Friday
19 Oct 2018

കാര്‍ഷിക വളര്‍ച്ചയുടെ ഭാവി ഉല്‍പന്ന സംസ്‌കരണത്തിലൂടെ

By: Web Desk | Tuesday 26 December 2017 10:19 PM IST

അഡ്വ. വി എസ് സുനില്‍കുമാര്‍
(കൃഷിവകുപ്പ് മന്ത്രി)

സംസ്ഥാനത്തുമാത്രമല്ല രാജ്യത്താകമാനം കാര്‍ഷികവളര്‍ച്ചാനിരക്ക് മനസിലാക്കിയാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനുളളില്‍ അത്രയ്ക്കും ആശാവഹമായിരുന്നില്ല എന്ന് മനസിലാക്കാന്‍ കഴിയും. കാര്‍ഷികോല്‍പന്നങ്ങളുടെ വിലത്തകര്‍ച്ച വലിയൊരളവില്‍ കാര്‍ഷിക വരുമാനത്തില്‍ ഇടിവുണ്ടാക്കിയിട്ടുണ്ട്. ഉല്‍പന്നങ്ങളുടെ വിപണി ലഭ്യത, ഇടനിലക്കാരുടെ ചൂഷണം, കിട്ടുന്ന വിലയ്ക്ക് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കേണ്ട അവസ്ഥ എന്നിവ കാര്‍ഷിക വരുമാനത്തിന്റെ ഇടിവിന് കാരണമായിട്ടുണ്ട്. എന്നാല്‍ കാര്‍ഷികോത്പന്നങ്ങളുടെ സംസ്‌കരണത്തിനും മൂല്യവര്‍ധനവിനും അനന്തമായ സാധ്യതകളാണ് നിലവിലുളളത്. കേരളത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഉല്‍പന്നങ്ങളുടെ 10 ശതമാനംപോലും മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റപ്പെടുന്നില്ല എന്നത് ഈ രംഗത്തെ ഏറ്റവും വലിയ ഒരു പോരായ്മ തന്നെയാണ്. ഈ സത്യാവസ്ഥ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞുകൊണ്ട്

വലിയൊരു മുന്നേറ്റത്തിന് വഴിയൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.
ഒരു വശത്ത് ഉല്‍പന്നസംസ്‌കരണ രംഗത്തെ സാധ്യതകള്‍ മനസിലാക്കിക്കൊണ്ടും മറുവശത്ത് വിപണിലഭ്യത, സാങ്കേതിക വിദ്യകളുടെ കണ്ടെത്തല്‍, പ്രാദേശിക ഗ്രൂപ്പുകളുടെ രൂപീകരണം എന്നിവ ശ്രദ്ധാകേന്ദ്രമാക്കിക്കൊണ്ടും പഠനവിഷയമാക്കിക്കൊണ്ട് ഒരു ശാസ്ത്രീയ സമീപനം തന്നെ സംസ്ഥാനസര്‍ക്കാരും കൃഷിവകുപ്പും ചേര്‍ന്ന് രൂപീകരിക്കുകയുണ്ടായി. 2016 -ല്‍ തുടങ്ങിയ ഈ ഉദ്യമത്തില്‍ ലക്ഷ്യമിട്ടിരിക്കുന്നത് പ്രധാനമായും മൂന്നുകാര്യങ്ങളായിരുന്നു. ഉല്‍പന്ന സംസ്‌കരണത്തിലെ സാധ്യതകള്‍ മനസിലാക്കിക്കൊണ്ട് കര്‍ഷകരെയും യുവസംരംഭകരെയും ഈ മേഖലയിലേക്ക് ആകര്‍ഷിക്കുക, നൂതന സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കുവാന്‍ കര്‍ഷകസംരംഭകര്‍ക്ക് അവസരമൊരുക്കുക, പ്രാദേശികാടിസ്ഥാന ഉല്‍പന്നസംസ്‌കരണത്തിനും വിപണനത്തിനുമായി അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങള്‍. ഇതിനായി വൈഗ എന്ന പേരില്‍ ഒരു അന്തര്‍ദേശീയ പ്രദര്‍ശനവും ശില്‍പശാലയും 2016 ഡിസംബര്‍ മാസം കൃഷിവകുപ്പ് സംഘടിപ്പിക്കുകയുണ്ടായി. തിരുവനന്തപുരത്ത് അഞ്ച് ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ട ഈ ശില്‍പശാലയില്‍ യുവാക്കളും, കര്‍ഷകരും അടക്കം നിരവധി സംരംഭകരും വിദേശപ്രതിനിധികളും പങ്കെടുക്കുകയുണ്ടായി.

