Monday
23 Jul 2018

സ്വര്‍ണ തട്ടിപ്പിലെ പ്രധാന പ്രതി അറസ്റ്റില്‍

By: Web Desk | Tuesday 17 October 2017 7:28 PM IST

കണ്ണൂര്‍: ജില്ലാ സഹകരണ ബാങ്ക് തളിപ്പറമ്പ് മെയിന്‍ ശാഖയില്‍ നടന്ന സ്വര്‍ണ തട്ടിപ്പിലെ പ്രധാന പ്രതി അറസ്റ്റില്‍. കേസിലെ രണ്ടാം പ്രതിയും ബാങ്കില്‍ അപ്രൈസറുമായിരുന്ന ഏച്ചൂര്‍ ഉണ്ണികണ്ണന്‍ ഹൗസില്‍ ഷഡാനന്‍(48)ആണ് പിടിയിലായത്. ഇന്നലെ കാലത്ത് അതീവ രഹസ്യമായി ജില്ലാ ബാങ്ക് ഹെഡ് ഓഫീസില്‍ എത്തിയ ഷഡാനനെ ജീവനക്കാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.  തുടർന്ന്  പൊലീസ് ഷഡാനനെ കസ്റ്റഡിയിലെടുത്തു.
ജില്ലാ ബാങ്ക് തളിപ്പറമ്പ്  മെയിന്‍ ബ്രാഞ്ചില്‍ നടന്ന മുക്കുപണ്ട തട്ടിപ്പ് കഴിഞ്ഞ 23നാണ് പുറംലോകം അറിയുന്നത്. അരകോടി രൂപയുടെ തട്ടിപ്പാണ് ബാങ്കില്‍ നടന്നത്. ഇടപാടുകാര്‍ ബാങ്കില്‍ പണയം വെച്ച സ്വര്‍ണം ലോക്കറില്‍ നിന്ന് മാറ്റി മുക്കുപണ്ടം വെക്കുകയായിരുന്നു. ബാങ്കിലെ അസിസ്റ്റന്റ് മാനേജര്‍ ടി വി രമയാണ് കേസിലെ മുഖ്യ പ്രതി. ഇവര്‍ സ്വന്തക്കാരായ ചിലരുടെ പേരില്‍ മുക്കുപണ്ടം പണയം വെച്ചും പണം തട്ടിയെടുത്തിരുന്നു.
കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളപ്പെട്ടതിനെ തുടര്‍ന്ന് രമ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.  ഇവര്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തുകൊണ്ട് തട്ടിപ്പില്‍ ഇവര്‍ക്ക് പ്രധാന പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കും. ഞാറ്റുവയലിലെ ഹസന്‍ പണയം വെച്ച സ്വര്‍ണം ഇവര്‍ മാറ്റി മുക്കുപണ്ടം വെച്ചിരുന്നു. അക്കാര്യം പുറത്തുവന്നതോടെ ഹസന് രണ്ട് ലക്ഷം രൂപയുടെ സ്വന്തം ചെക്ക് രമ നല്‍കിയിരുന്നു. ഈ ചെക്കിന്റെ കോപ്പി  ഉള്‍പ്പെടെ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കും. തട്ടിപ്പ് പുറത്ത് വന്നതിനെ തുടര്‍ന്ന് രമയും ഷഡാനനെയും ബാങ്കില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. ആഡംബര ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് രമ തട്ടിപ്പ് നടത്തിയെന്നതാണ് ആരോപണം.
Related News