Saturday
18 Nov 2017

തിരശ്ശീല വീഴുമ്പോള്‍ വിജയം ആര്‍ക്കാവും..?

By: Web Desk | Thursday 26 October 2017 10:52 PM IST

കളിയെഴുത്ത്

പന്ന്യന്‍ രവീന്ദ്രന്‍

ഫുട്‌ബോള്‍ കളിയുടെ രസതന്ത്രം കൊല്‍ക്കൊത്തയിലെ പതിനായിരങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് കൊണ്ട് ഇംഗ്ലണ്ട് അണ്ടര്‍ 17 ലോകകപ്പിലെ കലാശകളിയിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്.
ആധുനിക ഫുട്‌ബോളിന്റെ ഗുരുസ്ഥാനിയന്‍മാരാണ് ഇംഗ്ലണ്ട്. പക്ഷെ ലോകകപ്പില്‍ കാര്യമായി ശോഭിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഒരു വ്യഥ പലപ്പോഴും അവരെ അലട്ടിയിട്ടുണ്ട്. 1966ല്‍ ലോകകപ്പ് ജര്‍മ്മനിക്കായിരുന്നു. ബോബി മൂര്‍ ആയിരുന്നു നായകന്‍. ഗോള്‍ഡന്‍ ബാങ്കസ് ഗോള്‍വലയം കാത്തു. ഗോളടിവീരന്‍ എന്ന വിളിപ്പേരുള്ള ടോപ്പ് സ്‌കോറര്‍ യുസെബിയോ മുന്നേറ്റ നിരയെ നയിച്ചു.
ഫൈനലില്‍ ജര്‍മനിയെ തകര്‍ത്തുകൊണ്ട് യൂള്‍റിമെ കപ്പ് നേടി ലോകജേതാക്കളായി. കടുത്ത പോരാട്ടത്തില്‍ 4-2നാണ് ജയിച്ചത്. എന്നാല്‍ സ്വന്തം നാട്ടില്‍ വെച്ചാണ് ജയിച്ചതെന്ന വിഷമം ഇംഗ്ലണ്ടുകാരുടെ മനസ്സിലുണ്ട്.
അര നൂറ്റാണ്ട് മുമ്പ് നടന്ന ഈ വിജയത്തിന് ശേഷം ഒരു ലോകകപ്പിലും ഇന്നേ വരെ സ്പര്‍ശിക്കാനായില്ല. ഇത്തവണത്തെ യുവലോകകപ്പില്‍ വിജയകൊടിനാട്ടണമെന്ന ദൃഢനിശ്ചയത്തിലാണ് അവര്‍ ഇന്ത്യയിലെത്തിയത്.
ഇംഗ്ലണ്ട് സെമി ഫൈനല്‍ കടമ്പ കടന്നത് കണിശമായ കളിയും ഗൃഹപാഠവും കൊണ്ടാണ്. ബ്രസീലിന്റെ കളിശൈലി ചന്തമുള്ളതാണ്. ജനങ്ങളെ ഹരം കൊള്ളിച്ച് കളി ജയിക്കുകയാണ് ബ്രസിലീയന്‍ രീതി.
ലോകഫുട്‌ബോള്‍ ചരിത്രത്തില്‍ ബ്രസീല്‍-ഇംഗ്ലണ്ട് മത്സരം പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്.1970ലെ മെക്‌സിക്കന്‍ ലോകകപ്പിന്റെ ഭാഗമായി പ്രാഥമിക റൗണ്ട് മത്സരത്തിലും ബ്രസീലും ഇംഗ്ലണ്ടും തമ്മില്‍ ഏറ്റുമുട്ടിയത് ലോകം മുഴുവന്‍ ശ്രദ്ധിച്ചിരുന്നു. ഗോദലഹാര സ്റ്റേഡിയത്തിലായിരുന്നു മത്സരം.
