Tuesday
24 Oct 2017

കളമശ്ശേരിയില്‍ ഫര്‍ണിച്ചര്‍ പാര്‍ക്ക്

By: Web Desk | Saturday 7 October 2017 8:56 PM IST

കൊച്ചി: കളമശ്ശേരിയില്‍ കിന്‍ഫ്രയുടെ ഉടമസ്ഥതയിലുള്ള 3.15 ഏക്കര്‍ ഭൂമിയില്‍ ഫര്‍ണിച്ചര്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ തത്വത്തില്‍ തീരുമാനമായി. വ്യവസായ വകുപ്പു മന്ത്രി എ.സി മൊയ്തീന്റെ നേതൃത്വത്തില്‍ എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടന്ന വ്യവസായവകുപ്പിനു കീഴിലുള്ള വിവിധ ഏജന്‍സികളുടെ പദ്ധതി അവലോകന യോഗത്തിലാണ് തീരുമാനം.

ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്റെ കൊമേഴ്‌സിന്റെ മോഡിഫൈഡ് ഇന്‍ഡസ്ട്രി ഇന്‍ഫ്രാസ്ട്രക്ചര്‍ അപ്ഗ്രഡേഷന്‍ പദ്ധതിയുടെ ഭാഗമായാണ് ഫര്‍ണിച്ചര്‍ പാര്‍ക്ക് സ്ഥാപിക്കുക. 85 കോടിയാണ് ഇതിന് കണക്കാക്കുന്ന തുക. തുകയുടെ 50 ശതമാനം കേന്ദ്രസര്‍ക്കാരും 25 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുക. ബാക്കി 25 ശതമാനം ഫര്‍ണിച്ചര്‍ പാര്‍ക്ക് കണ്‍സോര്‍ഷ്യത്തിലെ ക്‌ളസ്റ്റര്‍ അംഗങ്ങളാണ് വഹിക്കുക.

മലബാര്‍ ക്രാഫ്റ്റ് മേള, കേരളത്തിലെ പാരമ്പരാഗത വ്യാവസായിക ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മാമാങ്കം എന്നീ പ്രദര്‍ശനമേളകള്‍ വിപുലമായും ഫലവത്തായും  സംഘടിപ്പിക്കാന്‍ മന്ത്രി വ്യവസായ വകുപ്പ് ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ഡിഐസിയുടെ നേതൃത്വത്തിലുള്ള വ്യവസായ സമുച്ചയങ്ങളുടെ നിര്‍മാണപുരോഗതിയും മന്ത്രി വിലയിരുത്തി. തൃശൂര്‍ പുഴയ്ക്കല്‍ പാടം, വേളി, വരവൂര്‍ എന്നിവിടങ്ങളിലെ വ്യവസായസമുച്ചയങ്ങളുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്കി. രണ്ടു വ്യത്യസ്ത ഏജന്‍സികളെക്കൊണ്ടായിരിക്കണം കെട്ടിടങ്ങളുടെ ഡിസൈനും നിര്‍മാണവും പൂര്‍ത്തിയാക്കേണ്ടത് എന്ന നിര്‍ദേശവും മന്ത്രി നല്കി. ഫണ്ട് വിനിയോഗത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനും അഴിമതി തടയാനുമാണിത്. എസ്റ്റിമേറ്റും ഡിസൈനും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും.

കരകൗശല മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് ടൂള്‍കിറ്റു നല്കുന്ന പദ്ധതിയുടെ പുരോഗതിയും മന്ത്രി പരിശോധിച്ചു. തെരഞ്ഞെടുത്ത 6000 തൊഴിലാളികള്‍ക്ക് ടൂള്‍കിറ്റ് നല്കുന്ന പദ്ധതി ഉടനെ നടപ്പാക്കാര്‍ അദ്ദേഹം നിര്‍ദേശിച്ചു. 13801 ലക്ഷം രൂപയുടെ ബജറ്റാണ് ഡിഐസിക്ക് ഈ സാമ്പത്തികവര്‍ഷത്തിലുള്ളത്. ഇതില്‍ സെപ്തംബര്‍ 30 വരെ 4097.34 ലക്ഷം രൂപ ചെലവഴിച്ചു. 1667.52 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. എട്ടോളം പദ്ധതികള്‍ക്ക് ഭരണാനുമതി ആവശ്യമുണ്ടെന്ന് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.

കെഎസ്‌ഐഡിസിയ്ക്ക് ഈ സാമ്പത്തിക വര്‍ഷം ആകെ 96 കോടി 27 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 29.68 കോടി രൂപ ചെലവഴിച്ചു. തിരുവനന്തപുരം ലൈഫ് സയന്‍സ് പാര്‍ക്കിന്റെ നിര്‍മാണം വേഗത്തിലാക്കാന്‍ മന്ത്രി ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
പദ്ധതി നടത്തിപ്പില്‍ താമസം വരുത്താതെ ഫലപ്രദമായി തുക വിനിയോഗിക്കാന്‍ മന്ത്രി യോഗത്തില്‍ പങ്കെടുത്ത ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.

ഇന്‍ഡസ്ട്രീസ് ആന്റെ കൊമേഴ്‌സ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, സെക്രട്ടറി സഞ്ജയ് കൗള്‍, ഇന്‍ഡസ്ട്രീസ് ആന്റെ കൊമേഴ്‌സ് ഡയറക്ടര്‍ കെ എന്‍ സതീഷ്, പബ്‌ളിക് സ്ട്രക്ചര്‍ റിസ്ട്രക്ചറിങ് ആന്റ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ് (റിയാബ്) ചെയര്‍മാന്‍ എം.പി സുകുമാരന്‍ നായര്‍, കെഎസ്‌ഐഡിസി, കിന്‍ഫ്ര, ഡിഐസി, ഖാദിബോര്‍ഡ്, ഹാന്‍ലൂം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ തുടങ്ങിയവയിലെ മുതിര്‍ന്ന ഉദേ്യാഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.