Wednesday
21 Nov 2018

പ്രളയം പരിസ്ഥിതി സംരക്ഷണത്തിലെ ജാഗ്രത ഓര്‍മപ്പെടുത്തുന്നു: വനം മന്ത്രി

By: Web Desk | Tuesday 11 September 2018 9:51 PM IST

തിരുവനന്തപുരം: വനത്തിന്റേയും പരിസ്ഥിതിയുടേയും സംരക്ഷണത്തില്‍ മനുഷ്യന്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന ഓര്‍മ്മപ്പെടുത്തലാണ് സംസ്ഥാനത്തെ പ്രളയക്കെടുതി നല്‍കുന്നതെന്ന് വനം മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. പ്രളയ രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ നേതൃത്വം വഹിച്ച വനം ഉദ്യോഗസ്ഥരെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂമിയെ ഒരു തരത്തിലും അലോസരപ്പെടുത്താതെയുള്ള വികസനമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും പ്രകൃതിയോടിണങ്ങിയുള്ള ജീവിതത്തിലൂടെ മാത്രമേ ഭാവിയില്‍ ദുരന്തങ്ങള്‍ ഒഴിവാക്കാനാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വനം-വന്യജീവി സംരക്ഷണം മാത്രമല്ല വനപാലകരുടെ ചുമതലയെന്ന് തെളിയിക്കുന്നതായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങളില്‍ അവര്‍ കാഴ്ചവച്ച സേവനം. കുട്ടവഞ്ചികള്‍, ബോട്ടുകള്‍, വാഹനങ്ങള്‍, രക്ഷാ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് 8,500 ലേറെ പേരെ വനമേഖലകളില്‍ രക്ഷപ്പെടുത്തിയതെന്ന് മന്ത്രി പറഞ്ഞു.39 ഓളം ദുരിതാശ്വാസ ക്യാമ്പുകള്‍ വകുപ്പ് നേരിട്ട് ഒരുക്കിയിരുന്നു. മുകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ സന്ദര്‍ഭോചിതമായ പ്രവര്‍ത്തനങ്ങളാണ് വനപാലകരില്‍ നിന്നുണ്ടായതെന്നും മന്ത്രി പറഞ്ഞു. പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച ആദിവാസിമേഖലകളിലെ ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍, വനപ്രദേശങ്ങളിലെ റോഡുകളുടെ പുനരുദ്ധാരണം, പാലങ്ങളുടെ പുനര്‍നിര്‍മ്മിതി തുടങ്ങിയ പ്രവര്‍ത്തങ്ങള്‍ക്കാവും ഇനി മുന്‍തൂക്കം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

15 ഉയര്‍ന്ന വനം വകുപ്പുദ്യോഗസ്ഥരെ ആദരിച്ച ചടങ്ങില്‍ പിസിസിഎഫുമാരായ എ കെ ധര്‍ണി, കെഎ മുഹമ്മദ് നൗഷാദ്, ബെന്നിച്ചന്‍ തോമസ്, അഡീ.പിസിസിഎഫ് അമിത് മല്ലിക് എന്നിവര്‍ പങ്കെടുത്തു. വനം വകുപ്പ് മേധാവി പി കെ കേശവന്‍ സ്വാഗതവും ശിവപ്രസാദ് നന്ദിയും പറഞ്ഞു.
വനം-വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ജീവത്യാഗം ചെയ്ത വനപാലകരുടെ ഓര്‍മ്മയ്ക്കായി വനം ആസ്ഥാനത്ത് നിര്‍മ്മിച്ച രക്തസാക്ഷി സ്തൂപവും മന്ത്രി കെ രാജു അനാവരണം ചെയ്തു.

വനം ആസ്ഥാനത്തെ മുഖ്യമന്ദിരത്തിന് മുന്നിലുള്ള ഗാന്ധി പ്രതിമയ്ക്ക് എതിര്‍വശത്ത് 400 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് സ്തൂപം ഒരുക്കിയിട്ടുള്ളത്. തമിഴ്‌നാട്ടിലെ മൈലാടിയില്‍ നിന്നുള്ള കൃഷ്ണശിലയും വെങ്കലവും ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള ശില്പത്തിന് മൂന്ന് മീറ്റര്‍ ഉയരമുണ്ട്.