Tuesday
19 Sep 2017

ഫോക്‌ലോര്‍ അക്കാദമി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

By: Web Desk | Saturday 2 September 2017 7:25 PM IST

അടുത്ത വര്‍ഷം മുതല്‍ അവാര്‍ഡ് തുക വര്‍ധിപ്പിക്കും


കണ്ണൂര്‍: കേരള ഫോക്‌ലോര്‍ അക്കാദമിയുടെ 2015ലെ വിവിധ പുരസ്‌ക്കാങ്ങള്‍ സാംസ്‌കാരിക വകുപ്പുമന്ത്രി എ.കെ ബാലന്‍ സമ്മാനിച്ചു. നാടന്‍ കലകളുടെ മാത്രമല്ല, കലാകാരന്‍മാരുടെ കൂടി ഉന്നമനമാണ് ഫോക്‌ലോര്‍ അക്കാദമി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി നാടന്‍ കലാകാരന്‍മാര്‍ക്ക് ഇപ്പോള്‍ നല്‍കിവരുന്ന ക്ഷേമനിധി പെന്‍ഷന്‍ രണ്ടായിരം രൂപയാക്കി കഴിഞ്ഞ വര്‍ഷം ഉയര്‍ത്തിയത് 3000 രൂപയാക്കി വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. രോഗബാധിതരായി കഴിയുന്ന നാടന്‍ കലാകാരന്‍മാര്‍ക്ക് ചികില്‍സാ ധനസഹായം ലഭ്യമാക്കും. അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് അത് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
അടുത്ത വര്‍ഷം മുതല്‍ ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് തുകകള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അന്തരിച്ച കലാകാരന്‍ കലാഭാവന്‍ മണിക്കുള്ള മരണാനന്തര പുരസ്‌കാരമായി 51,000 രൂപ അദ്ദേഹത്തിന്റെ കുടുംബത്തിന് നല്‍കും. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഒക്‌ടോബര്‍ രണ്ടിന് അഖിലകേരള ഓണക്കളി മല്‍സരം സംഘടിപ്പിക്കും. സാംസ്‌ക്കാരിക വകുപ്പിന് കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ വിദേശ നാടുകളിലേക്ക് വ്യാപിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.
110 വയസ്സുള്ള കൊളച്ചേരി രാമന്‍ പെരുമലയന്‍ ഉള്‍പ്പെടെ 58 കലാകാരന്‍മാര്‍ക്കുള്ള അവാര്‍ഡുകളാണ് മന്ത്രി വിതരണം ചെയ്തത്. യുവപ്രതിഭ അവാര്‍ഡ് ജേതാവ് സി സജികുമാറിന്റെ പുരസ്‌കാരത്തുക ഐ.ആര്‍.പി.സിക്കു വേണ്ടി സെക്രട്ടറി കെ.വി മുഹമ്മദ് അശ്‌റഫ് ചടങ്ങില്‍ ഏറ്റുവാങ്ങി.
ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. പി.കെ ശ്രീമതി ടീച്ചര്‍ എം.പി, ടി.വി രാജേഷ് എം.എല്‍.എ, സി.ജെ കുട്ടപ്പന്‍, ഡോ. എ.കെ നമ്പ്യാര്‍, പത്മനാഭന്‍ കാവുമ്പായി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍, കണ്യാര്‍കളി, പൂരക്കളി എന്നിവയും നടന്നു.