Tuesday
17 Jul 2018

കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രകൃതി സൗന്ദര്യത്തെ ബാധിക്കുന്നു

By: സ്വന്ത ലേഖിക | Tuesday 14 November 2017 2:56 PM IST

ലോകത്താകമാനം സംഭവിച്ചു കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രകൃതി സൗന്ദര്യത്തെ ഗുരുതരമായി ബാധിക്കുന്നു എന്ന് റിപ്പോർട്ട്. അമേരിക്കയിലെ എവർഗ്ലാഡ്സ്, ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫ് തുടങ്ങി പ്രകൃതിയൊരുക്കിയ അത്ഭുതക്കാഴ്ചകൾ എല്ലാം കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം നശിച്ചുകൊണ്ടിരിക്കുന്നതായാണ് ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസേർവേഷൻ ഓഫ് നേച്ചർ (IUCN) തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ട്  വെളിപ്പെടുത്തുന്നത്. കഴിഞ്ഞ അറുപത്തിരണ്ടു വര്ഷങ്ങൾക്കിടെ ആഗോളതാപനം ഇരട്ടിയോളം വർദ്ധിച്ചത് മൂലം ലോകത്തെ പഴക്കമേറിയ പല പ്രദേശങ്ങളും അപകടഘട്ടത്തിലായതായും റിപ്പോർട്ടിൽ പറയുന്നു.

ലോകപ്രശസ്തമായ ഗാലപ്പഗോസ് ദ്വീപസമൂഹങ്ങൾ, മധ്യ ആമസോൺ മേഖല തുടങ്ങിയ പ്രദേശങ്ങളും, പ്രകൃതി സൗന്ദര്യം കൊണ്ടും, പാരിസ്ഥിതിക സവിശേഷതകൾ കൊണ്ടും അതുല്യമായ ഹംഗറിയിലെയും സ്ലോവാക്യയിലെയും  ചുണ്ണാമ്പ് ഗുഹാപ്രദേശങ്ങൾ മെക്സിക്കോയിലെ മൊണാർക് ശലഭവനം എന്നിങ്ങനെ അതീവപ്രാധാന്യമർഹിക്കുന്ന മേഖലകൾ എല്ലാം അപകടഭീഷണിയിലാണ്.

ആഫ്രിക്കയിലെ സെയ്‌ഷെൽസ് ദ്വീപസമൂഹങ്ങൾ മുതൽ മധ്യ അമേരിക്കൻ മേഖലയിലെ ബെലീസ് വരെയുള്ള സമുദ്രമേഖലകളിൽ എല്ലാം വ്യാപകമായ തോതിൽ പവിഴപ്പുറ്റുകൾക്കും നാശം സംഭവിക്കുന്നതായി കണ്ടെത്തലുണ്ട്. ആഗോളതാപനത്തിന്റെ ത്വരിതവളർച്ച. കിളിമൻജാരോ, റോക്കി പർവ്വതനിരകൾ, ആൽപ്സ്, അലേഷ് തുടങ്ങിയ പർവ്വത മേഖലകളിൽ എല്ലാം വ്യാപകമായ രീതിയിൽ മഞ്ഞുരുകുന്നതിനും കാരണമാകുന്നു എന്നാണ് വിവരങ്ങൾ. അതിനും പുറമെ ചതുപ്പു നിലങ്ങളും വൻതോതിൽ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മഞ്ഞുരുക്കം മൂലം സമുദ്രനിരപ്പിലുണ്ടാകുന്ന വർദ്ധനവ് ജലാശയങ്ങളിൽ ഉപ്പുവെള്ളം കയറുന്നതിനുള്ള സാഹചര്യവും ഒരുക്കിത്തീർക്കും. ഇതിനും പുറമെ ഉണ്ടാകാൻ പോകുന്ന വൻതിരകൾ പല പ്രദേശങ്ങളെയും വെള്ളത്തിനടിയിലാക്കുകയും ചെയ്യും. പശ്ചിമആഫ്രിക്കയിലെ കേപ് പ്രദേശത്തെ ഫൈൻബോസ് പൂവനങ്ങളിലും, മെക്സിക്കോയിലെ മൊണാർക്ക് ശലഭസംരക്ഷണ വനമേഖലയിലുമെല്ലാം ഈയടുത്ത കാലത്തായി കാട്ടുതീ ബാധ ഉണ്ടാകുന്നത് വർദ്ധിച്ചിട്ടുണ്ട്.

Image result for From the Everglades to Kilimanjaro, climate change is destroying world wondersപത്തോളം നാച്ചുറൽ ഹെറിറ്റേജ് പ്രദേശങ്ങൾ കാലാവസ്ഥാ വ്യതിയാനം മൂലം അപകടഭീഷണിയിലാണെന്ന് ഓസ്‌ട്രേലിയ വെളിപ്പെടുത്തിയിരുന്നു. ഗോണ്ട്വന മഴക്കാടുകൾ, പശ്ചിമ ഓസ്‌ട്രേലിയയിലെ ഷാർക്ക് ബേ, ഫ്രേസർ ദ്വീപുകൾ എന്നിവയെല്ലാം അപകടഭീഷണിയിലാണ് നിലനിക്കുന്നത്.2015 ലെ പാരിസ് ഉടമ്പടി പ്രകാരമുള്ള വിഷയങ്ങൾ നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പല  ലോകരാഷ്ട്രങ്ങളും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്നലെ ജർമനിയിൽ നടന്ന  ഐക്യരാഷ്ട്ര സഭാ പാരിസ്ഥിതിക സമിതി ചർച്ചാവേദിയിൽ സമർപ്പിക്കപ്പെട്ട  IUCN റിപ്പോർട്ട് പ്രസ്തുത പ്രവർത്തനങ്ങളെ കൂടുതൽ കാര്യക്ഷമതയോടെ സമീപിക്കാൻ ലോകരാജ്യങ്ങളെ പ്രചോദിപ്പിക്കും എന്നാണ് പ്രതീക്ഷ.

അവലംബം: ഗാർഡിയൻ