Saturday
16 Dec 2017

സംസ്ഥാന വനം കായികമേള വനം മന്ത്രി ഉദ്ഘാടനം ചെയ്തു

By: Web Desk | Thursday 7 December 2017 6:22 PM IST

കണ്ണൂര്‍: ഇരുപത്തിയഞ്ചാമത് സംസ്ഥാന വനം കായികമേള വനം മന്ത്രി അഡ്വ കെ രാജു ഉദ്ഘാടനം ചെയ്തു. മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ ടി വി രാജേഷ് എം എല്‍ എ അധ്യക്ഷനായി. യോഗത്തില്‍ തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സംബന്ധിച്ചു. പി കെ ശ്രീമതി എം പി, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ആന്തൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള തുടങ്ങിയവര്‍ സംസാരിച്ചു.
വനം വകുപ്പിന്റെ അഞ്ച് സര്‍ക്കിളുകളുടെയും കെ എഫ് ആര്‍ ഐ, കെ എഫ് ഡി സി എന്നിവയുടെയും കായികതാരങ്ങളുടെ വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റോടെ ആരംഭിച്ച കായികമേളയില്‍ വനം മന്ത്രി അഡ്വ കെ രാജു കായികതാരങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. അന്തര്‍ദേശീയ കായികതാരവും വനം വകുപ്പിലെ സീനിയര്‍ സൂപ്രണ്ടുമായ അനില്‍ ഡി തോമസ് കായികതാരങ്ങള്‍ കൈമാറിയെത്തിച്ച ദീപശിഖ തെളിയിച്ചു. കെ വി രതീഷ്, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആന്റ് ടീം ക്യാപ്റ്റന്‍, സതേണ്‍ സര്‍ക്കിള്‍ കായികതാരങ്ങള്‍ക്ക് വേണ്ടി പ്രതിജ്ഞ ചൊല്ലികൊടുത്തു.
മാങ്ങാട്ടുപറമ്പ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയം, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, കണ്ണൂര്‍ എഞ്ചിനിയറിങ്ങ് കോളജ് ഗ്രൗണ്ട്, ഹൈഫൈവ് സ്റ്റേഡിയം എന്നിവിടങ്ങളില്‍ വെച്ച് നടകുന്ന വനം വകുപ്പിലെ അഞ്ച് സര്‍ക്കിളുകളിലെ ജീവനക്കാര്‍ക്ക് പുറമെ കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ ഓഫീസുകളിലെ എണ്ണൂറോളം കായികതാരങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. കായികമേള ഇന്ന് സമാപിക്കും.