Saturday
23 Jun 2018

സൈഡ് കൊടുത്തില്ല; ഗണേഷ് കുമാര്‍ യുവാവിനെ മര്‍ദ്ദിച്ചെന്ന് പരാതി

By: Web Desk | Wednesday 13 June 2018 3:52 PM IST

കൊല്ലം: കാറിന് കടന്നു പോകാന്‍ സൈഡ് കെടുത്തില്ലെന്ന് ആരോപിച്ച്‌ പത്തനാപുരം എംഎല്‍എ കെബി ഗണേശ് കുമാറും ഡ്രൈവറും മര്‍ദ്ദിച്ചെന്ന് യുവാവിന്‍റെ പരാതി. മര്‍ദ്ദനമേറ്റ 22കാരന്‍ അനന്തകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. അമ്മയുടെ മുന്നില്‍ വെച്ചു മര്‍ദ്ദിച്ച് അവശനാക്കിയെന്നാണ് പരാതി.

അഞ്ചല്‍ ശബരിഗിരിക്ക് സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎല്‍എയുടെ വാഹനം. ഇതേവീട്ടില്‍ നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവര്‍ സഞ്ചരിച്ച കാര്‍ ഗണേഷ് കുമാറിന്‍റെ കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ചാടിയിറങ്ങിയ എംഎല്‍എയും ഡ്രൈവറും യുവാവിനെ മര്‍ദിക്കുകയായിരുന്നു.

അനന്തകൃഷ്ണനെ അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രാഥമിക ചികില്‍സക്ക് ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, യുവാവ് തന്നെയാണ് മര്‍ദിച്ചതെന്ന് എംഎല്‍എയുടെ ഡ്രൈവര്‍ പറഞ്ഞു.