Tuesday
11 Dec 2018

പുതിയ എഫ്ആര്‍ഡിഐ ബില്‍ പുതിയ എഫ്ആര്‍ഡിഐ ബില്‍ ധനകാര്യമേഖലയുടെ അന്തകന്‍

By: Web Desk | Monday 8 January 2018 9:43 PM IST

ടി കെ സുധീഷ്

നോട്ട് നിരോധനത്തിന്റെയും ജിഎസ്ടിയുടേയും ആഘാതത്തില്‍ നട്ടംതിരിയുന്ന രാജ്യത്തിന്റെ സാമ്പത്തികമേഖല അതില്‍നിന്നും മുക്തമാകാന്‍ എത്രകാലമെടുക്കുമെന്ന് പ്രഗത്ഭമതികളായ സാമ്പത്തിക വിദഗ്ദന്മാര്‍ക്കുപോലും പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഭീമമായ തോതില്‍ തൊഴിലും വരുമാനവും നഷ്ടപ്പെടുന്ന വിധത്തില്‍ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കാനേ ഈ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കൊണ്ട് കഴിഞ്ഞിട്ടുള്ളുവെന്ന് സാമാന്യബോധമുള്ളവര്‍ക്ക് ബോധ്യപ്പെട്ടുകഴിഞ്ഞെങ്കിലും നരേന്ദ്രമോഡിയും ധനമന്ത്രി ജയ്റ്റ്‌ലിയും ഇപ്പോഴും അതംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ആഭ്യന്തര സാമ്പത്തിക വളര്‍ച്ചനിരക്കില്‍ വമ്പിച്ച തോതില്‍ ഇടിവുണ്ടാക്കിയ (നാലുവര്‍ഷക്കാലത്തെ ഏറ്റവും താഴ്ന്ന 6.50 ലേക്ക് ജിഡിപി താഴുമെന്ന് കേന്ദ്ര സ്റ്റാറ്റിക്‌സ് ഓഫീസ് കണക്കുകൂട്ടുന്നു) തലതിരിഞ്ഞ  ഈ പരിഷ്‌കാരങ്ങളുടെ പിറകെ മറ്റൊരു  ‘സര്‍ജിക്കല്‍  സ്‌ട്രൈക്ക്’ കൂടി ധനകാര്യമേഖലയില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഈ കഴിഞ്ഞ ശൈത്യകാലസമ്മേളനത്തില്‍ പാസാക്കിയെടുക്കാനുള്ള ഉദ്ദേശ്യത്തോടെ തയ്യാറാക്കിയ എഫ്ആര്‍ഡിഐ (ഫൈനാന്‍ഷ്യല്‍ റസലൂഷന്‍ ആന്‍ഡ് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ്) ബില്ലിനെ സംബന്ധിച്ച് വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ധനമന്ത്രാലയം തയ്യാറാക്കിയ ഈ വിവാദബില്ലിന്റെ കരട് നേരത്തേ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും സംയുക്ത പാര്‍ലമെന്റ് സമിതിയുടെ പരിശോധനയ്ക്കായി കൈമാറിയിരിക്കുകയാണ്. അടുത്ത ബജറ്റ് സമ്മേളനത്തില്‍ പാസാക്കിയെടുക്കാനാണ് കേന്ദ്രത്തിന്റെ അടുത്ത നീക്കം.ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, സ്റ്റോക്ക് എക്‌സ്‌േഞ്ചുകള്‍ തുടങ്ങിയ ധനകാര്യമേഖലയിലെ സുപ്രധാനസ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും സമഗ്രവും ഏകീകൃതവുമായ നിയമത്തിന്റെ അഭാവം നിലനില്‍ക്കുന്നുണ്ടെന്നും അതിനു പരിഹാരമായിട്ടാണത്രെ, ഇത്തരമൊരു നിയമം കൊണ്ടുവരുന്നതെന്നാണ് ധനമന്ത്രാലയത്തിന്റെ ഭാഷ്യം. ബാങ്കുകളുടെ മേല്‍നോട്ടത്തിനായി