Monday
23 Jul 2018

ഫ്രാന്‍സിന്‍റേത് മോശം ഫുട്‌ബോളെന്ന് ബെല്‍ജിയം

By: Web Desk | Wednesday 11 July 2018 10:42 PM IST

ഹസാര്‍ഡിനെ ആശ്വസിപ്പിക്കുന്ന ജിറൂദും ലോറിസും

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോള്‍ സെമിയില്‍ ഫ്രാന്‍സ് കളിച്ചത് മോശം ഫുട്ബോള്‍ ആണെന്ന ആരോപണവുമായി ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബൂട്ട് കോര്‍ട്ടോയ്‌സ്. അമിത പ്രതിരോധത്തിലൂന്നിക്കളിച്ച ഫ്രാന്‍സ് നല്ല ഫുട്ബോള്‍ കളിച്ചില്ലെന്ന് കോര്‍ട്ടോയ്‌സ് പറഞ്ഞു.

ബെല്‍ജിയം ലോകകപ്പില്‍നിന്നും പുറത്തായശേഷം പ്രതികരിക്കുകയായിരുന്നു താരം. ബോള്‍ പൊസഷനില്‍ 64 ശതമാനം കൈയ്യടക്കിയിട്ടും കൂടുതല്‍ പാസുകള്‍ കൈമാറിയിട്ടും ബെല്‍ജിയത്തിന് ഫ്രാന്‍സിന്റെ പ്രതിരോധം മറികടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു സ്ട്രൈക്കര്‍ തന്റെ ഗോള്‍ പോസ്റ്റിന് തൊട്ടുമുന്നില്‍മാത്രം കളിക്കുന്നത് താന്‍ ആദ്യമായാണ് കാണുന്നതെന്ന് കോര്‍ട്ടോയ്‌സ് പരിഹസിച്ചു. ഫ്രാന്‍സിന് അങ്ങിനെ കളിക്കാന്‍ അവകാശമുണ്ട്. എന്നാല്‍, അത് നല്ല ഫുട്ബോള്‍ അല്ല. ഇതിലും നല്ലത് ബ്രസീലിനോട് ക്വാര്‍ട്ടറില്‍ തോല്‍ക്കുന്നതായിരുന്നെന്നും താരം പറഞ്ഞു. പ്രതിരോധനിരതാരം ജാന്‍ വെര്‍ട്ടോന്‍ഗനും കുര്‍ട്ടോയിസിന്റെ അഭിപ്രായം ശരിവെച്ചു. തങ്ങളുടേത് ഈ ലോകകപ്പിനെത്തിയതില്‍ മികച്ച ടീമായിരുന്നു.
ഫ്രാന്‍സിന്റെ പ്രതിരോധം അലോസരപ്പെടുത്തുന്നതായിരുന്നു. ഒരു ഗോള്‍ നേടിയശേഷം പ്രതിരോധിച്ചവര്‍ മികച്ച പരിചയ സമ്പന്നരാണെന്നും വെര്‍ട്ടോന്‍ഗന്‍ ചൂണ്ടിക്കാട്ടി. ക്യാപ്റ്റന്‍ ഈഡന്‍ ഹസാര്‍ഡും ഇതേരീതിയിലുള്ള അഭിപ്രായമായിരുന്നു പങ്കുവച്ചത്. എന്നാല്‍ കെവിന്‍ ഡിബ്രുയന്റെ അഭിപ്രായം വ്യത്യസ്തമായിരുന്നു. ഫ്രാന്‍സിന്റെ പ്രതിരോധത്തെ പ്രശംസിക്കുകയാണ് താരം ചെയ്തത്.