Wednesday
21 Nov 2018

ആത്മവിശ്വാസത്തിന്‍റെ ഫുട്‌ബോള്‍

By: Web Desk | Wednesday 11 July 2018 10:39 PM IST

മോസ്‌കോ: കലാശപ്പോരിന് മുമ്പുള്ള ഫൈനലെന്ന് വിലയിരുത്തിയ ബെല്‍ജിയം-ഫ്രാന്‍സ് മത്സരത്തില്‍ ഫ്രഞ്ചുപടയ്ക്ക് തുണയായത് സ്വന്തം കഴിവിലുള്ള ആത്മവിശ്വാസം. ഇതുവരെ പുറത്തെടുത്ത സ്റ്റൈലിഷ് ഫുട്‌ബോളിനൊപ്പം നിശ്ചയദാര്‍ഢ്യവും മനക്കരുത്തുംകൂടി ചേര്‍ന്നതായിരുന്നു സെമിഫൈനലിലെ ഫ്രഞ്ച് പ്രകടനം.

മധ്യനിരയില്‍ ബെല്‍ജിയത്തിന്‍റെ ആധിപത്യമായിരുന്നെങ്കിലും കിലിയന്‍ എംബാപെയുടെയും ഗ്രീസ്മാന്റെയും പ്രകടനം ഫ്രാന്‍സിന് ഗുണകരമായി. ഉറുഗ്വെയ്‌ക്കെതിരെ നിറംമങ്ങിയ എംബാപ്പെ അര്‍ജന്റീനയക്കെതിരെ കളത്തില്‍ക്കണ്ട ഫോമിലേക്ക് ഉയര്‍ന്നില്ലെങ്കിലും ടീമിന് ആവശ്യമുള്ളത് നല്‍കാനായി. തന്‍റെ വേഗത കൊണ്ട് ബെല്‍ജിയം ഡിഫന്‍സിനെ നിരന്തരം പരീക്ഷിച്ച എംബാപ്പെ ഒരു മികച്ച റെക്കോര്‍ഡും സ്വന്തം പേരിലാക്കിയാണ് കളത്തില്‍ നിന്നും കയറിയത്. ബെല്‍ജിയത്തിനെതിരെ 15 ഡ്രിബിളുകള്‍ക്കാണ് ആണ് എംബാപ്പെ ശ്രമിച്ചത്. അതില്‍ ഏഴെണ്ണത്തില്‍ ഫ്രാന്‍സ് യുവതാരം വിജയിക്കുകയും ചെയ്തു.1966 മുതല്‍ ഇതുവരെ ഒരു ഫ്രഞ്ച് താരവും ഇത്രയും ഡ്രിബിള്‍ ഒരു ലോകകപ്പ് മത്സരത്തില്‍ പുറത്തെടുത്തിട്ടില്ല.
ഗ്രീസ്മാന്റെ സെറ്റ്പീസ് മികവില്‍ നിന്നുമാണ് ഫ്രാന്‍സിന്‍റെ വിജയഗോള്‍ പിറന്നത്. ടീം മേജര്‍ ടൂര്‍ണ്ണമെന്റുകളില്‍ അവസാനം നേടിയ 20 ഗോളുകളില്‍ 13 എണ്ണത്തിലും ഗ്രീസ്മാന്റെ സ്പര്‍ശമുണ്ടായിരുന്നു എന്നത് ടീമിന് ഈ സെറ്റ്പീസ് വിദഗ്ധന്‍ നല്‍കുന്ന സംഭാവനയുടെ തെളിവാണ്.

ബെല്‍ജിയത്തിനെതിരെ ലോകകപ്പിലെ നാലാം ക്ലീന്‍ഷീറ്റാണ് ഫ്രാന്‍സിന് നേടാനായത്, ഉംറ്റിറ്റിയും വരാനെയും നേതൃത്വം വഹിക്കുന്ന പ്രതിരോധം എത്രമാത്രം ശക്തമാണ് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. ക്ലബ് ഫുട്‌ബോളില്‍ പരമ്പരാഗത വൈരികളാണെങ്കിലും ദേശീയടീമിനായി മികച്ച ഒത്തിണക്കം കാട്ടുന്ന ഇരുവരും രാജ്യാന്തരഫുട്‌ബോളിലെ ഏറ്റവും മികച്ച സെന്റര്‍ ബാക്ക് ദ്വയം എന്ന ഖ്യാതി ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്. വരാനെയും ഉംറ്റിറ്റിയും ഫ്രാന്‍സിനായി വിജയഗോളുകള്‍ സ്‌കോര്‍ ചെയ്യുകയും ചെയ്തു. ഉറുഗ്വെക്കെതിരെ ആദ്യഗോള്‍ വരാനെയുടെ ഹെഡറില്‍ നിന്നുമായിരുന്നു.

പോള്‍ പോഗ്ബയെയും എന്‍ഗോളോ കാന്‍റെയെയും മറികടന്നശേഷം വേണം എതിരാളികള്‍ക്ക് ഉംറ്റിറ്റിയെയും വരാനെയും നേരിടാന്‍. അതിന് ശേഷമാണ് ഹ്യൂഗോ ലോറിസെന്ന വന്‍മതില്‍. ഈ പ്രതിരോധക്കോട്ട തകര്‍ക്കുക എത്രമാത്രം പ്രയാസമേറിയ കാര്യമാണെന്ന് ബെല്‍ജിയത്തിന്‍റെ ലുക്കാക്കുവും ഹസാര്‍ഡും കെവിന്‍ ഡിബ്രുയനും ചേരുന്ന ആക്രമണസഖ്യം മത്സരത്തില്‍ തിരിച്ചറിഞ്ഞു.