ഇതരരാജ്യങ്ങള്‍ക്കൊന്നും അവകാശപ്പെടാന്‍ കഴിയാത്ത ശക്തമായ ഒരു കേന്ദ്രബാങ്ക് നമുക്കുണ്ട്. ഇന്‍ഷുറന്‍സ് മേഖലയില്‍ റഗുലേറ്ററി അതോറിറ്റിയുണ്ട്. ഇതിനുപുറമെ പാപ്പര്‍ നിയമം (ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റസി കോഡ്) അനുസരിച്ച് ഒരു നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിനും രൂപം കൊടുത്തിട്ടുണ്ട്. മറ്റു ധനകാര്യസ്ഥാപനങ്ങള്‍ക്കും ഇതേ മാതിരിയുള്ള സംവിധാനങ്ങള്‍ നിലവിലുണ്ട്. അവ ഫലപ്രദമായി പ്രയോഗിക്കാറില്ലായെന്നുമാത്രം.തകര്‍ച്ചയെ നേരിടുന്ന ബാങ്കുകള്‍, മറ്റു ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയെ സംബന്ധിച്ചുള്ള തീര്‍പ്പുകള്‍ വേഗത്തിലാക്കുന്നതിനും നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനും വേണ്ടി പുതിയ ലോകസാഹചര്യത്തിനിണങ്ങുംവിധം തയാറാക്കിയതാണ് ഈ ബില്ലെന്നാണ് ധനമന്ത്രാലയത്തിന്റെ അവകാശവാദം. സാധാരണക്കാരുടെ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന ഗ്യാരണ്ടിയില്‍ നിന്നും പിന്‍വാങ്ങുകയും കോര്‍പറേറ്റുകള്‍ക്ക് യഥേഷ്ടം നിക്ഷേപകരുടെ പണം കൈകാര്യം ചെയ്യുന്നതിനുള്ള സുവര്‍ണ്ണാവസരമാണ് ഈ നിയമത്തിലൂടെ ഉണ്ടാവുന്നത്.ഏഷ്യന്‍ കടുവകള്‍ എന്ന പേരിലറിയപ്പെട്ടിരുന്ന സിങ്കപ്പൂര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക്, 1995 ല്‍ ഉണ്ടായ ധനപ്രതിസന്ധിയിലാണ് ഈ നിയമത്തിന്റെ അടിവേര് കിടക്കുന്നത്. 2008 ല്‍ അമേരിക്കയില്‍ രൂപം കൊണ്ട സാമ്പത്തികമാന്ദ്യം ഇതിന് ആക്കം കൂട്ടുകയും ചെയ്തു. ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സ്, ഐഎംഎഫ്, ഇന്‍ര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സെക്യൂരിറ്റീസ് കമ്മീഷന്‍സ്, ജി – 7 എന്നിവയെ വിശ്വസിച്ച് സാമ്പത്തിക ക്രമീകരണം നടപ്പിലാക്കിയ രാജ്യങ്ങള്‍ കുത്തുപ്പാളയെടുത്ത സാഹചര്യത്തില്‍ അവയുടെ വിശ്വാസ്യത  വീണ്ടെടുക്കുന്നതിനുവേണ്ടി ചില പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആഗോളമുതലാളിത്തം തീരുമാനിക്കുകയുണ്ടായി. രണ്ടായിരത്തി ഒമ്പതില്‍ ജി. 20 രാജ്യങ്ങളുടെ കൂട്ടായ്മയില്‍ നിന്ന് ഉരുത്തിരിഞ്ഞ ഫൈനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ബോര്‍ഡിന്റെ കുറിപ്പടിക്ക് വിധേയമായാണ് ഈ പുതിയ ബില്ല് രൂപം കൊണ്ടിരിക്കുന്നത്. ഈ നിയമത്തില്‍ ഒരു ഫൈനാന്‍ഷ്യല്‍ റെസല്യൂഷന്‍ കോര്‍പ്പറേഷന്‍ രൂപീകരിക്കുന്നതിന് ശുപാര്‍ശ ചെയ്യുന്നുണ്ട്. ഈ കോര്‍പ്പറേഷന്‍ രൂപീകരിക്കുന്നതോടെ 1961 ല്‍ രൂപീകൃതമായ റിസര്‍വ്വ് ബാങ്കിന്റെ സബ് സിഡിയറി സ്ഥാപനമായ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ (ഡിഐജി.