Friday
25 May 2018

ഫ്രഞ്ച് ലീഗ് കപ്പ്; പി എസ് ജി ഫൈനലില്‍

By: Web Desk | Wednesday 31 January 2018 10:30 PM IST

പാരീസ്: പാരീസ് സെയിന്റ്് ജര്‍മന്‍ റെന്നെസിനെ 32ന് തോല്‍പ്പിച്ച് ഫ്രഞ്ച് ലീഗ് കപ്പിന്റെ ഫൈനലിലേക്ക് ടിക്കറ്റെടുത്തു. സൂപ്പര്‍ താരം എംബപ്പേ ചുവപ്പ് കാര്‍ഡ് കണ്ട മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് പി.എസ്.ജി വിജയിച്ചത്.
തോമസ് മെയ്‌നീരിനാണ് പിഎസ്ജിയുടെ ഗോള്‍ നേട്ടം തുടങ്ങിയത്. റെന്നെസ് താരം വഹ്ബി ഖസ്‌റി പി.എസ്.ജിയുടെ വലയില്‍ പന്ത് എത്തിച്ചെങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സഹായത്തോടെ റഫറി ഹാന്‍ഡ് ബോള്‍ വിളിക്കുകയായിരുന്നു. രണ്ടാം പകുതിയിലും തങ്ങളുടെ ആധിപത്യം തുടര്‍ന്ന പി.എസ്.ജി തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. ഇത്തവണ റെന്നെസ് വല കുലുക്കിയത് മാര്‍ക്വിഞ്ഞോസ് ആയിരുന്നു. നാല് മിനുട്ടിനു ശേഷം ലോ സെന്‍സോയിലൂടെ പി.എസ്.ജി ലീഡ് മൂന്നാക്കി ഉയര്‍ത്തി. റെന്നെസ് ഗോള്‍ കീപ്പര്‍ അബ്‌ദോലായേ ദിയല്ലോയുടെ പിഴവാണ് മൂന്നാമത്തെ ഗോളില്‍ കലാശിച്ചത്.
റെന്നെസ് ഫോര്‍വേഡ് ഇസ്മയില സാറിന്റെ കാലില്‍ ചവിട്ടിയതിനാണ് എംബപ്പേ ചുവപ്പ് കാര്‍ഡ് കണ്ടത്.വീഡിയോ അസിസ്റ്റന്റ് റഫറിയാണ് താരത്തിന് റെഡ് കാര്‍ഡ് വിധിച്ചത്. 10 പേരായി പി.എസ്.ജി ചുരുങ്ങിയതോടെ മത്സരത്തിലേക്ക് തിരിച്ച് വന്ന റെന്നെസ് 85ആം മിനുട്ടില്‍ തന്റെ അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ സാക്കോയിലൂടെ ഗോള്‍ നേടി പി.എസ്.ജിയുടെ ലീഡ് രണ്ടായി കുറച്ചു. തുടര്‍ന്ന് ഇഞ്ചുറി ടൈമില്‍ സഞ്ചിന്‍ പ്രീസിച്ചിലൂടെ ഒരു ഗോള്‍ കൂടെ റെന്നെസ് മടക്കിയെങ്കിലും സമനില നേടാനുള്ള മൂന്നാമത്തെ ഗോള്‍ നേടാന്‍ അവര്‍ക്കായില്ല.
ഫൈനലില്‍ പി.എസ്.ജി മൊണാകോ – മോന്റെപെല്ലിര്‍ മത്സരത്തിലെ വിജയികളെ നേരിടും. മാര്‍ച്ച് 31നാണ് ഫൈനല്‍. തുടര്‍ച്ചയായ അഞ്ചാം തവണയും കിരീടം നേടാനുറച്ച് തന്നെയാവും പി.എസ്.ജി ഫൈനലില്‍ ഇറങ്ങുക.