Wednesday
19 Dec 2018

ഫോബ്സ് പട്ടികയില്‍ ഇടംനേടുന്ന ആദ്യ മലയാളിയായി മമ്മൂട്ടി; നയന്‍താര 68ാം സ്ഥാനത്ത്

By: Web Desk | Thursday 6 December 2018 4:55 PM IST

മുംബൈ:

ഇന്ത്യന്‍ താരങ്ങളുടെ വിനോദരംഗത്തു നിന്നുള്ള കഴിഞ്ഞ വര്‍ഷത്തെ വരുമാനം അടിസ്ഥാനമാക്കി ഫോബ്‌സ് ഇന്ത്യ പ്രസിദ്ധീകരിച്ച 100 പേരുടെ പട്ടികയില്‍ മലയാളത്തില്‍ നിന്നും നടന്‍ മമ്മൂട്ടി ഇടം നേടി. മലയാള വിനോദരംഗത്തു നിന്ന് ഇതാദ്യമായാണ് ഒരാള്‍ ഫോബ്‌സ് പട്ടികയില്‍ ഇടംനേടുന്നത്. കോളിവുഡില്‍ നിന്നും മലയാളിയായ നയന്‍താര ഈ വര്‍ഷവും പട്ടികയിലുണ്ട്.

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും പട്ടികയില്‍ ഒന്നാം സ്ഥാനം ബോളിവുഡ് താരം സല്‍മാന്‍ ഖാനാണ്. 253.25 കോടി രൂപയാണ് സിനിമയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം സല്‍മാന്‍ ഖാന്‍ നേടിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് രണ്ടാമത് (228.09 കോടി രൂപ). 185 കോടി രൂപ നേടിയ നടന്‍ അക്ഷയ് കുമാര്‍ മൂന്നാം സ്ഥാനത്തും 112.8 കോടി രൂപ നേടി നടി ദീപിക പദുക്കോണ്‍ നാലാം സ്ഥാനത്തുമുണ്ട്. ആദ്യ അഞ്ചില്‍ സ്ഥാനം നേടുന്ന ഏകവനിതയാണ് ദീപിക. അടുത്തിടെ വിവാഹിതയായ ദീപികയുടെ ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിങ്ങിന് എട്ടാം സ്ഥാനമാണ്. അതേ സമയം മറ്റൊരു നവവധുവായ പ്രിയങ്ക ചോപ്ര ഏറെ പിന്നിലേക്കു തള്ളപ്പെട്ടു. ഹോളിവുഡിലേക്കു ചേക്കേറിയ പ്രിയങ്കയ്ക്ക് ഇന്ത്യയില്‍ വരുമാനം കുറഞ്ഞതാണ് കാരണം. കഴിഞ്ഞ വര്‍ഷം ഏഴാം സ്ഥാനത്തുണ്ടായിരുന്ന പ്രിയങ്ക ഈ വര്‍ഷം 49ാം സ്ഥാനത്താണ്.

48ാം സ്ഥാനം നേടി മമ്മൂട്ടി ആദ്യ 50ല്‍ ഇടംപിടിച്ചപ്പോള്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരേയൊരു വനിതയായ നയന്‍താരയ്ക്ക് 68ാം സ്ഥാനമാണ്. 18 കോടി രൂപയാണ് മമ്മൂട്ടിയുടെ വിനോദരംഗത്തു നിന്നുള്ള വരുമാനം. നയന്‍താര 15.17 കോടി സമ്പാദിച്ചു. 2017 ഒക്ടോബര്‍ 1 മുതല്‍ 2018 സെപ്റ്റംബര്‍ 30 വരെയുള്ള വരുമാനം കണക്കാക്കിയാണ് ഫോബ്‌സ് പട്ടിക തയാറാക്കിയിരിക്കുന്നത്.

എംഎസ് ധോണി (5), ആമിര്‍ ഖാന്‍ (6), അമിതാഭ് ബച്ചന്‍ (7), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (9), അജയ് ദേവ്ഗണ്‍ (10) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റുള്ളവര്‍. കഴിഞ്ഞ വര്‍ഷം ഒറ്റ സിനിമ പോലും പുറത്തിറങ്ങാത്ത ഷാറൂഖ് ഖാന്‍ 13–ാം സ്ഥാനത്താണ്. എ.ആര്‍ റഹ്മാന്‍ 11ാമതും രജനീകാന്ത് 14ാമതുമുണ്ട്.