സി) എന്ന സ്ഥാപനം ഫലത്തില്‍ ഇല്ലാതാകുന്നു. രാജ്യത്തെ കോടാനുകോടി നിക്ഷേപകരുടെ നിക്ഷേപത്തിന് ഗ്യാരണ്ടി നല്‍കിയിരുന്നത് ഈ സ്ഥാപനമാണ്. ഒരുലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഡിഐജിസി ഗ്യാരണ്ടി നല്‍കിയിരുന്നു. കാലാനുസൃതമായി ഗ്യാരണ്ടി സംഖ്യ വര്‍ദ്ധിപ്പിക്കുന്നതിന് മാറിമാറി വന്ന സര്‍ക്കാരുകള്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല എന്ന ന്യൂനത നിലനില്‍ക്കുന്നുണ്ട്. പുതുതായി രൂപീകരിക്കുന്ന റെസല്യൂഷന്‍ കോര്‍പ്പറേഷനില്‍ ഐ.ആര്‍.ഡിഐ, സെബി, ധനകാര്യമന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉണ്ടായിരിക്കും. തകര്‍ച്ച നേരിടുന്ന ധനകാര്യസ്ഥാപനങ്ങളിലെ നിക്ഷേപകരുടെ പണം തിരികെ നല്‍കണമോയെന്ന കാര്യം നിശ്ചയിക്കാനുള്ള അധികാരം ഈ കോര്‍പറേഷനായിരിക്കും. നിക്ഷേപകന്റെ തുക ഷെയറായോ സെക്യൂരിറ്റി ബോണ്ടുകളായോ മാറ്റാന്‍ കോര്‍പ്പറേഷന് അധികാരമുണ്ടായിരിക്കും. ആത്യന്തികമായി ബാങ്കില്‍ നിക്ഷേപിക്കപ്പെട്ട പണത്തിന്റെ മേല്‍ നിക്ഷേപകന് അധികാരമില്ലാത്ത അവസ്ഥയാണ് ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സംജാതമാകുന്നത്. രാജ്യത്തെ പൊതുമേഖലാബാങ്കുകള്‍, സ്വകാര്യബാങ്കുകള്‍, റൂറല്‍ ബാങ്കുകള്‍, ലൈഫ് ഇന്‍ഷുറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ്, സഹകരണബാങ്കുകള്‍ തുടങ്ങി മിക്കവാറും എല്ലാ ധനകാര്യ സ്ഥാപനങ്ങളും ഈ നിയമത്തിന്റെ പരിധിയിലേക്ക് വരും. വിവിധ മേഖലകളെ പ്രതിനിധീകരിച്ച് 10 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ അടങ്ങുന്ന ബോംബെ ആസ്ഥാനമായി രൂപീകരിക്കുന്ന റെസല്യൂഷന്‍ കോര്‍പ്പറേഷനായിരിക്കും ഇനിമുതല്‍ ധനകാര്യമേഖലയുടെ തലക്കുറി നിര്‍ണ്ണയിക്കുക. നിക്ഷേപകരുടെ മാത്രമല്ല, ബാങ്ക് ജീവനക്കാരുടെ തൊഴില്‍ സ്ഥിരതയെയും ഈ നിയമം ബാധിക്കുന്നുണ്ട്. സ്ഥാപനത്തെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ ജീവനക്കാരെ പുറന്തള്ളുന്നതിനും അവരുടെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിനുള്ള തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കുക പുതുതായി രൂപീകരിക്കുന്ന റെസല്യൂഷന്‍ കോര്‍പ്പറേഷനായിരിക്കുമെന്ന് ബില്ലില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.