Monday
22 Jan 2018

ജൂണ്‍ മുതല്‍ സൗദിയില്‍ വനിതകള്‍ ട്രക്കും ഓടിക്കും

By: Web Desk | Saturday 16 December 2017 11:25 PM IST

റിയാദ്:

സൗദി അറേബ്യ പരിഷ്‌കരണത്തിന്റെ പാതയിലാണ്. വനിതകള്‍ക്കുള്ള ഡ്രൈവിങ് വിലക്ക് എടുത്തുകളയുന്നതോടെ വിപ്ലവാത്മകമായ ചുവടുവെയ്പാണ് രാജ്യം നടത്തുക. ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം കാറ് ഓടിക്കാന്‍ മാത്രമുള്ള ലൈസന്‍സ് അല്ല സൗദി നല്‍കുക, ട്രക്കും മോട്ടോര്‍ സൈക്കളും ഓടിക്കാന്‍ വനിതകള്‍ക്ക് അനുമതി ലഭിക്കും. എല്ലാ വാഹനങ്ങളും ഇനി സൗദിയിലെ സ്ത്രീകള്‍ ഓടിക്കും. വിദേശികളെ രാജ്യത്ത് നിന്ന് ‘ഓടിക്കുന്നതിന്റെ’ ഭാഗമായിട്ടാണ് പുതിയ നീക്കങ്ങള്‍.
ഏതുവിതേനെയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യമാണ് സൗദി അറേബ്യന്‍ ഭരണകൂടത്തിനുള്ളത്. ആഗോള എണ്ണ വിപണിയില്‍ വില കുറഞ്ഞതോടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഇളകുകയായിരുന്നു. തുടര്‍ന്നാണ് സൗദി സ്വദേശിവത്കരണവുമായി മുന്നോട്ട് വന്നത്.
ഇതിന്റെ ഭാഗമായിട്ടായിരുന്നു സൗദി അറേബ്യയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കാനുള്ള തീരുമാനം. സ്ത്രീ പക്ഷവാദികളുടെ വായടപ്പിക്കാനും ഭരണകൂടത്തിന് ഇതുവഴി സാധിച്ചു. വലിയ വാഹനങ്ങളെല്ലാം ഓടിക്കാനുള്ള ലൈസന്‍സ് സൗദിയിലെ സ്ത്രീകള്‍ക്ക് കൂടി ലഭിച്ചാല്‍ അവര്‍ ഈ രംഗത്തേക്ക് കാലെടുത്തു വയ്ക്കും. അതാകട്ടെ, വിദേശികള്‍ക്ക് കനത്ത തിരിച്ചടിയുമാണ്. സൗദി ഭരണകൂടം ആ രാജ്യത്തെ തൊഴിലില്ലായ്മയും പ്രതിസന്ധിയും പരിഹരിക്കാനുള്ള ശ്രമം തുടരുന്നത് സ്വാഭാവികമാണ്.
സൗദിയില്‍ ബൈക്കുകള്‍ ഓടിക്കാനുള്ള ലൈസന്‍സും സ്ത്രീകള്‍ക്ക് ഉടന്‍ നല്‍കും. കഴിഞ്ഞ സപ്തംബറില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം സൗദി ഭരണകൂടം നടത്തിയിരുന്നു. 2018 ജൂണ്‍ മുതലാണ് പ്രഖ്യാപനം നടപ്പാകുക. ഇപ്പോള്‍ തന്നെ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന വിദേശികള്‍ മറ്റു ജോലികളിലേക്ക് മാറുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്.