വൈഗ -2016 ല്‍ ഉരുത്തിരിഞ്ഞ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ചില പദ്ധതികള്‍ ഈ വര്‍ഷം കൃഷിവകുപ്പിന് മുന്നോട്ടുവയ്ക്കാന്‍ കഴിഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ പ്രത്യേക കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കായിട്ടുളള അഗ്രോപാര്‍ക്കുകളുടെ രൂപീകരണം, നൂതന സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കിക്കൊണ്ട് ഉല്‍പന്ന സംസ്‌കരണത്തിനായുളള ഇന്‍ക്യുബേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം, കര്‍ഷകര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന ലഘുയന്ത്രങ്ങളുടെ വിതരണം, പ്രാദേശികാടിസ്ഥാനത്തിലുളള ചെറുധാന്യങ്ങളുടെയും ഔഷധ സസ്യങ്ങളുടെയും കൃഷി തുടങ്ങി പല പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ധാരാളം യുവസംരഭകരെ കണ്ടെത്തുന്നതിനും വൈഗ – 2016 സഹായകരമായി. ഇതില്‍നിന്നും കുറച്ചുപേരെ 2017 നവംബര്‍മാസം ഉത്തര്‍പ്രദേശില്‍ നടന്ന ലോകജൈവകോണ്‍ഗ്രസില്‍ പങ്കെടുപ്പിക്കുന്നതിനും വകുപ്പിനു കഴിഞ്ഞു. പുതിയൊരു കാര്‍ഷിക മുന്നേറ്റത്തിന് തുടക്കം കുറിച്ച വൈഗ ശില്‍പശാല തുടര്‍ന്നും നടത്തുവാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിക്കുകയുണ്ടായി.

ഇതിന്റെ ഭാഗമായി കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ രണ്ടാമത് അന്താരാഷ്ട്ര പ്രദര്‍ശനവും ശില്‍പശാലയും വൈഗ- 2017 എന്ന പേരില്‍ സംഘടിപ്പിക്കുവാന്‍ സംസ്ഥാനസര്‍ക്കാരും കൃഷിവകുപ്പും തീരുമാനിക്കുകയുണ്ടായി. ഇന്ന് മുതല്‍ 31 വരെ വൈഗ- 2017 അന്താരാഷ്ട്ര ശില്‍പശാലയും പ്രദര്‍ശനവും സാംസ്‌കാരിക നഗരിയായ തൃശൂരില്‍ വെച്ച് നടത്തപ്പെടുകയാണ്. തൃശൂര്‍ വെളളാനിക്കരയുളള കേരള കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനത്തുവെച്ചാണ് വൈഗ- 2017 നടത്തപ്പെടുക. ഗവേഷണ ഫലങ്ങള്‍ ഫീല്‍ഡ് തലത്തില്‍ എത്തിക്കുക എന്ന ഒരു ലക്ഷ്യം കൂടി മുന്നില്‍വച്ചാണ് വൈഗ- 2017 കാര്‍ഷികസര്‍വകലാശാലയുമായി സംയോജിച്ച് നടത്തുവാന്‍ കൃഷിവകുപ്പ് തീരുമാനിച്ചത്.

