Thursday
24 Jan 2019

നാല് ജഡ്ജിമാർ ചീഫ് ജസ്റ്റിസിന് നൽകിയ കത്തിന്റെ പൂർണ രൂപം

By: Web Desk | Friday 12 January 2018 7:28 PM IST

പ്രിയപ്പെട്ട ചീഫ് ജസ്റ്റിസ് ,

നീതി നിർവഹണ സംവിധാനത്തിനും ഹൈക്കോടതികളുടെ സ്വാതന്ത്ര്യത്തിനും ഇന്ത്യൻ ചീഫ് ജസ്റ്റിസിന്റെ ഭരണ നിർവഹണത്തിനും ഹാനികരമാകുന്ന ചില കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തേണ്ടത്  അനിവാര്യമാണെന്ന് കരുതുന്നത് കൊണ്ടാണ്  അങ്ങേയറ്റം വേദനയോടെയും ഉൽഘണ്ഠയോടെയും ഈ കത്ത് ഞങ്ങൾ നൽകുന്നത്.

കൽക്കട്ട, ബോംബെ, മദ്രാസ്  എന്നിങ്ങനെ മൂന്നു ചാർട്ടേർഡ് ഹൈക്കോടതികൾ നിലവിൽ വന്ന കാലം മുതൽ ജുഡീഷ്യൽ ഭരണത്തിൽ അംഗീകൃത പരമ്പരാഗത രീതികൾ നിലവിലുണ്ട്. ആ പാരമ്പര്യം ചാർട്ടേർഡ് ഹൈക്കോടതികൾക്കു ശേഷം രൂപം കൊണ്ട ഈ കോടതിയും അങ്ങനെ തന്നെ സ്വീകരിച്ചു. ഈ പാരമ്പര്യങ്ങൾ ആംഗ്ലോ-സാക്സൺ നീതിശാസ്ത്രത്തിലും രീതികളിലും അധിഷ്ടിതമാണ്.

അതിലെ  അംഗീകൃത തത്വമാണ് ചീഫ് ജസ്റ്റിസ് റോസ്‌റ്ററിന്റെ മാസ്റ്റർ ആണെന്നും അന്നിലയിൽ റോസ്റ്റർ തീരുമാനിക്കാൻ അവകാശമുണ്ടെന്നും അങ്ങനെ നിരവധി കോടതികളുടെ വ്യവഹാര ക്രമങ്ങൾ ചിട്ടയിൽ നടത്തേണ്ടതുണ്ടെന്നും. ചീഫ് ജസ്റ്റിസിന് റോസ്റ്റർ ഉണ്ടാക്കാൻ അവകാശമുണ്ടെന്ന നടപ്പു രീതി, അച്ചടക്കത്തോടെയും ഫലപ്രദമായുമുള്ള കോടതി നടത്തിപ്പിന് വേണ്ടിയാണ്. അത് ചീഫ് ജസ്റ്റിസിന്  തന്റെ സഹപ്രവർത്തകരുടെ മേൽ എന്തെങ്കിലും ഉന്നത അധികാരം ഉണ്ടെന്നതല്ല. നീതിശാസ്ത്ര പ്രകാരം ചീഫ് ജസ്റ്റിസ് തുല്യരിൽ ഒന്നാമനാണ്, ഒട്ടും കൂടുതലല്ല, ഒട്ടും കുറവുമല്ല.

റോസ്റ്റർ തീരുമാനിക്കുന്നതും ഒരു കേസ് കേൾക്കാൻ എത്ര പേർ ബെഞ്ചിൽ വേണമെന്നും അതിന്റെ ഘടന എങ്ങനെ ആയിരിക്കണമെന്നുമൊക്കെ  നിശ്ചയിക്കാൻ ചിഫ് ജസ്റ്റിസിനെ നയിക്കേണ്ടത് കാലങ്ങളായുള്ള ചില പ്രമാണങ്ങളാണ്.

മേല്പറഞ്ഞ തത്വത്തിൽനിന്നു ഉരുത്തിരിയുന്നവയാണ് ഈ കോടതി ഉൾപ്പെടെയുള്ള  ബഹുമുഖ നിയമ സംവിധാനങ്ങൾ. നിശ്ചയിച്ച റോസ്റ്റർ പ്രകാരം ബെഞ്ചിലെ എണ്ണവും  അതിന്റെ ഘടനയും നിശ്ചയിച്ചു രൂപീകരിക്കപ്പെടുന്ന ഉചിതമായ ബെഞ്ചുകൾ  വേണം കേസുകൾ തീർപ്പു കൽപ്പിക്കാൻ.

ഇവ രണ്ടും നിശ്ചയിക്കുന്നതിലുള്ള  ഏതു വ്യതിയാനവും അസ്വസ്ഥകരവും അനഭിലഷണീയവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ഈ സ്ഥാപനത്തിന്റെ വ്യക്തിത്വത്തെക്കുറിച്ചു സംശയം ജനിപ്പിക്കുകയും ചെയ്യും.  അതുണ്ടാക്കുന്ന കുഴപ്പങ്ങൾ പറയുകയും വേണ്ട.

ഇക്കാലത്തു, ഈ രണ്ടു കാര്യങ്ങളിൽ കർശനമായി മുറുകെ പിടിക്കുന്നില്ലെന്ന് പറയേണ്ടിവന്നതിൽ ഞങ്ങൾക്ക് ദുഃഖമുണ്ട്.  രാജ്യത്തിനും ഈ സ്ഥാപനത്തിനും ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കാനിടയുള്ള കേസുകൾ ചീഫ് ജസ്റ്റിസ് ‘പ്രത്യേക പരിഗണനകൾ’ വച്ച് ചില ബെഞ്ചുകൾക്ക് യുക്തിസഹമല്ലാത്ത വിധം ഏല്പിച്ചു നൽകുന്നുണ്ട്. ഇതിനെ എന്ത് വില കൊടുത്തും തടയേണ്ടതുണ്ട്.

