Monday
23 Jul 2018

രണ്ട് ഗുജറാത്തികള്‍ അഥവാ ചെളിയട്ടയും ചെന്താമരയും

By: Web Desk | Monday 2 October 2017 2:38 AM IST

ഗുജറാത്തിലെ പോര്‍ബന്തറില്‍ 1869 ഒക്‌ടോബര്‍ രണ്ടിന് കരംചന്ദ് ഗാന്ധിയുടേയും പുത്തലിഭായിയുടെയും മകനായി ജനിച്ച നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 148-ാമത് ജന്മദിനമാണ് ഇന്ന്. ”ഞാനും ഗാന്ധിജിയുടെ നാട്ടുകാരനാണ്” എന്ന പ്രസ്താവനയോടെ തെരഞ്ഞെടുപ്പിനെ നേരിട്ട് സ്വതന്ത്രഭാരതത്തിന്റെ പ്രധാനമന്ത്രിയായ ഗുജറാത്തിയാണ് നരേന്ദ്രമോഡി. നരേന്ദ്രമോഡിയും ഗാന്ധിജിയും ഗുജറാത്തില്‍ ജനിച്ചവരാണ്; ‘ഞാനൊരു ഹിന്ദു’ ആണെന്നു പറയുന്ന പ്രകൃതമുള്ളവരാണ് തുടങ്ങിയ സാദൃശ്യങ്ങള്‍ ഒറ്റ നോട്ടത്തില്‍ ഉണ്ട്. എന്നാല്‍ അതേസമയം നരേന്ദ്രമോഡിയും മഹാത്മജിയും തമ്മില്‍ ചെളിയട്ടയും ചെന്താമരയും തമ്മിലുള്ള വ്യത്യാസമുണ്ട്. ഒരേ ചെളിക്കുളത്തില്‍ തന്നെയാണ് ചോരകുടിക്കുന്ന ചേറട്ടയും തേനും സുഗന്ധവും സൗന്ദര്യവും നിറഞ്ഞ ചെന്താമരയും ഉണ്ടാകുന്നത് എന്നതുകൊണ്ട് ചെളിയട്ടയും ചെന്താമരയും ഒരുപോലെയാകുന്നില്ല. ഇതുപോലെ ഗുജറാത്തിലാണ് ജനിച്ചത് എന്നതുകൊണ്ടുമാത്രം നരേന്ദ്രമോഡിയും മഹാത്മജിയും ഒരുപോലെയാകുന്നില്ല. ഗാന്ധിജിയും നരേന്ദ്രമോഡിയും വിഭാവനം ചെയ്ത ഇന്ത്യ ഒരുപോലെയുള്ളതല്ലെന്നു നാം ഭാരതീയര്‍ എല്ലാ പ്രകാരത്തിലും ഇപ്പോള്‍ തിരിച്ചറിഞ്ഞുവരുന്നു. ഈയൊരു അനുഭവപശ്ചാത്തലത്തില്‍ ഗാന്ധിജിയുടെ സ്മരണകള്‍ക്ക് സമകാലീനമായ രാഷ്ട്രീയപ്രാധാന്യം വളരെ കൂടുതലാണ്.
വര്‍ണാശ്രമവാദി എന്നും വികസന വിരോധി എന്നും ഒക്കെ പോലെ അംബേദ്ക്കറെപോലുള്ളവരാല്‍ അതിനിശിതഭാഷയില്‍ അധിക്ഷേപിക്കപ്പെട്ടിരുന്നെങ്കിലും ഗാന്ധിജി വൈവിധ്യങ്ങളുടെ ഭാരതത്തിന്റെ സംരക്ഷനായിരുന്നു. ഗാന്ധിജിയോളം ഭഗവദ്ഗീതയെ മാതൃതുല്യം ബഹുമാനിച്ചിരുന്ന മറ്റൊരു ബഹുജന നേതാവ് അക്കാലത്ത് ലോകത്തുതന്നെ ഉണ്ടായിരുന്നില്ല. എന്നിട്ടും ഗാന്ധിജി ഒരിക്കലും ഭഗവദ്ഗീത പൊതുവിദ്യാലയങ്ങളില്‍ നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന് പറഞ്ഞില്ലെന്നു മാത്രമല്ല; അങ്ങനെ പറഞ്ഞിരുന്നവരോട് പാടെ വിയോജിക്കുകയും ചെയ്തു. ഗാന്ധിജി എഴുതുന്നു ”ദേശീയ വിദ്യാലയങ്ങളില്‍ ഗീതാ അധ്യായനം വേണമെന്ന പിടിവാശി ശാഠ്യത്തോളമെത്തുന്നുണ്ട്. ഗീത ഒരു സാര്‍വലൗകിക