Wednesday
23 Jan 2019

ഗന്ധര്‍വരാഗത്തിന് ആസുരതാളം

By: Web Desk | Sunday 6 May 2018 10:29 PM IST

ചിലരെക്കുറിച്ച് നല്ലതേ പറയാവൂ എന്നൊരു നാട്ടുനടപ്പുണ്ട്. അവര്‍ നട്ടുവളര്‍ത്തുന്ന നന്മകളെക്കുറിച്ച് അപദാനസമ്പന്നമായ കഥകള്‍ മെനയാം. അവര്‍ ചെയ്യുന്നതെന്തിനേയും വാഴ്ത്തിപ്പാടിക്കൊള്ളണം. അവരുടെ തിന്മകളെയും സ്വാര്‍ഥതകളെയും പോലും മഹത്വവല്‍ക്കരിച്ചുകൊള്ളണം എന്ന രീതിശാസ്ത്രം പലപ്പോഴും നാം വളര്‍ത്തിയെടുക്കാറുണ്ട്. അത്തരക്കാരിലൊരാളാണ് ഗാനഗന്ധര്‍വന്‍ എന്നു നാം ഓമനപ്പേരിട്ടിരിക്കുന്ന ഗായകന്‍ കെ ജെ യേശുദാസ്. അദ്ദേഹത്തിന് നാം കല്‍പിച്ചുകൊടുത്തിരിക്കുന്ന അപ്രമാദിത്വം അദ്ദേഹത്തിന്റെ ദേവരാഗങ്ങള്‍ക്കാണ്. അതല്ലാതെ യേശുദാസിന്റെ മനസിലെ ആസുരതാളങ്ങള്‍ക്കല്ല.
ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡുദാനച്ചടങ്ങില്‍ ചലച്ചിത്രലോകത്തിന്റെ പൊതുബോധ്യത്തിനെതിരായി യേശുദാസ് അവാര്‍ഡ് സ്വീകരിച്ചപ്പോള്‍ പോലും അപ്രമാദിത്വത്തിന്റെ ആ മുഖംമൂടി വലിച്ചെറിയാന്‍ പലര്‍ക്കും മടിയായിരുന്നു. നൂറില്‍പരം പുരസ്‌കാരജേതാക്കള്‍ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരം നല്‍കുമെന്ന് അറിയുപ്പുണ്ടായശേഷം ജേതാക്കള്‍ക്ക് ആ ക്ഷണക്കത്തുകള്‍ ഏല്‍പിച്ച പതിനൊന്നാം മണിക്കൂറില്‍ പതിനൊന്ന് പേര്‍ക്കേ രാഷ്ട്രപതി നേരിട്ട് അവാര്‍ഡ് നല്‍കൂ എന്നറിയിപ്പുണ്ടായി. സ്വാഭാവികമായി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മലയാളികളടക്കമുള്ള എഴുപതോളം പേര്‍ പ്രതിഷേധിച്ചു. ആറ് പതിറ്റാണ്ടിലേറെയായി നിലനില്‍ക്കുന്ന കീഴ്‌വഴക്കം അട്ടിമറിക്കരുതെന്ന് അവര്‍ നല്‍കിയ നിവേദനത്തില്‍ ഒപ്പിട്ടവരില്‍ യേശുദാസും സംവിധായകന്‍ ജയരാജുമുണ്ടായിരുന്നു. പതിനൊന്നുപേര്‍ക്കു മാത്രമേ രാഷ്ട്രപതി അവാര്‍ഡ് നല്‍കൂ എന്ന് കേന്ദ്രവാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം ആവര്‍ത്തിക്കുകയും ഈ പതിനൊന്നില്‍ താനുമുണ്ടെന്നറിഞ്ഞ യേശുദാസ് തന്റെ ഒപ്പിനുപോലും പുല്ലുവില കല്‍പിച്ച് അവാര്‍ഡ് ഏറ്റുവാങ്ങിയപ്പോള്‍ പ്രതിഷേധത്തിനു പകരം പലര്‍ക്കും രോഷമായിരുന്നു. യേശുദാസിന്റെ കാലുമാറ്റത്തിന് കൊമ്പും കുഴലുമൂതാന്‍ മലയാളത്തില്‍ നിന്നുതന്നെ ചിലരുണ്ടായത് യേശുദാസ് എന്ന ദേവത്തിടമ്പിനു തെറ്റു ചെയ്യാനേയാകില്ല എന്ന സാമ്പ്രദായിക മനോഭാവത്തില്‍ നിന്നായിരുന്നുവെന്ന് ഓര്‍ക്കുക.

