Saturday
26 May 2018

ഗലീലിയോ ഗലീലി

By: Web Desk | Monday 12 February 2018 1:42 AM IST

1564 ഫെബ്രുവരി 15നാണ് ഗലീലിയോ ഗലീലി ജനിച്ചത്. ആധുനിക ശാസ്ത്രത്തിന്റെ പിറവിക്ക് മുഖ്യ പങ്കുവഹിച്ച ശാസ്ത്രജ്ഞനാണ് ഗലീലിയോ ഗലീലി. ഗലീലിയാണ് സൂര്യ കേന്ദ്ര സിദ്ധാന്തം തെളിയിച്ചത്. കോപ്പര്‍ നിക്കസ് അവതരിപ്പിച്ച സിദ്ധാന്തത്തിന് അദ്ദേഹം ഉറച്ച പിന്തുണ നല്‍കി. എന്നാലത് ഒരു വിഭാഗം ശാസ്ത്രജഞരുടെ എതിര്‍പ്പിന് ഇടയാക്കി. മതമേധാവികളുടെ എതിര്‍പ്പിനുമിത് കാരണമായി. വിശുദ്ധ ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നതിന് വിരുദ്ധമാണ് സൗര കേന്ദ്രീകൃത സിദ്ധാന്തമെന്നതാണതിനു കാരണം. ഇതുമൂലം പിന്നീടുള്ള കാലം ഗലീലിയോ വീട്ടുതടങ്കലിലാക്കപ്പെട്ടു. തടവിലായിരുന്നപ്പോള്‍ അദ്ദേഹമെഴുതിയ പുസ്തകമാണ് ‘രണ്ട് പുതിയ ശാസ്ത്രങ്ങള്‍’. അതിലൊന്ന് ചലനത്തെക്കുറിച്ചുള്ള പഠനവും മറ്റൊന്ന് പദാര്‍ഥങ്ങളുടെ ദൃഢതയുമായിരുന്നു. ഗലീലിയോ പെന്‍ഡുലത്തെ കുറിച്ച് പഠിക്കുകയും തെര്‍മോസ്‌കോപ്പിന്റെ ഉപജ്ഞാതാവുമാണ്. ടെലസ്‌കോപ്പ് ഉപയോഗിച്ച് അദ്ദേഹം ശുക്രന്റെ വിവിധ ഘട്ടങ്ങള്‍ സ്വീകരിച്ചു. കൂടാതെ വ്യാഴത്തിന്റെ നാല് വലിയ ഉപഗ്രഹങ്ങള്‍ കണ്ടുപിടിച്ചു. ശനിയുടെ വലയങ്ങളും സൂര്യകളങ്കങ്ങളും അദ്ദേഹം കണ്ടെത്തി.
വാനശാസ്ത്രജ്ഞന്‍, ഭൗതിക ശാസ്ത്രജ്ഞന്‍, സാങ്കേതിക വിദഗ്ധന്‍, ദാര്‍ശനികന്‍, ഗണിതജ്ഞന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു ഗലീലിയോ. ‘നിരീക്ഷണവാനശാസ്ത്രത്തിന്റെ പിതാവ്’, ‘ആധുനിക ഭൗതികത്തിന്റെ പിതാവ്’ എന്നീ ബഹുമതികള്‍ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. അദ്ദേഹത്തെ ‘ശാസ്ത്രരീതിയുടെ പിതാവ്’ എന്നും ‘ശാസ്ത്രത്തിന്റെ പിതാവ്’ എന്നും പരിഗണിക്കുന്നുണ്ട്.
ഇറ്റലിയിലെ പിസയിലാണ് ഗലീലിയോ ജനിച്ചത്. ആറു കുട്ടികളുള്ള മാതാപിതാക്കളുടെ മൂത്തമകനായിരുന്നു ഗലീലിയോ. പിസ സര്‍വകലാശാലയില്‍ വൈദ്യശാസ്ത്രത്തില്‍ പഠനത്തിനു ചേര്‍ന്നു. പക്ഷേ പിന്നീട് പഠനം തുടര്‍ന്നത് ഗണിതത്തിലും നീതിശാസ്ത്രത്തിലുമാണ്. 1589 ല്‍ പിസയില്‍ ഗണിതശാസ്ത്ര അധ്യാപകനായി നിയമിതനായി. 1591 ല്‍ അച്ഛന്‍ മരിച്ചു. 1592 ല്‍ പാദുവ സര്‍വകലാശാലയില്‍ ജ്യാമിതി, മെക്കാനിക്‌സ്, വാനസാസ്ത്രം എന്നിവ പഠിപ്പിക്കാന്‍ നിയമിതനായി. 1610 വരെ സര്‍വകലാശാലയില്‍ തുടര്‍ന്നു. സൗര കേന്ദ്ര സിദ്ധാന്തം അവതരിപ്പിച്ചത് മത മേധാവികളുടെ എതിര്‍പ്പിനിടയാക്കിയതും വീട്ടുതടങ്കലിലായതും ചരിത്ര സംഭവങ്ങളാണ്. 1642 ജനുവരി എട്ടിന് ഗലീലിയോ അന്തരിച്ചു.

കഴിഞ്ഞ ലക്കത്തിലെ ചോദ്യത്തിന്റെ ഉത്തരം.
ഹെന്റി മോയിസനാണ് 1906 ലെ
രസതന്ത്ര നൊബേല്‍ സമ്മാനം ലഭിച്ചത്.

ഈ ലക്കത്തിലെ ചോദ്യം

ഗലീലിയോ കണ്ടെത്തിയ വ്യാഴത്തിന്റെ ഉപഗ്രഹങ്ങള്‍ ഏതൊക്കെയാണ്?