മതഗ്രന്ഥമാണെന്നുള്ളത് സത്യമാണെങ്കിലും ഒരാളിലും ഗീതാപഠനം അടിച്ചേല്‍പ്പിക്കാന്‍ പാടില്ല. ക്രിസ്ത്യാനിക്കോ മുസല്‍മാനോ പാഴ്‌സിക്കോ ഈ ആവശ്യം തള്ളിക്കളയുകയും ബൈബിളോ, ഖുര്‍ആനോ, അവെസ്തയോ (പാഴ്‌സികളുടെ വേദഗ്രന്ഥം) പഠിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യാം. ഹിന്ദുക്കളില്‍ തന്നെ എല്ലാവരിലും ഗീതാപഠനം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. കാരണം, പല സിഖുമതക്കാരും ജൈനരും ഹിന്ദുക്കളായാണ് സ്വയം കരുതുന്നത്. എന്നാല്‍ അവരുടെ കുട്ടികള്‍ക്ക് നിര്‍ബന്ധമായും ഗീതാധ്യായനം നല്‍കുന്നതിനെ അവര്‍ എതിര്‍ത്തേക്കാം.” (യങ് ഇന്ത്യ-25-8-1927) അടിച്ചേല്‍പ്പിക്കലുകളെ ചെറുക്കുക, അഭിപ്രായ വൈവിധ്യങ്ങളെ പരിഗണിക്കുക എന്നതു ജനാധിപത്യവാദത്തിന്റെ അടിസ്ഥാന തത്വമാണ്. ഈ ജനാധിപത്യ തത്വം ഭഗവദ്ഗീത പൊതുവിദ്യാലയങ്ങളില്‍ നിര്‍ബന്ധിത പാഠ്യവിഷയമാക്കി അടിച്ചേല്‍പ്പിക്കുവാനുള്ള നീക്കത്തിനെതിരെ രംഗത്തുവന്നുകൊണ്ട് പരിപാലിച്ചു എന്നതിനാലാണ് ഗാന്ധിജി മതനിരപേക്ഷ ജനാധിപത്യ ഭാരതത്തിന്റെ രാഷ്ട്രപിതാവായി ബഹുമാനിക്കപ്പെടുവാന്‍ സര്‍വധാ യോഗ്യനായത്. ഇക്കാര്യം തിരിച്ചറിയാനുള്ള ജനാധിപത്യ ബോധം ഉണ്ടായിരുന്നെങ്കില്‍ ‘ഭഗവദ്ഗീത ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണം’ എന്നു പറയുവാന്‍ നരേന്ദ്രമോഡി മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയായ സുഷമാസ്വരാജിന് സാധിക്കുമായിരുന്നില്ല.
ഇരുട്ടിനെ ഭയന്നിരുന്ന ഒരു കുട്ടിക്കാലം മഹാത്മജിക്കുണ്ടായിരുന്നു. ‘രാമനാമം ജപിച്ചാല്‍ പേടിമാറും’ എന്നു കുഞ്ഞുഗാന്ധിയോട് ആദ്യം പറഞ്ഞത് അദ്ദേഹത്തിന്റെ വീട്ടിലെ വേലക്കാരിയായിരുന്നു. അങ്ങനെ കുരുന്നിലേ തന്നെ പേടി മാറാന്‍ രാമനാമജപം ശീലിച്ച ഗാന്ധിജി സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പേടി കൂടാതെ ജനങ്ങളെ അണിനിരത്തി പോരാടി ധീരനായി മാറി. ഗാന്ധിജിയുടെ രാമനാമജപം പേടി മാറ്റാനുള്ളതായിരുന്നു; ആരേയും പേടിപ്പെടുത്താനുള്ളതായിരുന്നില്ല. എന്നാല്‍ ഗാന്ധിജി പേടിമാറ്റാന്‍ ഉപയോഗിച്ച ‘രാമനാമം’ പേടിപ്പെടുത്താനും പേടി വളര്‍ത്താനുമുള്ള ‘ജയ്ശ്രീരാം’ ആക്രോശമാക്കി അധഃപതിപ്പിച്ചവരാണ് സംഘപരിവാര ഹിന്ദു രാഷ്ട്രവാദികള്‍. അതുകൊണ്ടാണ് ആര്‍എസ്എസിനെ ഐഎസ്‌ഐഎസിന്റെ പോലെ തന്നെ ഭീകരസംഘടനയുടെ പട്ടികയില്‍ അമേരിക്കന്‍ സര്‍ക്കാരിന് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തില്‍ പോലും ഉള്‍പ്പെടുത്തേണ്ടി വന്നത്. ‘രാമനാമ’ത്തെ പേടിപ്പെടുത്തുന്ന ഭീകരാക്രോശമാക്കിയ സംഘപരിവാര ഹിന്ദു രാഷ്ട്രവാദ ഫാസിസത്തിന്റെ പ്രചാരകനായ നരേന്ദ്രമോഡിക്ക്, രാമനാമത്തെ പേടിമാറ്റാന്‍ ഉപയോഗിച്ചു വിജയിച്ച ഗാന്ധിജിയുടെ വ്യക്തിത്വവുമായി കടലിനോട് കടലാടിക്കുള്ള ബന്ധം പോലും ഇല്ലെന്നതാണ് സത്യം. ഗാന്ധിജിയുടെ പേടി മാറ്റുന്ന ‘രാമനാമ’ത്തിനൊപ്പമാണോ നരേന്ദ്രമോഡിയുടെ പേടിപ്പെടുത്തുന്ന ‘ജയ്ശ്രീറാം’ ഭീകരാക്രോശത്തിനൊപ്പമാണോ സമാധാനത്തോടൊപ്പം നിലകൊള്ളാന്‍ ആഗ്രഹിക്കുന്നവരുടെ മനസ് എന്നതാണ് നമ്മുടെ ദേശീയത മറുപടി കണ്ടെത്തേണ്ട ഒരു പ്രധാന പ്രശ്‌നം.
ആതിര ഇസ്‌ലാം ആശ്ലേഷിച്ച് ആയിഷയായി പിന്നെ വീണ്ടും ആതിരയായി, അഖില ഇസ്‌ലാം ആശ്ലേഷിച്ചു ഹാദിയയായി; കോടതി ഇടപെടലിനെത്തുടര്‍ന്ന് അഖില എന്ന ഹാദിയ മാതാപിതാക്കള്‍ക്കൊപ്പം വീട്ടുതടങ്കലിലായി. ഇതൊക്കെയാണിപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. നോട്ട് നിരോധനം, സാമ്പത്തികമാന്ദ്യം, കര്‍ഷക ആത്മഹത്യകള്‍, ശിശുമരണം, പെട്രോള്‍, ഡീസല്‍ വിലവര്‍ധന എന്നിവയൊന്നും വേണ്ടത്ര ഗൗരവത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. ആതിര, അഖില എന്നിവരുടെ മതപരിവര്‍ത്തനം ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പശ്ചാത്തലത്തില്‍ ഇന്ത്യയൊട്ടാകെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഗാന്ധിജിയുടെ മകന്റെ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ടു ഗാന്ധിജി പറഞ്ഞതെന്തെന്നു കൂടി പരിശോധിക്കേണ്ടതുണ്ട്. ഗാന്ധിജി പറഞ്ഞു ”ഇതെല്ലാം എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്ന് തുറന്നു പറയാന്‍ എനിക്കൊരു മടിയും ഇല്ല. ഇക്കാര്യത്തില്‍ എനിക്ക് മതപരമായ ഒരാവേശവും ഇല്ല. ഹരിലാല്‍ ഇസ്‌ലാം മതം സ്വീകരിക്കുന്നതിന് ചുമതലയെടുത്തവര്‍ ഈ മാതിരിയുള്ള മതപരിവര്‍ത്തനത്തിന്റെ കാര്യത്തില്‍ പാലിക്കേണ്ട മുന്‍കരുതലുകളൊന്നും എടുത്തിട്ടില്ല എന്നാണെനിക്ക് തോന്നുന്നത്. ഹരിലാലിന്റെ മതത്യാഗം ഹിന്ദുമതത്തിനൊരു നഷ്ടമേയല്ല. ഇസ്‌ലാം മതം സ്വീകരിക്കുന്നതിനു മുമ്പ് അയാള്‍ എത്ര തകര്‍ന്ന