കോര്‍പറേറ്റുകള്‍ക്ക് വഴിവിട്ട് നല്‍കിയ ഭീമമായ കടങ്ങള്‍ മൂലം പ്രതിസന്ധിയിലായ ബാങ്കുകളെ രക്ഷപ്പെടുത്താന്‍, അതിന്റെ ഭാരം മുഴുവന്‍ രാജ്യത്തെ സാധാരണക്കാരായ നിക്ഷേപകരുടെ പിടലിയ്ക്ക് വെയ്ക്കുന്ന എളുപ്പവിദ്യയാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിയമത്തിലൂടെ അടിച്ചേല്‍പിക്കുന്നത്. ഇത് ഇവിടെ മാത്രമല്ല ലോകത്തെവിടെയും ഭരണകൂടങ്ങളും കോര്‍പ്പറേറ്റുകളും പരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇന്ത്യയില്‍ പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം ഏകദേശം എട്ട് ലക്ഷം കോടി കവിഞ്ഞിരിക്കുകയാണ്. ഇതില്‍ 70 ശതമാനവും വന്‍കിട കോര്‍പ്പറേറ്റുകള്‍ എടുത്ത കടമാണ്. അതില്‍തന്നെ രണ്ട് ലക്ഷം കോടി രൂപ 12 കോര്‍പ്പറേറ്റുകളില്‍ നിന്നാണ് കിട്ടാനുള്ളത്. ഡിഫോള്‍ട്ടര്‍മാരില്‍ 88 ശതമാനവും അഞ്ച് കോടിയില്‍ കൂടുതല്‍ വായ്പയെടുത്ത വന്‍കിടക്കാരാണ്. ഇവര്‍ക്ക് വായ്പ അനുവദിക്കാനുള്ള അധികാരം ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിക്ഷിപ്തമാണെന്നിരിക്കെ യഥാര്‍ത്ഥത്തില്‍ ബാങ്കുകളുടെ ഉന്നതാധികാരികളും കുത്തകകളും തമ്മിലുള്ള കൂട്ടുകച്ചവടമാണ് ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി ഭീമമായി പെരുകുന്നതിന് ഇടയാക്കിയത്.ബാങ്കുകളെ കടക്കെണിയില്‍പ്പെടുത്തിയ കോര്‍പറേറ്റ് ഭീമന്മാരുടെ കൈയ്യില്‍നിന്നും പണം തിരിച്ചുപിടിക്കുന്നതിനോ അവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നതിനോ തക്കതായ ശിക്ഷ നല്‍കുന്നതിനോ മടികാണിക്കുന്ന ബാങ്കുകളും ബാങ്കുകളുടെ കണ്‍സോര്‍ഷ്യവും അവരുടെ കിട്ടാകടങ്ങള്‍ എഴുതിതള്ളി ബാലന്‍സ് ഷീറ്റ് പരിശുദ്ധമാക്കുന്ന സൂത്രവിദ്യയാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. 9000 കോടിയുടെ തട്ടിപ്പ് നടത്തിയ വിജയ്മല്യ രാജ്യത്തുനിന്ന് രക്ഷപ്പെട്ട് വിദേശത്ത് സസുഖം വാഴുന്നത് സമീപകാലസംഭവമാണല്ലോ. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാബാങ്കായ എസ്ബിഐ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ നിക്ഷേപകരെ പിഴിഞ്ഞ് ഈ വര്‍ഷം നേട്ടമുണ്ടാക്കിയത് 1771 കോടി രൂപയാണ്. മിനിമം ബാലന്‍സ് അക്കൗണ്ടുകള്‍ സൂക്ഷിക്കാത്തതിന്റെ പേരില്‍ പിഴയിനത്തില്‍ മാത്രമാണ് – ഇത്രയും ഭീമമായ സംഖ്യ എസ്ബിഐ ആറുമാസക്കാലം കൊണ്ട് ലാഭമായി കൊയ്തത്. പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ നിന്നും തട്ടിയെടുത്ത