Wednesday
18 Jul 2018

തണുത്ത കൊലയാളി

By: Web Desk | Tuesday 26 September 2017 1:38 AM IST

രാജേഷ് രാജേന്ദ്രന്‍

കാലംമാറി, മനുഷ്യന്റെ ജീവിതരീതിയും സ്‌ഫോടനാത്മകമായ മാറ്റങ്ങള്‍ക്ക് വിധേയമായി. ദിനചര്യകളിലെ മാറ്റങ്ങളും തിരക്കേറിയ ജീവിത രീതികളിലും വീടുകളില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ സഹായമില്ലാത്ത അവസ്ഥ ചിന്തിക്കാന്‍ പോലുമാകാതെയായി. ഇക്കാരണംകൊണ്ട് തന്നെയാണ് നിത്യോപയോഗസാധനങ്ങളുടെ പട്ടികയില്‍ ഫ്രിഡ്ജ് ഇടം നേടിയതും. ശീതീകരണമാണ് പ്രവര്‍ത്തനമെങ്കിലും കോപിച്ചാല്‍ വീടുമുഴുന്‍ ചാമ്പലാക്കാന്‍ ശേഷിയുള്ള ഉപകരണമാണിത്. ഈ അടുത്തകാലങ്ങളിലാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മരണം, അഗ്നിബാധ, ഫ്രിഡ്ജിലെ ഗ്യാസ് ചോര്‍ച്ചമൂലം വീട്ടിലുള്ളവര്‍ കുഴഞ്ഞുവീണു ഇങ്ങനെ പലവിധത്തിലുള്ള വാര്‍ത്തകള്‍ നാം കേള്‍ക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 74 തരത്തിലുള്ള അപകടകങ്ങളാണ് ഫ്രിഡ്ജ്മൂലമുണ്ടായിട്ടുള്ളത്. ഇന്ത്യ ഒട്ടാകെ എഴുന്നൂറില്‍പ്പരം സ്ഥിരീകരിക്കാത്ത അപകടങ്ങള്‍ നടന്നിട്ടുള്ളതായി പറയുന്നു. അടുക്കളയില്‍ ഫ്രിഡ്ജില്ലാത്ത അവസ്ഥ ചിന്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇത്തരത്തിലുണ്ടാകുന്ന അപകടങ്ങള്‍ എങ്ങനെ ചെറുക്കാം എന്നതാണ് നമ്മള്‍ മനസിലാക്കേണ്ടത്.
തിരുവനന്തപുരം ഫോറന്‍സിക് ലാബ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സുനില്‍ എസ് പിയുടെ അഭിപ്രായത്തില്‍ ഫ്രിഡ്ജ് എന്നത് ഒരു നിശബ്ദ കൊലയാളിയാണ്. എപ്പോള്‍ വേണമെങ്കിലും മരണക്കെണിയായി ഫ്രിഡ്ജ് മാറിയേക്കാം എന്ന് അദ്ദേഹം ഓര്‍മപ്പെടുത്തുന്നു. ഫ്രിഡ്ജുകള്‍ക്കുള്ള രണ്ട് പാളികള്‍ക്കിടയില്‍ ഇന്‍സുലേറ്ററായി ഉപയോഗിക്കുന്നത് പോളിമൈസറുകളാണ്. അല്‍പം ചൂടുകൂടിയാല്‍തന്നെ വിഷവാതകമായിരിക്കും പുറത്തേക്ക് വരുന്നത്. ആദ്യകാലത്തൊക്കെ ഫ്രിഡ്ജുകളില്‍ കൂളന്ററായി ഉപയോഗിച്ചിരുന്നത് ക്ലോറോ ഫഌറോ കാര്‍ബണും, ഹൈഡ്രോ ഫഌറോ കാര്‍ബണുമാണ്. ഈ വാതകം ഓസോണ്‍ പാളിക്ക് തകരാറുണ്ടാക്കുന്നു എന്ന കാരണത്താല്‍ ലോക രാജ്യങ്ങള്‍ ഒന്നടങ്കം ഫ്രീസ് ടെക്‌നോളജി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി. പുതിയ കൂളന്റായി ഐസോ ബ്യൂട്ടീന്‍ പ്രൊപൈന്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇത് പെട്രോളിയം പാചകവാതകത്തെക്കാള്‍ നാലിരട്ടി അഗ്നിസ്ഫുലിംഗം ഉണ്ടാക്കാന്‍ ശേഷിയുളളതാണ്. യഥാര്‍ഥത്തില്‍ നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്ന പാചകവാതകത്തിന് യാതൊരു മണവുമില്ലാത്തതാണ്. എന്നാല്‍ പാചകവാതക ചോര്‍ച്ചമൂലമുണ്ടായിട്ടുള്ള അപകടകങ്ങള്‍ വര്‍ധിച്ചുവന്ന സാഹചര്യത്തില്‍ പിരിഡിന്‍ എന്ന രാസവസ്തു ചേര്‍ന്നപ്പോള്‍ വാതകചോര്‍ച്ച ഇതിന്റെ മണത്തിലൂടെ മനസിലാക്കാന്‍ സാധിക്കുകയും ഇത്തരത്തില്‍ പാചകവാതക ചോര്‍ച്ച മൂലമുണ്ടാകുന്ന അപകടങ്ങള്‍ മുമ്പേ മനസിലാക്കി ഉപഭോക്താക്കള്‍ക്ക് രക്ഷനേടാനുള്ള വഴികള്‍ സ്വീകരിക്കാനും സാധിച്ചു. എന്നാല്‍ നാലിരട്ടി സംഹാരശേഷിയുള്ള വാതകത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്രിഡ്ജിന്റെ വാതകചോര്‍ച്ച മനസിലാക്കന്‍ സാധിക്കുന്നില്ല. എന്നതിനാല്‍ അപകടത്തിന്റെ കാലൊച്ച തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു.
ഫ്രിഡ്ജിന്റെ പൊട്ടിത്തെറികള്‍ മിക്കവാറും രാത്രിയിലാണ് കൂടുതല്‍ കണ്ടുവരുന്നത്. ഇതിനു കാരണമുണ്ട്. രാത്രികാലങ്ങളില്‍ കൃത്യമായി പ്രവര്‍ത്തിക്കുന്ന ഫ്രിഡ്ജില്‍ നിന്നും വാതക ചോര്‍ച്ചയുണ്ടാകുമ്പോള്‍ ഫ്രിഡ്ജിന്റെ സംവിധാനം വച്ചുനോക്കുമ്പോള്‍ ആവശ്യത്തിന് തണുപ്പ് ഫ്രിഡ്ജിനുള്ളിലായിക്കഴിഞ്ഞാല്‍ കൃത്യമായി ഓഫാകും. പിന്നെ വൈദ്യുതി ആവശ്യമാകുന്ന ഘട്ടത്തില്‍ ഓണ്‍ ആകുന്നതോടെ സ്പാര്‍ക്ക് ഉണ്ടാകുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. പകല്‍ നേരങ്ങളില്‍ കൂടുതല്‍ നേരം തുറക്കുകയും അടയ്ക്കുകയും ചെയ്യുമ്പോള്‍ ഇത്തരത്തിലുളള അപകടത്തിന് സാധ്യത കുറവാകുന്നു. ഇന്‍സുലേറ്ററായി ഉപയോഗിക്കുന്ന പോളിമൈഡര്‍ ചൂടായാല്‍ തന്നെ കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന വിഷവാതകം ഫ്രിഡ്ജിന്റെ ഇരുപാളികള്‍ക്കിടയില്‍ രൂപപ്പെടും. ഇത് പൊട്ടിത്തെറിക്ക് കാരണമാകുന്നു. പൊട്ടാസ്യം സൈനൈഡിന്റെ തൊട്ടടുത്ത സ്ഥാനമാണ് കാര്‍ബണ്‍ മോണോക്‌സൈഡിനുള്ളതെന്നും ഓര്‍ക്കുക. ഇത്തരത്തില്‍ മരണമണിയുമായി നമ്മോടൊപ്പം നമ്മുടെ അടുക്കളയില്‍ ഫ്രിഡ്ജ് ഉള്ളിടത്തോളം കാലം ഒരു ശ്രദ്ധ അവിടേയ്ക്കുകൂടി വേണ്ടത് അത്യാവശ്യമാണ്.
ഈ അപകടത്തെ നേരിടാന്‍ പ്രത്യേകിച്ചെടുക്കേണ്ട തയാറെടുപ്പുകളൊന്നും തന്നെയില്ലെങ്കിലും കൃത്യമായി ഫ്രിഡ്ജിന്റെ പരിപാലനം ഇലക്‌ട്രോണിക് വിദഗ്ധരെക്കൊണ്ട് ചെയ്യിപ്പിക്കേണ്ടതും വാതകം കടന്നുപോകുന്ന പൈപ്പുകള്‍ കൃത്യതയോടെ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കുകയും വേണം. ഇതുമാത്രമേ അപകടത്തില്‍ നിന്നും രക്ഷനേടാനുള്ള മാര്‍ഗമായി ഉള്ളൂ എന്നുകൂടി ഓര്‍ക്കുക… ഓര്‍ത്താല്‍ നന്ന്.