ഈ സ്ഥാപനത്തെ അസ്വസ്ഥപ്പെടുത്തുന്നത് ഒഴിവാക്കാനായി വിശദാംശങ്ങൾ ഞങ്ങൾ  ഇപ്പോൾ പറയുന്നില്ല,  പക്ഷെ, ഒരളവു വരെ ഇതിന്റെ പ്രതിച്ഛായ മോശമായി കഴിഞ്ഞു.

മേൽ സാഹചര്യത്തിൽ, 27.10.2017 ലെ ആർ പി ലുത്ര കേസിൽ,  പൊതു താല്പര്യം പരിഗണിച്ചു മെമ്മോറാണ്ടo ഓഫ് പ്രോസിഡിയർ എത്രയും വേഗം രൂപീകരിക്കണമെന്ന ഉത്തരവ് വന്നിരുന്നു. ഇത്തരമൊരു മെമ്മോറാണ്ടo ഭരണഘടനാ  കോടതിയുടെ വിഷയമായിരിക്കെ (സുപ്രീം കോർട് അഡ്വക്കറ്റ്സ് ഓൺ റെക്കോഡ് അസോസിയേഷൻ കേസ് 2016) അതെങ്ങനെ മറ്റൊരു ബെഞ്ചിന് പരിഗണിക്കാനാവുമെന്ന് മനസ്സിലാവുന്നില്ല.

ഇതിനു പുറമെ, ഭരണഘടനാ ബെഞ്ചിന്റെ തീരുമാനത്തിന്റെ ചുവട് പിടിച്ചു, അഞ്ചoഗ കൊളിജിയം  (താങ്കൾ ഉൾപ്പെടെ) വിശദമായ ചർച്ച നടത്തി മെമ്മോറാണ്ടo അന്തിമമാക്കി 2017 മാർച്ചിൽ സർക്കാരിന് അയച്ചു.  സർക്കാർ ഇതിന്മേൽ മറുപടി നൽകിയില്ല.  ഈ മൗനം മൂലം (സുപ്രിം കോടതി ഉത്തരവ് പ്രകാരം) മെമ്മോറാണ്ടo ഫൈനൽ ആയി എന്ന്  പരിഗണിക്കേണ്ടതാണ്.  അതിനാൽ മെമ്മോറാണ്ടത്തിന്റെ ഫൈനലൈസേഷൻ സംബന്ധിച്ച് ബെഞ്ചിന് പരാമർശം നടത്താനോ, വിഷയം അനാദിയായി നീളാൻ അനുവദിക്കനോ  പറ്റില്ല.

2017 ജൂലായിൽ ഏഴംഗ ഭരണഘടനാ ബെഞ്ച്  ജസ്റ്റിസ് കർണൻ  കേസ് തീർപ്പാക്കി. അതിൽ ഞങ്ങൾ രണ്ടു പേർ ജഡ്ജുമാരുടെ നിയമന രീതി പുനരാലോചിക്കണമെന്നും ഇംപീച്ച്മെന്റ് അല്ലാതെ മറ്റെന്തെങ്കിലും തിരുത്തൽ സംവിധാനം ഉണ്ടാകണമെന്നും പറഞ്ഞിരുന്നു. മെമ്മോറാണ്ടo സംബന്ധിച്ച് ഒരു ജഡ്‌ജും ഒരു നിരീക്ഷണവും നടത്തിയില്ല.

മെമ്മോറാണ്ടo സംബന്ധിച്ച എന്ത് വിഷയവും ചീഫ് ജസ്റ്റിസ് കോൺഫ്രൻസിലോ ഫുൾ കോടതിയിലോ വേണം ചർച്ച ചെയ്യാൻ.  ഇത്ര ഗൗരവതരമായ ഒരു വിഷയം, അഥവാ കോടതിക്ക് പരിശോധിക്കണമെങ്കിൽ തന്നെ, ഭരണഘടനാ ബെഞ്ച് മാത്രമേ പരിഗണിക്കാവൂ.

മേൽ പ്രശനം വളരെ ഗൗരവതരമായി കാണണം. ചീഫ് ജസ്റ്റിസ്  ഇക്കാര്യത്തിൽ പിശക് പരിഹരിക്കാൻ ബാധ്യസ്ഥനാണ്. കൊളി ജിയത്തിലെ മറ്റ്  അംഗങ്ങളുമായി ഒരു പൂർണ ചർച്ചയിലൂടെയോ, പിന്നീട് വേണ്ടിവന്നാൽ കോടതിയിലെ മറ്റു ജഡ്ജിമാരുമായോ ആലോചിച്ചു വേണ്ട പരിഹാര മാര്ഗങ്ങൾ  സ്വീകരിക്കേണ്ടതാണ്.

27.10.2017 ലെ ആർ പി ലുത്ര കേസിലെ ഉത്തരവ് സംബന്ധിച്ച് വന്ന വിഷയം പരിഹരിച്ചു കഴിഞ്ഞാൽ, സമാനമായ പരിഹാരം വേണ്ടി വരുന്ന കോടതിയുടെ  മറ്റുത്തരവുകൾ അങ്ങയെ അറിയിക്കുന്നതാണ്.

എന്ന്

ജെ.ചെലമേശ്വര്‍
രഞ്ജന്‍ ഗോഗോയ്
മദന്‍ ബി ലോകൂര്‍
കുര്യന്‍ ജോസഫ്

 

Related News