Thursday
15 Nov 2018

മലയാളിവ്യാജസിദ്ധനെ കർണാടകയിൽ നാട്ടുകാർ പിടികൂടി

By: Web Desk | Friday 1 September 2017 3:17 PM IST

മാനന്തവാടി: പടിഞ്ഞാറത്തറ പാണ്ടങ്കോട്ടെ വ്യാജസിദ്ധന്‍ അന്‍വര്‍സാദത്തിനെ കർണാടകയിലെ കൂർഗിൽ  നിന്നും നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. സിദ്ധപുരം ആലുകുന്തം പഞ്ചായത്തിലെ കൊണ്ടങ്കേരിയില്‍ വാടകക്ക് വീടെടുത്ത് ചികിത്സ നടത്തുന്നതിനിടെയാണ് പ്രദേശവാസികള്‍ പിടികൂടി  സിദ്ധാപുരം പോലീസിൽ എൽപ്പിച്ചത്. മുമ്പ് വയനാട് പടിഞ്ഞാറത്തറയില്‍ കുടകില്‍ നിന്നും ചികിത്സക്കെത്തിയിരുന്ന ചിലരാണ് ഇയാള്‍ക്ക് കുടകില്‍ വാടകക്ക് വീട് സംഘടിപ്പിച്ച്  ചികിത്സ നടത്താന്‍ സൗകര്യം ചെയ്തു നല്‍കിയത്. നാല് മാസം മുമ്പ് വയനാട്ടിൽ ഇയാൾക്ക് എതിരെ ജനകീയ പ്രക്ഷോഭത്തെതുടര്‍ന്നാണ്  പടിഞ്ഞാറെത്തറയിലെ പാണ്ടങ്കോട്ടെ ചികിത്സാ കേന്ദ്രം ഇയാള്‍ നിര്‍ത്തിയത്.

കുടകില്‍ പാരമ്പര്യ നാട്ടു ചികിത്സ എന്ന പേരില്‍ കണ്ടങ്കേരിയിലായിരുന്നു ഇയാള്‍ ചികിത്സ ആരംഭിച്ചത്. ഇതിനായ ആലുകുന്തം ഗ്രാമ പഞ്ചായത്തിന്റെ ലൈസന്‍സിനായി അപേക്ഷയും നല്‍കിയിരുന്നു.എന്നാല്‍ വിവിധ മത വിശ്വാസികളുടെ ആചാരപ്രകാരം വ്യാജ ചികിത്സ നടത്തുന്നത് പ്രദേശവാസികള്‍ കണ്ടതോടെ കണ്ടങ്കേരി സുന്നി മുസ്ലിം ജമാഅത് കമ്മറ്റി ഇയാളോട് ചികിത്സ നിര്‍ത്താനാവശ്യപ്പെട്ടങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. ചികിത്സക്കെത്തുന്ന ഹിന്ദു മതവിശ്വാസികളോട് ഹിന്ദുവായും മുസ്ലിം മതവിശ്വാസികളോട് മുസ്ലിമായും അഭിനയിച്ചായിരുന്നു ചികിത്സ.

പെരിയ പട്ടണം,കുശാല്‍ നഗര്‍,സിദ്ദാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ ഏജന്റുമാരെ ഏര്‍പ്പാട് ചെയ്തായിരുന്നു ഇയാള്‍ ചികിത്സയുടെ പ്രചാരം വര്‍ദ്ധിപ്പിച്ചത്. ചികിത്സക്കെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം കൂടി ഉയര്‍ന്നതോടെ വാര്‍ഡ് മെമ്പര്‍ പോലീസില്‍ പരാതി നല്‍കുകയും നാട്ടുകാര്‍ ഇയാളെ പിടി കൂടി പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. ചികിത്സ നടത്തിക്കൊണ്ടിരുന്ന വീട്ടില്‍ നിന്നും ചികിത്സക്കായെത്തിയവരെ ഓടിച്ച ശേഷം നാട്ടുകാര്‍ ഇയാളെയും കൈകാര്യം ചെയ്ത ശേഷമാണത്രെ പോലീസിന് കൈമാറിയത്. ലൈസന്‍സില്ലാതെ ചികിത്സ നടത്തിയതിനെതിരെ സിദ്ധാപുരം പോലിസ് കേസെടുത്തു.

Related News