Tuesday
21 Aug 2018

വെള്ളപ്പൊക്കത്തേത്തുടര്‍ന്ന് പെരിയാറിനെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികള്‍ മുടങ്ങുന്നു

By: Web Desk | Friday 10 August 2018 1:28 PM IST

കൊച്ചി: വെള്ളപ്പൊക്കത്തേത്തുടര്‍ന്ന് പെരിയാറിനെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികള്‍ മുടങ്ങുന്നു. ചെളിയുടെ ക്രമാതീതമായി വര്‍ദ്ധിച്ചതിനേത്തുടര്‍ന്ന് കൊച്ചി കോര്‍പറേഷന്‍ പ്രദേശത്തേക്ക് വെള്ളം എത്തിക്കുന്ന രണ്ട് പമ്പ് ഹൗസുകളില്‍ ഒന്നിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചു. നദീജലത്തില്‍ ചെളിയുടെ അംശം 400 എന്‍ടിയു (നെഫ്‌ളോമാറ്റിക് ടര്‍ബിഡിറ്റി യൂണിറ്റ്) എത്തിയതിനേത്തുടര്‍ന്നാണിത്. 2013ല്‍ ഇടമലയാര്‍ അണക്കെട്ട് തുറന്നപ്പോള്‍ 220 എന്‍ടിയു ആയിരുന്നു. 290 എംഎല്‍ഡിയാണ് (ദിനം പ്രതി ദശലക്ഷം ലിറ്റര്‍) ശുദ്ധീകരണശാലയിലെ പ്രതിദിന ഉല്‍പാദനശേഷി. ചെളി കൂടുന്നത് മോട്ടോറുകളെ തകരാറിലാക്കുന്നതിനൊപ്പം പമ്പ് ഹൗസില്‍ വെള്ളം കയറുന്നതും തിരിച്ചടിയാകും.ഇടമലയാര്‍ ഡാം തുറന്ന് വിട്ടതിനാല്‍ വാട്ടര്‍ അഥോറിറ്റി ഡിവിഷന്‍ മൂവാറ്റുപുഴയുടെ പരിധിയില്‍ വരുന്ന കുട്ടമ്പുഴ ശുദ്ധജല വിതരണ പദ്ധതി (1.5 എംഎല്‍ഡി) കുട്ടമംഗലം നേരിയമംഗലം കുടിവെള്ള പദ്ധതി (3 എംഎല്‍ഡി) പിണ്ടിമന കുടിവെള്ള പദ്ധതി (3.5 എംഎല്‍ഡി) കോട്ടപ്പടി പേഴാട് കുടിവെള്ള പദ്ധതി (0.95 എംഎല്‍ഡി) എന്നിവയിലെ പമ്പിംഗ് നിര്‍ത്തിവച്ചിരിക്കുകയാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 
കുട്ടമ്പുഴ, കവളങ്ങാട്, കീരമ്പാറ, പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ കുടിവെള്ള വിതരണമാണ് തടസ്സപ്പെട്ടിരിക്കുന്നത്. പെരിയാറിലെ ജലനിരപ്പ് പമ്പ് ഹൗസുകളിലെ തറനിരപ്പിന്റെ അടുത്തെത്തിയിട്ടുണ്ട്. കുട്ടമ്പുഴ 1.4 മീറ്റര്‍ താഴെ, തട്ടേക്കാട് 1.2 മീറ്റര്‍ താഴെ, പിണ്ടി മന 1.5 മീറ്റര്‍ താഴെ, പേഴാട് 1.4 മീറ്റര്‍ താഴെ. പമ്പ് ഹൗസുകളിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിച്ചിട്ടുണ്ട് ക്രമാതീതമായ കലങ്ങല്‍ മൂലമാണ് കീരമ്പാറ പദ്ധതി (തട്ടേക്കാട്), കോട്ടപടി പദ്ധതികളിലെ പമ്പിംഗ് നിര്‍ത്തി വച്ചിരിക്കുന്നത്.
Related News