Friday
14 Dec 2018

കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ മരിച്ചു

By: Web Desk | Thursday 18 January 2018 8:51 PM IST

സുല്‍ത്താന്‍ബത്തേരി:

വനം കാവലിനായി ഉള്‍വനത്തിലെ ക്യാംപ് ഷെഡ്ഡിലേക്ക് പോകുകയായിരുന്ന ഫോറസ്റ്റ് വാച്ചറെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി. കുറിച്യാട് റെയ്ഞ്ചിലെ അമ്മവയല്‍ മയ്യക്കൊല്ലി വനത്തില്‍ കാവല്‍ ജോലിക്ക് പോയ ആദിവാസി വാച്ചര്‍ കരിയന്‍ (49) ആണ് കൊല്ലപ്പെട്ടത്. മറ്റ് രണ്ട് വാച്ചര്‍മാര്‍ കൂടെയുണ്ടായിരുന്നെങ്കിലും ഇവര്‍ തലനാരിഴക്ക് കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടു.

ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. സംഭവം പുറത്തറിയുന്നത് ഒരു മണിക്കൂറിന് ശേഷമായിരുന്നു.കാട്ടാന കുത്തിക്കൊന്ന കരിയന്‍റെ മൃതദേഹവുമായി രാത്രിയില്‍ ഉന്നതവനം വകുപ്പ് ഉദ്യോഗസ്ഥര്‍ വനത്തിന് പുറത്തേക്ക് വരുമ്പോള്‍ രോഷാകുലരായ ആദിവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.ജില്ലാകലക്ടര്‍ സംഭവസ്ഥലം സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കൊല്ലപ്പെട്ട കരിയന്‍റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കുക,കൊലയാളികാട്ടാനയെ പിടികൂടുക എന്നീ അവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

കുറിച്യാട് റെയ്ഞ്ചര്‍ ബാബുരാജ്,ബത്തേരി റെയ്ഞ്ചര്‍ കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തില്‍ വനപാലകരും,ബത്തേരി എസ് ഐ അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ പൊലീസും സംഭവസ്ഥലത്തെത്തി വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മാതിയാണ് കരിയന്‍റെ ഭാര്യ.രണ്ട് ദിവസം മുമ്പാണ് പൂതാടി ഗ്രാമപഞ്ചായത്തിലെ ചേനക്കൊല്ലിയില്‍ വെച്ച് സുവിശേഷ പ്രവര്‍ത്തകനായ ജോണിനെ കാട്ടാന കുത്തിക്കൊന്നത്.വന്യമൃഗശല്യം വ്യാപകമായതോടെ ഭീതിയിലാണ് വനാതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍.

Related News