Saturday
22 Sep 2018

ഭിന്നശേഷി പരീക്ഷയില്‍ നടക്കുന്നത് ലോകത്തെ ഏറ്റവും വലിയ പരീക്ഷാ തട്ടിപ്പ്

By: Web Desk | Saturday 10 March 2018 9:16 PM IST

സുരേഷ് എടപ്പാള്‍
മലപ്പുറം: ഭിന്നശേഷിക്കാരെ മറയാക്കി നടക്കുന്ന ലോകത്തെ ഏറ്റവും വലിയ പരീക്ഷാതട്ടിപ്പായിരിക്കും സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷ പരീക്ഷാനുകുല്ല്യം ദുരപയോഗപ്പെടുത്തി സ്‌കൂളുകള്‍ നേടുന്ന നൂറുമേനി വിജയം. എല്ലാവര്‍ഷവും കൃത്യമായി നടക്കുന്നതും കോടികള്‍ മറയുന്നതുമായ ഇടപാടാണിത്. ഇത്തണ പരീക്ഷയെഴുതുന്ന 20000 ത്തോളം പേരില്‍ എത്രപേര്‍ യഥാര്‍ത്ഥ ഭിന്നേശേഷിക്കാരാണെന്ന് ശാസ്ത്രീയമായി പരിശോധിച്ചാല്‍ ഈ തട്ടിപ്പിന്റെ ചുരളഴിയും. വര്‍ഷംതോറും ഇത്തരം കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധവും വിരല്‍ചൂണ്ടുന്നത് ഭിന്നശേഷിക്കാരെ സൃഷ്ടിച്ചെടുക്കുന്നവരിലേക്കാണ്. ആരോഗ്യ-വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഈ പ്രവര്‍ത്തിയില്‍ വലിയ പങ്കാണുള്ളത്. 70 ശതമാനത്തില്‍ താഴെ ഐ ക്യു ഉള്ള കുട്ടികളാണ് എം ആര്‍ വിഭാഗത്തില്‍ പരീക്ഷാനുകൂല്ല്യം നേടുന്നത്. പക്ഷേ പരീക്ഷാഫലം പുറത്തുവരുമ്പോള്‍ ഇവരില്‍ പലരും എ പ്ലസ്സടക്കമുള്ള ഉയര്‍ന്ന ഗ്രേഡ് വാങ്ങി വിജയിക്കുന്നു. സാധാരണ നിലയില്‍ എം ആര്‍ ആയ കുട്ടിക്ക് പരീക്ഷയില്‍ ബി യില്‍ താഴ്ന്ന ഗ്രേഡിന് മാത്രമേ സാധ്യതയുള്ളൂ എന്നിരിക്കെ ഉയര്‍ന്ന ഗ്രേഡ് വാങ്ങി പരീക്ഷ ജയിക്കുന്നത് യഥാര്‍ത്ഥ എം ആര്‍ അല്ല പരീക്ഷാര്‍ത്ഥി എന്ന് വ്യക്തമാക്കുന്നതായി ഈ രംഗത്തു വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഒരു റിസോഴ്‌സ് അധ്യാപകന്‍ പറയുന്നു. ഭിന്നേശേഷിക്കാരന്റെ പരീക്ഷാനുകൂല്ല്യം കൂടുതല്‍ വലിയ വിജയങ്ങളുണ്ടാക്കാന്‍ ദുരുപോയോഗം ചെയ്യുന്നു എന്നതും അതിന് അധികാരികള്‍ തന്നെ കൂട്ടുനില്‍ക്കുന്നു എന്നതും ദു:ഖകരമാണെന്ന് പല റിസോഴ്‌സ് അധ്യാപകരും പറയുന്നു. ഭിന്നശേഷിക്കാരല്ലാത്ത കുട്ടികളെ ആ ഗണത്തിലുള്‍പ്പെടുത്തുക വഴി തങ്ങളുടെ ജോലിപോലും സ്‌കൂളധികൃതര്‍ വിലകുറച്ച് കാണുകയാണ്. യഥാര്‍ത്ഥ ഭിന്നേശേഷിക്കാര്‍ക്കുവേണ്ടി വിനയോഗിക്കേണ്ട പ്രവര്‍ത്തിസമയം സ്‌കൂളുകാര്‍ സൃഷ്ടിക്കുന്ന കള്ളനാണയങ്ങള്‍ക്കു