Wednesday
20 Jun 2018

മുന്‍ ദേശീയ ബോക്സിംഗ് താരം ഫ്ളാറ്റില്‍ വെടിയേറ്റ് മരിച്ചനിലയില്‍

By: Web Desk | Saturday 13 January 2018 7:07 PM IST

നോയിഡ:

മുന്‍ ബോക്സിംഗ് താരം നോയിഡയിലെ ഫ്ളാറ്റില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഹരിയാന ബോക്സിംഗ് താരമായിരുന്ന ജിതേന്ദ്ര മാന്‍ (27) ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തിയത്. ശരീരത്തില്‍ രണ്ട് തവണ വെടിയേറ്റ പാടുകളുണ്ട്. ഹരിയാന ബോക്സിംഗ് അസോസിയേഷനില്‍ രജിസ്ട്രേഷനുള്ള താരമായിരുന്നു ജിതേന്ദ്ര മാന്‍.

ഗ്രേറ്റര്‍ നോയിഡയില്‍ ഒരു ജിംനേഷ്യത്തില്‍ പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു ജിതേന്ദ്ര മാന്‍. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് മരണം നടന്നിരിക്കുന്നത്. മുന്‍പ് ഒപ്പം താമസിച്ചിരുന്നയാളാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് സിസിടിവി ഇല്ലാത്തതിനാല്‍ കാര്യമായ തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.

പ്രദേശത്തെ ഫോറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയായാല്‍ പ്രതികളിലേക്ക് എത്തിച്ചേരാന്‍ കഴിയുമെന്ന് പോലീസ് പ്രതീക്ഷ പ്രകടിപ്പിച്ചു. മൊബൈല്‍ ഫോണ്‍ രേഖകളും പോലീസ് പരിശോധിക്കുന്നുണ്ട്. ജിതേന്ദ്രയുടെ കുടുംബത്തിന്റെ പരാതിയില്‍ പോലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. ബുധനാഴ്ച ജിംനേഷ്യത്തില്‍ എത്തിയ ജിതേന്ദ്ര വൈകിട്ട് ജോലിക്കെത്തില്ലെന്ന് ഉടമയോട് പറഞ്ഞിരുന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കാണാതെ വന്നതോടെ ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും മറുപടി ലഭിച്ചില്ല. പിന്നീട് ഫോണ്‍ സ്വിച്ച്‌ ഓഫ് ആയി. ഇതോടെ ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ജിതേന്ദ്ര മാന്‍ ദേശീയ തലത്തില്‍ ബോക്സിംഗ് താരമായിരുന്നുവെന്നും വിദേശത്തും മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും കുടുംബം പറയുന്നു. ദേശീയ തലത്തില്‍ നിരവധി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ജിതേന്ദ്ര മാന്‍ സ്വര്‍ണവും വെള്ളിയുമടക്കം നിരവധി മെഡലുകളും നേടിയിട്ടുണ്ട്.