതയേറെയാണ്. ഇവിടുത്തെ തോട് അടച്ചതിനാല്‍ വെള്ളമൊഴുകി പോകാന്‍ കഴിയുന്നില്ല. മാന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരി, പഞ്ചായത്തംഗം പ്രകാശ് മൂലയില്‍, ചാക്കോ കയ്യത്ര. അജീഷ് കോടാകേരില്‍ എന്നിവരുടെ നേതൃത്വത്തില്‍ വൈദ്യന്‍ കോളനിയും പരിസര വാര്‍ഡുകളില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൊലീസ്, കെഎസ്ഇബി, റവന്യു, ആരോഗ്യ വകുപ്പു അധികൃതരും ചേര്‍ന്നു രൂപീകരിച്ച സംഘം ഏതു അടിയന്തര സാഹചര്യത്തെയും നേരിടാന്‍ തയ്യാറാണ്. അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പ്രസിഡന്റ് അറിയിച്ചു.