മനുഷ്യനായിരുന്നോ അങ്ങനെ തന്നെ തുടരുകയാണിപ്പോഴും. മതപരിവര്‍ത്തനമെന്നതു ഒരു മനുഷ്യനെയും അവന്റെ ഹൃദയം അറിയുന്ന സ്രഷ്ടാവായ ഈശ്വരനെയും ബന്ധിക്കുന്ന ഒരു കാര്യമാണ്. ശുദ്ധമായ ഹൃദയത്തോടെയല്ലാതെ നടത്തുന്ന ഏതൊരു മതപരിവര്‍ത്തനവും എന്റെ അഭിപ്രായത്തില്‍ ഈശ്വര നിഷേധവും മതനിഷേധവുമാണ്. അയാള്‍ ഒരു യഥാര്‍ഥ ഈശ്വരഭക്തനായി മാറുകയാണെങ്കില്‍ അബ്ദുള്ളയെന്നോ ഹരിലാല്‍ എന്നോ അറിയപ്പെടുന്നതില്‍ എനിക്കൊരു വിരോധവും ഇല്ല” (ഗാന്ധി-അബ്ദുള്ള ഗാന്ധി-ഗോഡ്‌സേ-കെ എം റോയിയുടെ പുസ്തകം. പേജ് 22) മനുഷ്യനെ തകര്‍ച്ചയില്‍ നിന്നും വിമോചിപ്പിക്കുവാന്‍ പര്യാപ്തമല്ലാത്ത മതപരിവര്‍ത്തനവും മനുഷ്യനെ യഥാര്‍ഥ ഈശ്വരഭക്തനാക്കാത്ത മതപരിവര്‍ത്തനവും നിഷ്പ്രയോജനകരമാണെന്ന് സൂചിപ്പിക്കുകയല്ലാതെ, മതപരിവര്‍ത്തനത്തെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ ഗാന്ധിജി ആവേശഭരിതനാകുന്നില്ല. സ്വമതഭ്രാന്തമായ വൈകാരികാവേശം സ്വന്തം പുത്രനായ ഹരിലാലിന്റെ മതപരിവര്‍ത്തന വിഷയത്തില്‍ പോലും പ്രകടിപ്പിക്കാതെ വിവേകത്തിന്റെ സമചിത്തത പുലര്‍ത്തി എന്നതിനാലാണ് ഗാന്ധിജി മതസൗഹാര്‍ദഭാരതത്തിന്റെ രാഷ്ട്രപിതാവായത്. ഹരിലാല്‍ ഗാന്ധി എന്ന ഗാന്ധി പുത്രനെ അബ്ദുള്ള ഗാന്ധിയാക്കിയവര്‍ക്ക് വിവേകത്തിന്റെ സമചിത്തതയേക്കാള്‍ സ്വമത ഭ്രാന്തമായ വികാരാവേശമാണോ ഉണ്ടായിരുന്നതെന്നും അതുകൊണ്ട് ഇസ്‌ലാമിനു ഇന്ത്യയില്‍ ഉണ്ടായ നേട്ടം എന്തായിരുന്നു എന്നും ചര്‍ച്ച ചെയ്യേണ്ടതുണ്ട്; ഹാദിയാ വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഇന്നത്തെ സാഹചര്യത്തില്‍ പ്രതേ്യകിച്ചും.
കാര്‍ഷികാധിഷ്ഠിത സ്വയം പര്യാപ്ത ഗ്രാമങ്ങളെ ലക്ഷ്യം വച്ചുള്ള സാമ്പത്തിക സമീപനങ്ങള്‍ പുലര്‍ത്തിയ ഗാന്ധിജി കര്‍ഷകരുടെ ആത്മഹത്യകള്‍ പെരുകുന്ന ഇന്നത്തെ ഇന്ത്യയുടെ ആഗോളീകരണ-ഉദാരീകരണ സാമ്പത്തിക വ്യവസ്ഥയില്‍, ‘ഉപ്പു സത്യഗ്രഹ’ കാലത്തെന്ന പോലെ തന്നെ ഒരു വലിയ സ്വദേശി സമരപ്രതീകമാണ്. ഗാന്ധിജി എന്ന സമരപ്രതീകം ഗാന്ധിഘാതകനായ ഗോഡ്‌സേക്ക് ക്ഷേത്രം പണിയുന്ന ‘ദേശഭക്ത’രെയല്ല, ഇന്ത്യയിലെ കോടിക്കണക്കിന് ദരിദ്രനാരായണന്മാരുടെ പട്ടിണി മാറ്റാന്‍ പാടുപെടുന്ന കര്‍ഷകരുടെ ജീവന് സംരക്ഷണം ഉറപ്പാക്കുന്ന ദേശഭക്തരെയാണ് കര്‍മക്ഷേത്രത്തില്‍ ആരാധകരായി ആവശ്യപ്പെടുന്നത്.

Related News