Sunday
23 Sep 2018

ജന്മദിനത്തില്‍ ഗൗരി ലങ്കേഷിന് സ്മരണാഞ്ജലി

By: Web Desk | Monday 29 January 2018 10:36 PM IST

ബംഗളുരുവില്‍ സംഘടിപ്പിച്ച ‘ഗൗരി ദിനം’ പരിപാടിയില്‍ ജിഗ്നേഷ് മേവാനി,
എച്ച് എസ് ദൊരെ സ്വാമി, കനയ്യ കുമാര്‍ തുടങ്ങിയവര്‍ ഗൗരി ലങ്കേഷിന്റെ സഹോദരി കവിതയ്‌ക്കൊപ്പം

ബംഗളുരു: കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ശബ്ദം നിലച്ചിട്ടില്ലെന്നും അത് കൂടുതല്‍ ശക്തി പ്രാപിക്കുകയാണുണ്ടായതെന്നും സുഹൃത്തും നടനുമായ പ്രകാശ് രാജ്. ഗൗരി ലങ്കേഷിന്റെ 56-ാം ജന്മ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഇന്നലെ ബംഗളുരുവില്‍ സംഘടിപ്പിച്ച ‘ഗൗരി ദിനം’ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ എല്ലാവരുടെയും ഉള്ളില്‍ ഗൗരി ഇന്നും ജീവിച്ചിരിപ്പുണ്ടെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.
സമൂഹത്തിന് വേണ്ടി, അനീതിക്കെതിരായി ആരൊക്കെ ശബ്ദിച്ചിട്ടുണ്ടോ അവര്‍ കൊല്ലപ്പെട്ടാലും അവരുടെ ശബ്ദം നിലയ്ക്കുകയില്ലെന്നും അത് വൃക്ഷം പോലെ പടര്‍ന്ന് പന്തലിക്കുമെന്നും ചരിത്രം തെളിയിച്ചിട്ടുണ്ടെന്ന് പ്രകാശ് രാജ് പറഞ്ഞു.

ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ മരണവും സമാന സംഭവമാണ്. വെമുലയുടെ ശബ്ദം നിലയ്ക്കുകയല്ല ഉണ്ടായത്. വെമുലയുടെ മരണത്തോടെയാണ് കനയ്യ കുമാര്‍, ഷെഹ്‌ല റാഷീദ് എന്നിവരുടെ ശബ്ദം ഉയര്‍ന്നുവന്നത്. അതുപോലെ തന്നെ ദളിതരുടെ മരണമാണ് ജിഗ്നേഷ് മേവാനി എന്ന നേതാവിനെ സൃഷ്ടിച്ചത്. ഇതിന് സമാനമായാണ് ഗൗരിയുടെ മരണത്തെ തുടര്‍ന്ന് തന്റെയും മറ്റ് നിരവധിപേരുടെയും ശബ്ദമുയര്‍ന്നതെന്നും പ്രകാശ് രാജ് പറഞ്ഞു. ഗൗരിയുമായി 35 വര്‍ഷത്തെ സൗഹൃദമാണ് തനിക്കുണ്ടായിരുന്നതെന്നും പ്രകാശ് രാജ് അനുസ്മരിച്ചു.

പരിപാടിയില്‍ സ്വാതന്ത്ര്യസമര സേനാനി എച്ച് എസ് ദൊരെ സ്വാമി, ജിഗ്നേഷ് മേവാനി, കനയ്യ കുമാര്‍, ഷെഹ്‌ല റാഷിദ്, ഉമര്‍ ഖാലിദ്, ഇറോം ശര്‍മിള എന്നിവരും പങ്കെടുത്തു.

Related News