ബ്രസീലിന്റെ പ്രഗത്ഭനായ മുന്നേറ്റ നിരക്കാരന്‍ ജര്‍സിഞ്ഞോ ഉയര്‍ത്തിയിട്ട പന്ത് ഞൊടിയിടയില്‍ കണക്ട് ചെയ്ത് വെടിയുണ്ട പോലെ തൊടുത്തുവിട്ട ഹെഡ്ഡര്‍ ബാറിന് മുകളിലേക്ക് പറന്ന് ചെന്ന് കുത്തിയകറ്റി ഗോളാകാതെ രക്ഷപ്പെടുത്തിയത് ഗോളി ഗോള്‍ഡന്‍ ബാങ്കസ് ആയിരുന്നു.
‘നൂറ്റാണ്ടിലെ രക്ഷപ്പെടുത്തല്‍ ക്വട്ടേഷന്‍’ എന്നാണ് ഇതിനെ ഫുട്‌ബോള്‍ ലോകം വാഴ്ത്തിയത്. ഇംഗ്ലണ്ടിനെ തോല്‍വിയില്‍ നിന്നും രക്ഷപ്പെടുത്തിയത് ഈ സംഭവമായിരുന്നു. കളി സമനിലയിലായി.
70ല്‍ ലോകകപ്പ് ബ്രസീലിലെത്തി. എഴുപത് വരെ യൂള്‍റിമെ കപ്പായിരുന്നു. മൂന്ന് കളി ജയിച്ചപ്പോള്‍ ബ്രസീലിന് കപ്പ് സ്വന്തമായി. 74 മുതല്‍ ഫിഫ കപ്പ് എന്നാണ് നാമകരണം.
ഫുട്‌ബോളില്‍ പ്രസിദ്ധി നേടിയ രണ്ട് രാജ്യങ്ങള്‍ ബലപരീക്ഷ നടത്തിയപ്പോള്‍ ഇംഗ്ലണ്ട് ജയിച്ചു. കളിയുടെ ജയത്തിന് ഗോളടിക്കണം. ഗോള്‍ ലക്ഷ്യം വെച്ച് കളിച്ച ഇംഗ്ലണ്ട് ഫൈനലിലെത്തി. മനോഹരമായി കളിച്ച് കൈയ്യടി വാങ്ങിയ ബ്രസീല്‍ നിരാശരായി പുറത്തുപോയി. നല്ല ടീമായിരുന്നു ബ്രസീല്‍. നന്നായി കളിച്ച് ജനപ്രിയ ടീമായി. എല്ലാ കളിയും ജയിച്ച് തോല്‍വി അറിയാതെ വന്നവരാണവര്‍.
സ്‌പെയിനിനെതിരെ വിജയം നേടിയവര്‍. സ്‌കോറിങ്ങില്‍ കാണിക്കുന്ന അവധാനത ബ്രസീല്‍ തിരുത്തിയേ മതിയാകു. ഇംഗ്ലണ്ട് സ്‌കോറിങ്ങില്‍ കണിശക്കാരാണ്. റയാന്‍ ബ്രൂസ്റ്റര്‍ ഹാട്രിക്കുമായി ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചു. രണ്ട് ഹാട്രിക് ഉള്‍പ്പെടെ ഏഴ് ഗോളുകള്‍ ബ്രൂസ്റ്റരുടെ പേരിലാണ്.
യൂറോപ്യന്‍ യുദ്ധം നാളെ കൊല്‍ക്കൊത്തയില്‍ നടക്കുമ്പോള്‍ ആരാകും ചാമ്പ്യന്‍മാര്‍. ഒരിക്കല്‍ പോലും ചാമ്പ്യന്‍മാരാവാത്ത ഇംഗ്ലണ്ടോ സ്‌പെയിനോ….?
സ്‌പെയിന്‍ ഒരു കളിയില്‍ ബ്രസീലിനോട് തോറ്റത് കന്നി മത്സരത്തിലാണ്. മറ്റുകളികളില്‍ പരാജയം അറിയാത്തവരായ സ്‌പെയിനിന് ഇംഗ്ലണ്ടിനെതിരെ വിജയക്കൊടി നാട്ടാന്‍ കഴിയുമോ.?