Thursday
20 Sep 2018

”കൂട്ടക്കൊല”- ഫ്രെഡറിക് എംഗല്‍സ്

By: Web Desk | Monday 18 December 2017 1:34 AM IST

1857ലെ കലാപം അടിച്ചമര്‍ത്തുന്നതിന് നിഷ്ഠുരമായ മാര്‍ഗങ്ങളാണ് ബ്രിട്ടീഷുകാര്‍ അവലംബിച്ചത്. ഇതേക്കുറിച്ച് 1858 മേയ് 25ന് ന്യൂയോര്‍ക്ക് ഡെയ്‌ലി ട്രിബ്യൂണലില്‍ ഫ്രെഡറിക് എംഗല്‍സ് എഴുതിയ ലേഖനത്തില്‍ ഇപ്രകാരം പറയുന്നു.
”ബ്രിട്ടീഷ് സൈന്യത്തെപോലെ മൃഗീയമായി പെരുമാറുന്ന ഒരൊറ്റ സൈന്യം പോലും യൂറോപ്പിലോ, അമേരിക്കയിലോ ഇല്ലെന്നതാണ് യാഥാര്‍ഥ്യം. മറ്റെല്ലായിടത്തും കര്‍ശനമായും പരിപൂര്‍ണമായും നിരോധിച്ചിട്ടുള്ള കൊള്ളയടിയും അക്രമവും കൂട്ടക്കൊലയുമെല്ലാം ബ്രിട്ടീഷ് ഭടന്റെ പരമ്പരാഗതമായ പ്രതേ്യകാവകാശം, അഥവാ അംഗീകൃതാവകാശമാണ്. ഇന്ത്യയിലെ യുദ്ധത്തില്‍ കാണിച്ച, ദിവസങ്ങള്‍ നീണ്ടുനിന്ന തെമ്മാടിത്ത പ്രവൃത്തികള്‍ ഫ്രഞ്ചുവിപ്ലവത്തിന്റെ ആരംഭം മുതല്‍ ഇന്നുവരെയും ഒരു രാജ്യത്തിന്റെയും ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ളവയാണ്. അക്രമിച്ചു പിടിച്ചടക്കിയ ഒരു പട്ടണം കൊള്ളയടിക്കു വിട്ടുകൊടുക്കുക എന്ന, മധ്യകാലഘട്ടത്തിലെ പതിവ് ഇത് മറ്റെല്ലായിടത്തും നിഷിദ്ധമാക്കപ്പെട്ടിരിക്കുകയാണ്. ഇപ്പോഴും ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം ഒരു ചട്ടമാണ്.”

മാസങ്ങളോളം ഇംഗ്ലീഷുകാരുടെ ഭരണം ഒരു തലനാരിഴയിലാണ് തൂങ്ങിനിന്നത്. പിന്നീടവര്‍ പ്രത്യാക്രമണം തുടങ്ങിയപ്പോള്‍ ലഹളയുടെ മുഖച്ഛായമാറി. പീരങ്കിയും വെടിയുണ്ടയും വര്‍ഷിച്ചു കൊണ്ടവര്‍ മുന്നേറി. ഒന്നിന് പത്തല്ല, നൂറല്ല, ആയിരം എന്ന കണക്കെ കമ്പനിപ്പട്ടാളം ഇന്ത്യന്‍ ശിരസുകള്‍ അരിഞ്ഞുവീഴ്ത്തി. ഞങ്ങളുടെ ദാരിദ്ര്യവും പട്ടിണിയും കഷ്ടപ്പാടും ഏതോ വഴിക്ക് ബ്രിട്ടീഷുകാരുടെ വരവുമായി ബന്ധപ്പെട്ടതാണെന്ന ഒരു ബോധം ഇന്ത്യക്കാര്‍ക്കിടയില്‍ വളര്‍ന്നുവന്നു. ഇംഗ്ലീഷുകാര്‍ ഇവിടെ നടത്തിയ ഘോരതാണ്ഡവത്തെക്കുറിച്ചും കലാപത്തെക്കുറിച്ചും വിദേശ പത്രങ്ങള്‍ അഭിപ്രായപ്പെട്ടത് ഇന്ത്യയുടെ ‘ഒന്നാം സ്വാതന്ത്ര്യ സമരം’ എന്നാണ്. അക്കാലത്ത് ഇന്ത്യയിലുണ്ടായിരുന്ന ലണ്ടനിലെ ടൈംസ് പത്രത്തിന്റെ ലേഖകനായിരുന്ന റസല്‍ തന്റെ പത്രത്തിനയച്ച് റിപ്പോര്‍ട്ടില്‍ ബ്രിട്ടീഷ് സാമ്രാജ്യം ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണുകൊണ്ടിരിക്കയാണെന്നഭിപ്രായപ്പെട്ടിരുന്നു. ഇംഗ്ലണ്ടില്‍ ലഭിച്ചുകൊണ്ടിരുന്ന വാര്‍ത്തകളെ അടിസ്ഥാനമാക്കി കാറല്‍മര്‍ക്‌സ് അഭിപ്രായപ്പെട്ടത് ഇന്ത്യയില്‍ നടക്കുന്നത് വെറുമൊരു ശിപായി ലഹളയല്ലെന്നും ഒരു ദേശീയ നവോത്ഥാനമാണെന്നുമായിരുന്നു.
കലാപം പരാജയപ്പെടാന്‍ ഒട്ടേറെ കാരണങ്ങള്‍ ഉണ്ടായിരുന്നു.
1. ഇന്ത്യയിലെ മുഴുവന്‍ ജനവിഭാഗങ്ങളും ആ സമരത്തില്‍ അണിനിരന്നില്ല.
2. സിക്കുകാരും ഗൂര്‍ഖകളും പൊതുവെ ഇംഗ്ലീഷുകാരെ തുണയ്ക്കുന്ന സമീപനം സ്വീകരിച്ചു.
3. നൈസാം, നേപ്പാളിലെ രാജാവ് തുടങ്ങിയവര്‍ ബ്രിട്ടീഷുകാരോടൊപ്പമായിരുന്നു.
4. വേണ്ടത്ര ആസൂത്രണവും തയാറെടുപ്പുമില്ലാതെയാണ് കലാപം തുടങ്ങിയത്.
5. സൈനികമായി ഇംഗ്ലീഷുകാര്‍ക്കുണ്ടായിരുന്ന മുന്‍തൂക്കം ലഹളയുടെ പരാജയത്തിന്റെ പ്രധാനകാരണമായിരുന്നു. കലാപകാരികളെക്കാള്‍ മെച്ചപ്പെട്ട യുദ്ധതന്ത്രവും ആയുധങ്ങളും ഇംഗ്ലീഷുകാര്‍ക്കുണ്ടായിരുന്നു.

ഗൗതം എസ് എം
ക്ലാസ്: 5 ബി
ഇന്ത്യന്‍ സ്‌കൂള്‍,
അല്‍ഗൂബ്ര, മസ്‌കറ്റ്