Monday
25 Jun 2018

ഫ്രീസ്റ്റൈല്‍ ഫുട്‌ബോള്‍ പരിചയപ്പെടുത്തി ലോകതാരങ്ങള്‍

By: Web Desk | Friday 23 February 2018 10:09 PM IST

കൊച്ചി:

ഫ്രീസ്റ്റൈല്‍ ഫുട്‌ബോള്‍ പ്രകടനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ലോകതാരങ്ങള്‍

ഒരു നൃത്ത അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ പന്തിനെ തഴുകി കാലിലും നെഞ്ചിലും തലയിലുമായി ആകാശത്ത് എത്ര നേരം വേണമെങ്കിലും നിര്‍ത്തുന്ന പ്രതിഭ മലയാളികള്‍ക്ക് പരിചയപ്പെടുത്തി ഫ്രീസ്റ്റൈല്‍ ഫുട്‌ബോള്‍ താരങ്ങളുടെ പ്രകടനം ശ്രദ്ധേയമാകുന്നു. ഇന്ത്യയില്‍ അത്ര പ്രചാരത്തിലില്ലാത്ത ഫ്രീസ്‌റ്റൈല്‍ ഫുട്‌ബോളിന്റെ ചാരുത ഐഎസ്എല്‍ മത്സരങ്ങളുടെ ഇടവേളകളിലെ മാസ്മരിക പ്രകടനങ്ങളിലൂടെ ഇതിനകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

കൊച്ചിയിലെ പുല്‍ മൈതാനങ്ങളെ ത്രസിപ്പിച്ച മൂന്നു പേരില്‍ ഒരാള്‍ ലോക ഫ്രീസ്‌റ്റൈല്‍ ഫുട്‌ബോളില്‍ നാലു വട്ടം ചാമ്പ്യനായ ഹംങ്കറിയുടെ കിറ്റി സാസാണ്. ജര്‍മന്‍ ലീഗായ ബുണ്ടസ് ലീഗ് താരമായിരുന്ന അയ്‌ലിന്‍ യാരെന്‍, നാലു വട്ടം പോളിഷ് ഫ്രീസ്‌റ്റൈല്‍ ചാമ്പ്യനായ അഗ്‌നീസ്‌ക നിഷ് എന്നിവരുമാണ് പന്ത് കൊണ്ടുള്ള മായാജാലം അവതരിപ്പിക്കുന്നത്. അപ്പോളോ ടയേഴ്‌സാണു മൂവരെയും ഇന്ത്യയിലെത്തിച്ചത്. രാജ്യത്തെ വിവിധ നഗരങ്ങളിലും ഇവരുടെ പ്രകടനങ്ങള്‍ അരങ്ങേറി.

പ്രൊഫഷണല്‍ ഫുട്‌ബോളും ഫ്രിസ്‌റ്റൈല്‍ ഫുട്‌ബോളും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ടെന്ന് അയ്‌ലിന്‍ യാരെന്‍ പറയുന്നു. ശരീരത്തിന്റെ ഓരോ ഭാഗവും ഉപയോഗിച്ചു ശ്രദ്ധയോടെ ചെയ്യേണ്ടതാണിത്. ഫ്രീസ്‌റ്റൈല്‍ ഫുട്‌ബോറര്‍ ആവുന്നതിനു ഏറ്റവും ആവശ്യം പ്രചോദനമാണ്. സ്വയമുളള പ്രകടനത്തിന് ഏറെ അവസരങ്ങളുള്ള കായിക രൂപമാണു ഫ്രീസ്‌റ്റൈല്‍ ഫുട്‌ബോള്‍. കാണികളുടെ എണ്ണത്തിലൂടെ ഇന്ത്യ ഞെട്ടിച്ചു കളഞ്ഞുവെന്നും യാരിന്‍ പറഞ്ഞു. ഇന്നലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും ചെന്നൈയിന്‍ എഫ്‌സിയും തമ്മില്‍ നടന്ന പോരാട്ടത്തിന്റെ ഇടവേളയിലും അത്ര ഫ്രീയല്ലാത്ത ഫ്രീസ്‌റ്റൈല്‍ ഫുട്‌ബോളുമായി യാരിനും സംഘവും വിസ്മയിപ്പിക്കാന്‍ എത്തിയിരുന്നു.