ഇത് യേശുദാസ് കാട്ടിയ പ്രഥമ ചെറ്റത്തരമാണെന്ന് പലരും കരുതുന്നുണ്ടാവും. എന്നാല്‍ ഒളിവിലും തെളിവിലും യേശുദാസ് എന്ന സ്വാര്‍ഥമൂര്‍ത്തിയുടെ സംഗീതത്തിന്റെ പ്രയാണവഴികളില്‍ കാട്ടിക്കൂട്ടിയ സ്വാര്‍ഥതയുടെ ഘോഷയാത്രകള്‍ ചികഞ്ഞാല്‍ ഒരു മഹാഗ്രന്ഥം എഴുതാനുള്ള വകയുണ്ടാവും. ഇന്ത്യന്‍ സംഗീതത്തിന്റെ പൂങ്കയിലായ ഭാരതരത്‌നം ലതാമങ്കേഷ്‌കര്‍ പാട്ടുനിര്‍ത്തണമെന്നു പറഞ്ഞയാളായിരുന്നു ഈ ഗാനകോവിദന്‍. ലതാജിയുടെ ‘യേ മേദിവതന്‍ കേ ലോഗോ’ ഭാരതീയന്റെ നാവേല്‍പ്പാട്ടാവുകയും ‘ജനഗണമന’യ്ക്കും ‘സാരേ ജംഹാ സേ അഛാ’യ്ക്കും തുല്യമായ ദേശീയഗാനം പോലെ ജനപ്രിയമാവുകയും ചെയ്തപ്പോഴായിരുന്നു യേശുദാസിന്റെ നാവടയ്ക്കു പാട്ട് നിര്‍ത്തൂ എന്ന പ്രഖ്യാപനം. തന്റെ ഗന്ധര്‍വപ്പട്ടം നിലനിര്‍ത്താന്‍ ഏത് വൃത്തികെട്ട കളിയും പിന്നണിയില്‍ നിന്ന് കളിക്കാന്‍ ഒരുളുപ്പുമില്ലാത്തയാളാണ് യേശുദാസ് എന്നതിനു തെളിവായി ചില ഗായകര്‍ ഇപ്പോഴും രക്തസാക്ഷികളായി നമുക്കിടയില്‍ ജീവിച്ചിരിപ്പുണ്ട്. കെ ജി മാര്‍ക്കോസ്, ഉണ്ണിമേനോന്‍, ശ്രീകാന്ത് തുടങ്ങി ആ പട്ടിക നീളുന്നു. ഇവര്‍ യേശുദാസിനുവേണ്ടി ട്രാക്ക് പാടിയിരുന്നു. എല്ലാപേരും യേശുദാസിനെ നിഷ്പ്രഭമാക്കുന്ന വിധത്തിലായിരുന്നു ട്രാക്ക് പാടിയിരുന്നത്. ഇവരെക്കൊണ്ടുതന്നെ സിനിമയിലും പാടിക്കാന്‍ പലരും തയാറായതോടെ യേശുദാസിലെ സ്വാര്‍ഥന്‍ സടകുടഞ്ഞെണീറ്റു. അവരെ ഓരോരുത്തരെയായി അരിഞ്ഞുവീഴ്ത്തി ഗന്ധര്‍വകസേര ഉറപ്പിച്ചയാളാണ് ഈ ഗന്ധര്‍വഗായകന്‍.

അനശ്വരനായ വയലാര്‍ രാമവര്‍മയുടെ പാട്ടുകള്‍ പാടിയാണ് യേശുദാസ് ഗാനഗന്ധര്‍വനായതെന്നു ചരിത്രം. വയലാര്‍ കഥാവശേഷനായപ്പോള്‍ ചേര്‍ന്ന അനുശോചനയോഗത്തില്‍ സംസാരിച്ച യേശുദാസ് അന്നൊരു പ്രഖ്യാപനം നടത്തിക്കളഞ്ഞു; തന്റെ സംഗീതപരിപാടികളുടെ വരുമാനത്തില്‍ നിന്നും 25 ശതമാനം വയലാര്‍ കുടുംബത്തിനു സംഭാവന നല്‍കുമെന്ന്. ഇതെഴുതുന്ന നിമിഷം വരെ കാലണ ആ കുടുംബത്തിനു നല്‍കിയില്ലെന്നതോ പോകട്ടെ തങ്ങളെ കാണാന്‍ ഒരുതവണ പോലും യേശുദാസ് വരാത്തതില്‍ ദുഃഖമുണ്ടെന്ന് വയലാറിന്റെ ഭാര്യ വര്‍ഷങ്ങള്‍ക്ക് ശേഷം പറഞ്ഞതും ഓര്‍മ വരുന്നു. മൈക്കുവച്ചു നടത്തിയ പ്രഖ്യാപനം കോഴി കൂവി നേരം വെളുക്കും മുമ്പുതന്നെ മറന്ന യേശുദാസിനാണോ ചലച്ചിത്രപ്രതിഭകളുടെ പ്രതിഷേധക്കുറിപ്പില്‍ ഒപ്പിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ കാലുമാറി മറുകണ്ടം ചാടിയ നാറ്റകേസ് വലിയൊരു കാര്യം. ചലച്ചിത്ര ലോകം അന്ധമായി ആരാധിക്കുന്ന യേശുദാസിന്റെ ‘ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും, മറുപകുതി പ്രജ്ഞയില്‍ കരിപൂശിയ വാവും’ ആണെന്ന് ചൂണ്ടിക്കാട്ടാന്‍ വേണ്ടിമാത്രം ഏതാനും കഥകള്‍ പറഞ്ഞുപോയെന്നേയുള്ളൂ ക്ഷമിക്കുക.