ചില്ലിക്കാശില്‍നിന്നാണ് ഈ ലാഭം എന്നുള്ളതാണ് ദയനീയ വസ്തുത. നിഷ്‌ക്രിയ ആസ്തി ഏറ്റവും കൂടുതല്‍ വരുത്തിവച്ചിട്ടുള്ള ബാങ്കാണ് എസ്ബിഐ. എട്ട് ലക്ഷം കോടിയില്‍ 1,88,000 കോടിരൂപ എസ്ബിഐയുടെ വകയാണ്. ഇത്രയും ഭീമമായ തുക കോര്‍പറേറ്റുകള്‍ക്ക് അമ്മാനമാടാന്‍ നല്‍കിയ ബാങ്ക് അധികാരികള്‍പാവപ്പെട്ടവരെ പിഴിഞ്ഞ് ഊറ്റുകയാണ്. പെരുകുന്ന നിഷ്‌ക്രിയാസ്തിയും നോട്ടുനിരോധനവും കൂടി പ്രതിസന്ധിയിലായ ബാങ്കുകളെ രക്ഷപ്പെടുത്താനാണ് കഴിഞ്ഞ ഒക്‌ടോബറില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക പാക്കേജില്‍ 2.11 ലക്ഷം കോടി രൂപ ബാങ്കുകളുടെ റീ ക്യാപിറ്റലൈസേഷനുവേണ്ടി വിനിയോഗിയ്ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാലിത്തരം സാമ്പത്തിക സഹായങ്ങള്‍ കൊണ്ട് അധികകാലം പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് അമേരിക്ക ഉള്‍പ്പെടെയുള്ള മുതലാളിത്തരാജ്യങ്ങളിലെ അനുഭവങ്ങള്‍ കാണിക്കുന്നത്. ഇത് രാജ്യങ്ങളെതന്നെ പാപ്പരീകരിക്കുന്നതിന് ഇടയാക്കുമെന്നതുകൊണ്ടാണ് ലോകമുതലാളിത്തം പുതിയ പരീക്ഷണങ്ങള്‍ക്ക് ഒരുങ്ങുന്നത്. തങ്ങളുടെ കെടുകാര്യസ്ഥതകൊണ്ട് സംഭവിച്ച ദുരന്തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും കൈകഴുകി പാവപ്പെട്ട നിക്ഷേപകരുടെ തലയില്‍ ഭാരം കെട്ടിവയ്ക്കാനുള്ള തന്ത്രമാണ് അവര്‍ ആവിഷ്‌കരിക്കുന്നത്. അതാണ്  ബെയ്ല്‍ഇന്‍’എന്ന പുതിയ ക്രമീകരണത്തിലൂടെ നടപ്പിലാക്കാന്‍ പോകുന്നത്. സൈപ്രസില്‍ 2009 ല്‍ ചെയ്തതുപോലെ ബാങ്ക് നിക്ഷേപത്തിന്റെ ഗണ്യമായ ഭാഗം നിക്ഷേപകരുടെ അനുവാദമില്ലാതെ ബാങ്ക് കൈവശപ്പെടുത്തിയതുപോലെ ഇന്ത്യയിലും നടപ്പിലാക്കുന്നതിനാണ് എഫ്ആര്‍ഡിഐ ബില്ലിലൂടെ കേന്ദ്രധനമന്ത്രാലയം ലക്ഷ്യമിടുന്നത്. 2009ല്‍ ജി-20 രാജ്യങ്ങളുടെ കൂട്ടായ്മയുടെ ഭാഗമായി രൂപമെടുത്ത ഫൈനാന്‍ഷ്യല്‍ സ്റ്റബിലിറ്റി ബോര്‍ഡാണ് ഈ പുതിയ കടബാധ്യതപുനഃരൂപവല്‍ക്കരണപദ്ധതിക്ക് രൂപം നല്‍കിയത്. അതിന്റെ ഭാഗമായാണ് ഇത് ഫലപ്രദമായി നടപ്പിലാക്കുന്നതിന് അംഗരാജ്യങ്ങളില്‍ ഫൈനാന്‍ഷ്യല്‍ കോര്‍പറേഷന്‍ രൂപീകരിക്കുന്നത്. എന്നാല്‍ പല രാജ്യങ്ങളിലും പലപ്രകാരത്തിലാണ് ഇത് നടപ്പിലാക്കിയിട്ടുള്ളത്. ചിലയിടത്ത് കേന്ദ്രബാങ്കിന്റെ കീഴിലാണ് കോര്‍പറേഷന്‍. എന്നാല്‍ ഇന്ത്യാരാജ്യത്ത് ധനമന്ത്രാലയം തയാറാക്കിയ ബില്ലില്‍ ധനകാര്യമേഖലയെ സംഹരിക്കാനും സംരക്ഷിക്കാനും കഴിയുന്ന തരത്തില്‍ എല്ലാ അധികാരങ്ങളും ഉള്ള അതീതശക്തിയായാണ് അതിനെ വിഭാവനം ചെയ്തിട്ടുള്ളത്.