സര്‍ക്കാര്‍ ഏജന്‍സികള്‍, കൃഷിവകുപ്പ് സ്ഥാപനങ്ങള്‍, ഗവേഷണ കേന്ദ്രങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ ഏജന്‍സികള്‍, കര്‍ഷകസംരംഭകര്‍ തുടങ്ങി കാര്‍ഷിക സര്‍വകലാശാലയുടേതടക്കം മുന്നൂറിലധികം പ്രദര്‍ശന സ്റ്റാളുകളാണ് ഇത്തവണ വൈഗ 2017ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നത്. സാങ്കേതികവിദ്യാപരിശീലകര്‍, ഫാമുകള്‍, സാങ്കേതിക വിദ്യാദാതാക്കള്‍, ഗവേഷകര്‍, കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, സംരംഭകര്‍ തുടങ്ങി കൃഷി – അനുബന്ധമേഖലയിലെ എല്ലാ വിഭാഗങ്ങളില്‍നിന്നും പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കുന്നതായിരിക്കും. ഇന്തോനേഷ്യ, തായ്‌ലന്റ്, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള കൃഷി വിദഗ്ദ്ധരും കര്‍ഷകരും കൂടാതെ കേരളത്തിന്റെ സമാന ഭൂപ്രകൃതിയും കാലാവസ്ഥയും ഉളള ഇരുപതോളം രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികളും ശില്‍പശാലയുടെ ഭാഗമാകും. യുവകര്‍ഷകസംഗമവും ഇതിന്റെ ഭാഗമായി നടത്തപ്പെടുന്നുണ്ട്. തേന്‍, വാഴപ്പഴം, ചെറുധാന്യങ്ങള്‍, നാളികേരം എന്നീ നാല് വിഷയങ്ങള്‍ ആസ്പദമാക്കിയായിരിക്കും ശില്‍പശാലയുടെ രൂപഘടന. ശില്‍പശാലയില്‍ പങ്കാളികളായി സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും തുടര്‍ന്നും സഹായങ്ങള്‍ നല്‍കുവാനാണ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ കേന്ദ്രമാക്കിക്കൊണ്ട് ആദ്യ സംരംഭമെന്ന നിലയില്‍ കെയ്‌കോയുടെ കീഴില്‍ ഒരു അഗ്രോസൂപ്പര്‍ ബസാര്‍ തൃശൂര്‍ സ്ഥാപിതമായിട്ടുണ്ട്. ഡിസംബര്‍ മാസം ഉദ്ഘാടനം ചെയ്യപ്പെട്ട ഈ സൂപ്പര്‍ ബസാറില്‍ എല്ലാവിധ കാര്‍ഷിക ഉല്‍പന്നങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന സംവിധാനമാണുളളത്. മറ്റുജില്ലകളിലേയ്ക്കും ഇതു വ്യാപിപ്പിക്കുവാനാണ് ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. പ്രത്യേകിച്ചും കര്‍ഷകരുടെയും കര്‍ഷക കൂട്ടായ്മകളുടെയും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ സാധാരണ ജനങ്ങളിലെത്തിക്കുന്നതിന് ഇത്തരം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചാലക ശക്തിയായി പ്രവര്‍ത്തിക്കും. സംസ്ഥാനത്ത് 30 ശതമാനമെങ്കിലും മൂല്യവര്‍ദ്ധിത ഉല്‍പന്ന നിര്‍മാണത്തില്‍ വളര്‍ച്ചനേടുക, പ്രാദേശിക അടിസ്ഥാനത്തില്‍ ഇതിനുവേണ്ട സാങ്കേതിക വിദ്യകള്‍ സജ്ജമാക്കുക, കേരളഓര്‍ഗാനിക് എന്ന ജൈവ ബ്രാന്‍ഡില്‍ ഉല്‍പന്നങ്ങള്‍ പുറത്തിറക്കുക എന്നിവയായിരിക്കും ശില്‍പശാലയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍. മൂല്യവര്‍ധന ഉല്‍പന്നരംഗത്തും സാമ്പത്തിക വളര്‍ച്ചനിരക്കിലും ഗണ്യമായ മാറ്റം ചെലുത്തുവാന്‍ വൈഗ വഴികാട്ടിയാകുമെന്ന് തീര്‍ച്ച.

Related News