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്യാനുള്ള ആവതുപോലുമില്ലാത്ത ഒരു രാഷ്ട്രപതിയാണ് നമുക്കുള്ളതെന്നറിയുമ്പോള്‍ ദുഃഖംതോന്നുന്നു. അപാനവായു, ആമവാതം തുടങ്ങിയ അസ്‌ക്യതകള്‍ മൂലം ഒരു മണിക്കാര്‍ എണീറ്റുനില്‍ക്കാനാവാത്ത രാഷ്ട്രത്തലവനാണ് നമ്മുടേതെന്ന് വിദേശികളറിയുന്നത് നാണക്കേടല്ലേ. രാഷ്ട്രപതിക്ക് വയ്യെങ്കില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ താനുണ്ടല്ലോ എന്ന് ‘സര്‍വാംഗസ്ഥൂലശരീരിണാം’ സ്മൃതി ഇറാനിയുള്ളതു പോരേ. പോരാഞ്ഞ് പഴയസീരിയല്‍ നടിയും. കര്‍ണാടകയില്‍ യദിയൂരപ്പയ്ക്ക് ശോഭാകരന്തലേ എന്ന മാദകത്തിടമ്പുപോലെ സ്മൃതി മോഡിയുടെ ജോഡി. പക്ഷേ ബിജെപി ഭരിച്ചാല്‍ കനകസിംഹാസനത്തില്‍ ശുനകയും കയറിയിരുന്ന് അവാര്‍ഡുകള്‍ നല്‍കുമെന്ന് ഹതഭാഗ്യരായ ഭാരതീയജനതയ്ക്ക് ബോധ്യമായി. ഡോ. സര്‍വപ്പള്ളി രാധാകൃഷ്ണനെപോലെ ഭുവനപ്രസിദ്ധരായ വിദ്യാഭ്യാസവിചക്ഷണര്‍ നാടുവാണ നാട്ടിലാണ് വ്യാജ ഡിഗ്രിക്കാരിയായ സ്മൃതി ഇറാനിയും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് കയ്യാളിയത്.