വേണ്ടി ചെലവഴിക്കേണ്ടി വരുന്നു. കൈതാങ്ങ് ആവശ്യമുള്ളവര്‍ക്കൊപ്പം പ്രത്യേകിച്ച് പരിഗണനയൊന്നും ആവശ്യമില്ലാത്ത കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി പരീക്ഷാപരിശീലനം നല്‍കലും അവരുടെ കൃത്രിമ രേഖകള്‍ ചമക്കലും റിസോഴ്‌സ് അധ്യപകരുടെ പ്രധാന ജോലിയായി മാറുന്നു. ശക്തമായ പ്രതിഷേധവും അമര്‍ഷവും ഈ അധ്യാപകര്‍ക്കുണ്ടെങ്കിലും പരസ്യമായി രംഗത്തുവരാന്‍ തോഴില്‍ സുരക്ഷയെ ഓര്‍ത്ത് ഇക്കൂട്ടര്‍ മടിക്കുകയാണ്. ഭിന്നേശേഷി ആനുകൂല്ല്യം പറ്റി പരീക്ഷയെഴുതുന്ന കുട്ടികളുടെ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റില്‍ അക്കാര്യം രേഖപ്പെടുത്തുന്നത് ഈ ചൂഷണം വലിയൊരളവോളം കുറക്കാന്‍ സഹായകമാകുമെന്ന് വിദ്യാഭ്യാസരംഗത്തു പ്രവര്‍ത്തിക്കുന്ന വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ഇങ്ങനെ ചെയ്യുന്നത് ഭാവിയില്‍ കുട്ടികള്‍ക്ക് വലിയ പ്രയോജനം ചെയ്യും. ഉപരിപഠനത്തിനും ജോലിക്കും മറ്റ് പ്രത്യേക പരിഗണനകള്‍ക്കും ഈ സര്‍ട്ടിഫിക്കറ്റ് കുട്ടിക്ക് ഉപയോഗപ്പെടും. ഇതെല്ലാം വ്യക്തമായി അറിയാവുന്നവര്‍ വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്തുണ്ടെങ്കിലും നടക്കുന്നതൊന്നും അറിയില്ലെന്ന ഭാവമാണ് മിക്കവര്‍ക്കും. ചിലരാകട്ടെ സ്വകാര്യ സ്‌കൂള്‍ ലോബികളുടെ ഇംഗിതത്തിനു വഴങ്ങി ആവശ്യമുള്ള സഹായങ്ങള്‍ ചെയ്തുകൊടുക്കുന്ന തിരക്കിലും. എല്‍ ഡി വിഭാഗം(പഠനവൈകല്ല്യം) കുട്ടികളെ എട്ടാംക്ലാസ്സില്‍ നിന്നെങ്കിലും കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കിയാല്‍ ആ കുട്ടികളുടെ കാര്യത്തിലുള്ള ഇപ്പോള്‍ നടക്കുന്ന തട്ടിപ്പ് ഇല്ലാതാക്കാന്‍ കഴിയും. എല്‍ ഡി കുട്ടികളെ കണ്ടെത്തുന്നതിന് ഒരു പൊതുവായ ടൂള്‍(ഏകകം) ഇപ്പോഴും ബന്ധപ്പെട്ട വകുപ്പുകളില്‍ ഇല്ലെന്നുള്ളത് തട്ടിപ്പുകാര്‍ക്ക് അനുഗ്രഹമാകുന്നു. എം ആര്‍(മെന്റലി റിട്ടാര്‍ഡഡ്) ഒരു സുപ്രഭാതത്തിന്റെ സൃഷ്ടിയല്ലാത്തതിനാല്‍ ഇത്തരം കുട്ടികളുടെ കാര്യത്തിലാകട്ടെ നിയന്ത്രണം വളരെ എളുപ്പവുമാണ്. പക്ഷേ എം ആര്‍ സര്‍ട്ടിഫിക്കറ്റിന് 1000 രൂപയും എല്‍ ഡിക്ക് 700 രൂപയുമൊക്കെ വിലയിടുന്ന വിദ്യാഭ്യാസ കമ്പോളത്തില്‍ ഭിന്നേശേഷി എന്നത് ഒരു കച്ചവടതന്ത്രം മാത്രമാകുന്നു.

Related News