Thursday
22 Nov 2018

കാട്ടുതീ ഭീഷണി നേരിടാന്‍ മുന്നൊരുക്കങ്ങളുമായി വനം വകുപ്പ്

By: Web Desk | Tuesday 6 February 2018 10:49 PM IST

ഡാലിയ ജേക്കബ്
ആലപ്പുഴ: വേനല്‍ചൂട് ശക്തിപ്രാപിച്ചതോടെ കാട്ടുതീ ഭീഷണി നേരിടാന്‍ വനംവകുപ്പ് തയ്യാറെടുപ്പ് തുടങ്ങി.
വേനല്‍ കടുത്തതോടെ മലയോര മേഖലകളിലെ ഏറ്റവും വലിയ ഭീഷണിയാണ് കാട്ടുതീ. കാടുകളുടെ സംരക്ഷണവും വന്യമൃഗങ്ങളുടെ സുരക്ഷിതത്വവും കണക്കിലെടുത്ത് കാട്ടുതീ പടരാതിരിക്കാന്‍ ഫയര്‍ലൈനുകള്‍ തെളിയിക്കുന്നതടക്കമുള്ള ബോധവല്‍ക്കരണ പരിപാടികളുമായി വനംവകുപ്പ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിപ്പിക്കുകയാണ്. വനം മേഖലയിലും കാര്‍ഷിക മേഖലയിലും അടക്കം ഏക്കറുകണക്കിന് സ്ഥലമാണ് ഓരോ വര്‍ഷവും സംസ്ഥാനത്ത് കത്തിയെരിയുന്നത്.
കഴിഞ്ഞ വര്‍ഷം കാട്ടുതീയില്‍ കേരളത്തില്‍ 972 ഹെക്ടര്‍ വനങ്ങള്‍ കത്തിനശിച്ചിരുന്നു. 11,306 ചതുരശ്രകിലോമീറ്റര്‍ വനഭൂമിയാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. സൗത്ത് സര്‍ക്കിള്‍, ഹൈറേഞ്ച് സര്‍ക്കിള്‍, സെന്‍ട്രല്‍ സര്‍ക്കിള്‍, ഈസ്റ്റേണ്‍ സര്‍ക്കിള്‍, നോര്‍ത്ത് സര്‍ക്കിള്‍, അഗസ്റ്റ്യ ബയോളജിക്കല്‍ പാര്‍ക്ക്, പെരിയാര്‍ ടൈഗര്‍ റിസര്‍വ്, വൈല്‍ഡ് ലൈഫ് സര്‍ക്കിള്‍ എന്നിങ്ങനെ എട്ട് മേഖലകളായാണ് കേരളത്തില്‍ വനമേഖലയുള്ളത്.
ചാലക്കുടി, അതിരപ്പള്ളി, വാഴച്ചാല്‍ പ്രദേശങ്ങളിലാണ് കഴിഞ്ഞ വര്‍ഷം കൂടുതല്‍ വനം കാട്ടുതീയില്‍ കത്തിനശിച്ചത്. ഫെബ്രുവരി ആദ്യവാരത്തില്‍ തന്നെ ചൂടും വരള്‍ച്ചയും രൂക്ഷമായതോടെ സംസ്ഥാനത്തെ മലയോര മേഖലകളില്‍ പുല്‍മേടുകള്‍ ഉണങ്ങിയ നിലയിലാണ്. കാട്ടുതീ തടയാന്‍ പൊതുജനങ്ങളെക്കൂടി പങ്കാളികളാക്കുന്ന പ്രവര്‍ത്തനങ്ങളും ഇത്തവണ നടന്നുവരികയാണെന്ന് തിരുവനന്തപുരം ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസര്‍ രതീഷ് പറഞ്ഞു.
ഇതിനായി ഓരോ മേഖലകളിലും വനം വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടന്നുവരുന്നുണ്ട്. ഇതിനോടകം മലയോര മേഖലകളില്‍ ബാനറുകളും സ്ഥാപിച്ച് കഴിഞ്ഞു.
കാട്ടുതീ പടര്‍ന്നാല്‍ വിവരം അറിയിക്കാന്‍ വഴിയോരങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബാനറുകളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നമ്പരും രേഖപ്പെടുത്തിയിട്ടുണ്ട്. കാട്ടുതീ പടരുന്നത് തടയാന്‍ ഫയര്‍ഗ്യാങ്ങിനേയും ഫോറസ്റ്റ് റേഞ്ചുകളില്‍ ഫയര്‍ വാച്ചര്‍മാരേയും നിയമിച്ചിട്ടുണ്ട്.