സ്മൃതിയുടെ പൂര്‍വസൂരികളെക്കുറിച്ച് ചികഞ്ഞപ്പോഴാണ് മുന്‍ വിഡ്ഢിപ്പെട്ടിയിലെ ഈ മുന്‍നായികയുടെ മഹത്വം മനസിലായത്. നിലവില്‍ കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായ സ്മൃതി കയ്യാളുന്ന വകുപ്പുകള്‍ ഭരിച്ച മുന്‍ഗാമികളെല്ലാം മോഡിക്ക് ചീളുകേസുകള്‍. പ്രധാനമന്ത്രി നെഹ്രുവിന്റെ ആദ്യ മന്ത്രിസഭയില്‍ ഇന്ത്യയുടെ പ്രഥമവാര്‍ത്താവിതരണ മന്ത്രിയായിരുന്നത് സാക്ഷാല്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍. പിന്നീട് പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയും ഐ കെ ഗുജ്‌റാളും കെ ചന്ദ്രശേഖറും ഉപപ്രധാനമന്ത്രിയായിരുന്ന എല്‍ കെ അദ്വാനിയും സ്പീക്കറായിരുന്ന പി എ സംഗ്മയും ബി വി കേസ്‌കറും ആര്‍ ആര്‍ ദിവാകറും തുടങ്ങി ഇപ്പോഴത്തെ ഉപരാഷ്ട്രപതി വെങ്കയ്യാനായിഡു വരെ വാണരുളിയ കസേരയിലാണ് സ്മൃതി ഇറാനി ഇപ്പോള്‍ നിറഞ്ഞുതുളുമ്പിയിരിക്കുന്നത്. ‘ഈ നരകത്തീന്നെന്നെ കരകേറ്റീടണം തിരുവൈക്കം വാഴും ശിവശംഭോശംഭോ’ എന്നു കരഞ്ഞു പ്രാര്‍ഥിക്കുകയേ ഗതിയുള്ളു.
വയറിളക്കവും എയ്ഡ്‌സും വന്നു മരിക്കുന്നവര്‍ ധീരരക്തസാക്ഷികളാകുമൊ എന്നൊരു ശങ്ക. സംഘികളുടെ ഭാഷയില്‍ അവര്‍ ബലിദാനികള്‍. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം കത്തിക്കയറുന്നതിനിടയില്‍ രാഷ്ട്രീയ പ്രതിയോഗികളാല്‍ ബലിദാനികളായ 23 പേരുടെ പട്ടിക ബിജെപി പുറത്തുവിട്ടിരിക്കുന്നു. പട്ടിക തയാറാക്കി വാര്‍ത്താസമ്മേളനം വിളിച്ചു വെളിപ്പെടുത്തിയത് കര്‍ണാടക ബിജെപി രാഷ്ട്രീയത്തിലെ ‘മറ്റേകക്ഷി’യായ മേല്‍പറഞ്ഞ ശോഭാകരന്തലേ. മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയുടെ കൂട്ടുകാരിയായ ശോഭയ്ക്കുണ്ടോ തിരിഞ്ഞും പിരിഞ്ഞും നോക്കാന്‍. സംഭവം പുറത്തറിഞ്ഞതോടെ ബലിദാനികളില്‍ ഒരാള്‍ മരിച്ചത് എയ്ഡ്‌സ് ബാധിച്ചെന്ന് കണ്ടെത്തി. മദ്യപിച്ച് ലിവര്‍ തടിച്ചുപോയവരാണ് രണ്ട് ബലിദാനികളത്രെ. അതിസാരം, ക്ഷയം ഇത്യാദികളാല്‍ ബലിദാനികളായവരാണ് പട്ടികയില്‍ ഭൂരിപക്ഷം. എല്ലാം സഹിക്കാം. ഇതിനിടെ ഒരു ബലിദാനി ഒരു പത്രത്തിലൂടെ വിളിച്ചുകൂവുന്നു, എന്നെ ബലിദാനിയാക്കല്ലേ ഞാനിവിടെയുണ്ടെന്ന്. തല്ലുകൂടി കുറേനാള്‍ ആശുപത്രിയില്‍ കിടന്നശേഷം നാട്ടില്‍ നില്‍ക്കാന്‍ പറ്റാതായപ്പോള്‍ ദൂരെയെങ്ങാണ്ട് ഒരു ബാന്‍ഡു സംഘത്തോടൊപ്പം തപ്പും തകിലും കൊട്ടികഴിയുന്ന പയ്യന്റെ വിളി. എങ്കിലും ശോഭാകരന്തലേ ശോഭകളോടെ പറയുന്നു ഇല്ലാ, നീ മരിച്ചുകഴിഞ്ഞുവെന്ന്.

ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ദേവിക ഒരു സൂപ്പര്‍ വിഷയം എറിഞ്ഞതരുന്നു. മോഡി പറയുന്ന സത്യമേത് കള്ളമേത് എന്ന് ഗവേഷണം നടത്താന്‍ ഒരു വിഷയം ‘തെരഞ്ഞെടുപ്പുകാലത്തെ മോഡിയുടെ അസത്യകഥനങ്ങള്‍’ എന്നു വേണമെങ്കിലും വിഷയം മാറ്റാം. കരസേനാ മേധാവിയും കര്‍ണാടകയിലെ കുടകു സ്വദേശിയുമായ ജനറല്‍ കെ എസ് തിമ്മയ്യ ജനിക്കും മുമ്പ് അദ്ദേഹത്തെ പ്രധാനമന്ത്രി നെഹ്രുവും പ്രതിരോധമന്ത്രിയായിരുന്ന വി കെ കൃഷ്ണമേനോനും ചേര്‍ന്ന് തരംതാഴ്ത്തിയെന്നാണ് പ്രചാരണ യോഗത്തില്‍ മോഡി വച്ചു കീച്ചിയത്. ഇന്തോ-പാക് യുദ്ധകാലത്തായിരുന്നത്രേ സംഭവം. അന്നു കൃഷ്ണമേനോന്‍ പ്രതിരോധമന്ത്രിയല്ല ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍. തിമ്മയ്യയാകട്ടെ കരസേനാ മേധാവിയുമായിട്ടില്ല. നട്ടാല്‍ കുരുക്കാത്ത ഈ സത്യങ്ങള്‍ വിവരക്കേടുകൊണ്ട് പറയുന്നതാകാനേ തരമുള്ളൂ. മോഡിയാകുമ്പോള്‍ മറിച്ചു ചിന്തിക്കുന്നതല്ലേ ഭംഗികേട്.